ADVERTISEMENT

പൂച്ചാക്കൽ ∙ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് തവണക്കടവ് – വൈക്കം ഫെറിയിൽ ജലഗതാഗത വകുപ്പിന്റെ സ്പെഷൽ ബോട്ട് സർവീസ് തുടങ്ങി. ഇന്നലെ അഷ്ടമിക്കു മുൻപുള്ള ഞായറാഴ്ചയായതിനാൽ ഭക്തരുടെ വലിയ തിരക്കായിരുന്നു ബോട്ട് സർവീസിലും ക്ഷേത്രത്തിലും ഉണ്ടായിരുന്നത്. സ്പെഷലായി 2 ബോട്ട് ഉൾപ്പെടെ 5 ബോട്ടുകളാണ് ഫെറിയിൽ അഷ്ടമി സർവീസ് നടത്തുന്നത്. ഒരു ബോട്ട് സ്പെയറായും ഉണ്ടാകും. ഇന്നലെ മുതൽ 24 മണിക്കൂർ തുടർച്ചയായ ബോട്ട് സർവീസ് തുടങ്ങി. രാത്രി 9 മുതൽ രാവിലെ 5.30 വരെയുള്ള സർവീസിന് ഒരാൾക്ക് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. 

രാവിലെ 5.30 മുതൽ രാത്രി 9 വരെയുള്ള സർവീസിന് സാധാരണ നിരക്കായ 6 രൂപയാണ്. 6ന് രാവിലെ 7 വരെ 5 ബോട്ടുകളുടെ സ്പെഷൽ സർവീസ് തുടരും. പിന്നീട് സാധാരണ 3 ബോട്ടുകളുടെ സർവീസാണ് ഉണ്ടാകുക. അഷ്ടമി ഉത്സവത്തോ‌ട് അനുബന്ധിച്ച് തവണക്കടവിലേക്ക് കെഎസ്ആർടിസി – സ്വകാര്യ ബസുകൾ അധിക സർവീസ് നടത്തുന്നുണ്ട്. ബോട്ടിലേക്ക് ടിക്കറ്റ് എടുക്കാനുള്ള ഭക്തരുടെ തിരക്ക് ഫെറി റോഡിൽ തവണക്കടവ് വളവ് വരെ നീണ്ടു.

ബോട്ട് കയറുന്നിടത്ത് യാത്രക്കാർക്കായി ഇരിപ്പിടമുണ്ടെങ്കിലും ടിക്കറ്റ് വാങ്ങിച്ചവർക്കു മാത്രമേ ഇരിക്കാനാകൂ. ടിക്കറ്റ് വാങ്ങിച്ചയുടൻ ബോട്ട് വന്നു യാത്രക്കാർ കയറും. ടിക്കറ്റ് ലഭിക്കാനുള്ളവരാണ് റോഡിൽ വെയിലും മഴയുമേറ്റ് നിര നിൽക്കേണ്ടി വരുന്നത്. ഇതിന് പരിഹാരം വേണമെന്നുംഫെറിയിൽ രാത്രി കൂടുതൽ വെളിച്ചം വേണമെന്നും ശുചിമുറി നിശ്ചിത സമയങ്ങളിൽ വൃത്തിയാക്കണമെന്നും തിരക്ക് നിയന്ത്രിക്കാനും കുറ്റകൃത്യങ്ങൾ ഒഴിവാക്കാനും പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യവുമുണ്ട്.  നാളെ പുലർച്ചെ 4.30 മുതലാണ് അഷ്ടമി ദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com