നവകേരള സദസ്സിലേക്ക് ഹരിപ്പാട് ജനപ്രവാഹം; ലഭിച്ചത് 5927പരാതികൾ
Mail This Article
ഹരിപ്പാട് ∙ നവകേരള സദസ്സിലേക്ക് ഹരിപ്പാട് ജനപ്രവാഹം. പ്രധാന വേദിയിൽ 3ന് കലാപരിപാടികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആൾക്കാർ എത്തി തുടങ്ങിയിരുന്നു. വേദിയിൽ ചേർത്തല രാജേഷും ബിജു മല്ലാരിയും അവതരിപ്പിക്കുന്ന വയലിൻ - ഫ്ലൂട്ട് ഫ്യൂഷനാണ് നടന്നത്. ചെറിയ ചാറ്റൽ മഴ ആശങ്കയുണ്ടാക്കിയെങ്കിലും മന്ത്രിമാർ എത്തുന്നതിനു മുൻപ് മഴ പൂർണമായും മാറി. 5.45ന് മന്ത്രിമാരായ അഹമ്മദ് ദേവൻ കോവിൽ, പി.രാജീവ്, ജെ. ചിഞ്ചുറാണി എന്നിവർ വേദിയിലെത്തിയതോടെയാണ് സദസ്സിന് തുടക്കമായത്. 7.45ന് മുഖ്യമന്ത്രി സഞ്ചരിച്ച ബസ് എത്തി. ഇതോടെ പി.രാജീവ് പ്രസംഗം നിർത്തി. മുഖ്യമന്ത്രി സദസ്സിനു മധ്യത്തിലൂടെ നടന്നാണ് വേദിയിലെത്തിയത്. എ.എം.ആരിഫ് എംപി പ്രസംഗിച്ചു കഴിഞ്ഞ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങി. 25 മിനിറ്റ് മുഖ്യമന്ത്രി പ്രസംഗിച്ചു. തിരിച്ച് വേദിക്കു സമീപം എത്തിച്ച ഒന്നാം നമ്പർ ഒൗദ്യോഗിക കാറിലാണ് എൻടിപിസി ഗെസ്റ്റ് ഹൗസിലേക്ക് പോയത്. മന്ത്രിമാരാണ് ബസിൽ യാത്ര ചെയ്തത്.
ലഭിച്ചത് 5927പരാതികൾ
ഹരിപ്പാട് ∙ നവകേരള സദസ്സിൽ നിവേദനവുമായി ജനങ്ങൾ. 5927പരാതികളാണ് ലഭിച്ചത്. വൈകിട്ട് മൂന്നു മുതലാണ് ഗവ. ബോയ്സ് ഹൈസ്കൂളിലെ 20 കൗണ്ടറുകളിൽ പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. ഒാരോ കൗണ്ടറിലും 3 ഉദ്യോഗസ്ഥരാണ് പരാതികൾ സ്വീകരിച്ചത്. അവരെ സഹായിക്കാൻ വൊളന്റിയർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. നിവേദനം നൽകാൻ ആളുകൾ നേരത്തെ എത്തിയിരുന്നു. അംഗപരിമിതർക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക കൗണ്ടർ സജ്ജമാക്കിയിരുന്നു. തഹസിൽദാർ പി.എ. സജീവ് കുമാറിന്റെ നേതൃത്വത്തിൽ എൺപതോളം ഉദ്യോഗസ്ഥർ നേതൃത്വം നൽകി.