ADVERTISEMENT

ആലപ്പുഴ ∙ മഴയെ തുടർന്ന് വെള്ളക്കെട്ടായി ബീച്ചിലെ വിജയ് പാർക്കും പരിസരവും. സമാന്തര ബൈപാസ് നിർമാണ പ്രവൃത്തികളുടെ ഭാഗമായി പാർക്കിനു സമീപത്തുണ്ടായിരുന്ന ഓട അടഞ്ഞതാണ് പാർക്കിനുള്ളിലും പാർക്കിന്റെ പ്രധാന കവാടത്തിനു മുന്നിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള പ്രധാന കാരണം. വെള്ളം ഒഴുകിപ്പോകാൻ പകരം സംവിധാനമില്ലാത്തതിനാൽ ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ടാണ്.

കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പാർക്കിനുള്ളിലും പ്രവേശന കവാടത്തിനു മുന്നിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ പാർക്കിനുള്ളിലെ താഴ്ന്ന പ്രദേശങ്ങളിൽ മുട്ടോളം വെള്ളമുണ്ടായിരുന്നു. തുടർന്ന് മോട്ടർ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത കളഞ്ഞ ശേഷമാണ് ആളുകളെ കയറ്റിയത്. വെള്ളക്കെട്ടിലൂടെ നടന്നു വേണം പാർക്കിലേക്ക് പ്രവേശിക്കാൻ. ഇതോടെ  പാർക്കിലെത്തിയ പലരും നിരാശരായി മടങ്ങി. 

ദിവസേന നൂറുകണക്കിന് പേരാണ് പാർക്കിലെത്തിയിരുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പാർക്കിലെത്തുന്നവരുടെ എണ്ണം പകുതിയിലധികം കുറഞ്ഞു. പാർക്ക് സ്ഥിതി ചെയ്യുന്നത് റോഡിൽ നിന്ന് മൂന്നടിയോളം താഴെയാണ്. സമാന്തര ബൈപാസിനായി പാർക്കിനു മുൻവശം കുഴിക്കുക കൂടി ചെയ്തതോടെ വെള്ളക്കെട്ട് രൂക്ഷമായി. റോഡിൽ നിന്നുള്ള വെള്ളവും താഴ്ന്ന പ്രദേശമായ ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. 

പാർക്കിന് അകത്തുള്ള വെള്ളം ഒഴുകിപ്പോകാൻ സമീപത്തുണ്ടായിരുന്ന ഓടയിലേക്ക് പൈപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഓട അടഞ്ഞതോടെ പുറത്തു നിന്നുള്ള വെള്ളം കൂടി അകത്തേക്ക് കയറുന്ന സ്ഥിതിയാണ്. പാർക്കിനുള്ളിലെ കുളം നിറഞ്ഞു കിടക്കുകയാണ്. ചുറ്റും വെള്ളക്കെട്ടായതോടെ കുളം തിരിച്ചറിയാൻ പ്രയാസമായതും വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. 

''സമാന്തര ബൈപാസ് നിർമാണത്തെ തുടർന്ന് ഓട അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ബൈപാസ് നിർമാണത്തിന്റെ ഭാഗമായി റോഡ് വീണ്ടും ഉയർത്തുന്നതോടെ വെള്ളക്കെട്ട് പ്രശ്നം ഇരട്ടിയാകും. വിഷയം ഡിടിപിസി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ''
-കെ.വാസുദേവൻ,  സൂപ്രണ്ട്, വിജയ് പാർക്ക് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com