നദിയിൽ ജല നിരപ്പ് താഴ്ന്നു; പുഞ്ചക്കൃഷി പുനരാരംഭിച്ചു
Mail This Article
ഹരിപ്പാട് ∙ കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുടങ്ങിയ പുഞ്ചക്കൃഷി പുനരാരംഭിച്ചു. വീയപുരം മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിലാണ് വിതയിറക്ക് ആരംഭിച്ചത്. ഒരാഴ്ച മുൻപ് വിതയിറക്കാനായി കർഷകർ വിത്ത് കെട്ടി കിളിർപ്പിച്ചിരുന്നു. മടവീഴ്ചയെ ഭയന്ന് കർഷകർ വിതയിറക്കിയില്ല. എന്നാൽ നദിയിൽ ജല നിരപ്പ് താഴ്ന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വിത ആരംഭിച്ചത്. ഡ്രം സീഡർ ഉപയോഗിച്ചും കർഷകർ വിത നടത്തുന്നുണ്ട്. പരമ്പരാഗതമായ വിതയ്ക്ക് ഏക്കറിന് 60 കിലോഗ്രാം വിത്ത് ഉപയോഗിക്കുമ്പോൾ ഡ്രം സീഡറിൽ ഏക്കറിന് 15 കിലോഗ്രാം വിത്ത് മതിയാകുമെന്ന പ്രത്യേകതയുമുണ്ട്.
ഡ്രം സീഡറിലെ സംഭരണികളിൽ വിത്ത് നിറച്ച ശേഷം പാടത്ത് കൂടി വലിച്ചാണ് വിതയ്ക്കുന്നത്. 365 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 165 കർഷകരാണ് കൃഷിയിറക്കുന്നത്. തുലാമാസം ആദ്യവാരത്തോടെ കൃഷിയിറക്ക് നടത്തുന്ന ഈ പാടശേഖരത്തിൽ ഒരു മാസത്തോളം വൈകിയാണ് ഇത്തവണ വിതയിറക്കിയത്.മാർച്ച് മാസം പകുതിക്കുള്ളിൽ വിളവെടുക്കാൻ കഴിയുകയാണെങ്കിൽ കാലാവസ്ഥാ വ്യതിയാനമോ വേനൽ മഴയോ കൂടാതെ വിളവെടുക്കാൻ കഴിയുമെന്നാണ് കർഷകർ വെളിപ്പെടുത്തുന്നത്. മാർച്ച് കഴിയുന്നതോടെ വേനൽ മഴയിൽ നെൽ ചെടികൾ നിലം പതിച്ചും കിളിർത്തും വലിയ നഷ്ടം കർഷകർക്കുണ്ടാകും.