ജനറൽ ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് അടർന്നു വീണു
Mail This Article
ആലപ്പുഴ∙ ജനറൽ ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് അടർന്നു വീണു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഫാർമസിക്ക് സമീപത്തെ കൂറ്റൻ സെപ്റ്റിക് ടാങ്കിന്റെ ഒരു വശം ഇടിഞ്ഞു താഴേക്ക് പതിച്ചത്. ആശുപത്രിയുടെ കിഴക്ക് ഭാഗത്തെ ഒപിയിൽ രോഗികൾ സഞ്ചരിക്കുന്ന വഴിക്ക് സമീപമാണ് സെപ്റ്റിക് ടാങ്ക് ഇടിഞ്ഞത്. സെപ്റ്റിക് ടാങ്കിന്റെ മുകളിലും പരിസര പ്രദേശങ്ങളിലും കാടു മൂടിയ അവസ്ഥയായിരുന്നു. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ ഈ ഭാഗത്തെ പുല്ല് വെട്ടി വൃത്തിയാക്കി അൽപസമയം കഴിഞ്ഞാണ് സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു വീണത്.
ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും നിരന്തരം സഞ്ചരിക്കുന്ന വഴി ആയതിനാൽ ഇടിഞ്ഞു വീണ ഭാഗം കയർ കെട്ടിത്തിരിച്ച് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു വീണ വിവരം ആശുപത്രി നടത്തിപ്പിന്റെ ചുമതലയുള്ള ആലപ്പുഴ നഗരസഭ അധികൃതരെ അറിയിച്ചതായും എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യ അറിയിച്ചു