ലഹരിക്കേസുകളിൽ വൻ വർധന; മൂന്നു വർഷത്തിനിടെ മൂന്നിരട്ടി
Mail This Article
ആലപ്പുഴ∙ ജില്ലയിൽ എക്സൈസ് റജിസ്റ്റർ ചെയ്ത ലഹരിക്കേസുകളുടെ എണ്ണത്തിൽ റെക്കോർഡിട്ട് 2023. മുൻ വർഷങ്ങളെക്കാൾ ലഹരിക്കേസുകൾ കൂടി. 2023ൽ 746 ലഹരിക്കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത്. മുൻ വർഷങ്ങളിൽ എഴുന്നൂറിൽ താഴെ മാത്രം ലഹരിക്കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത്. 2020ൽ ആകെ 256 കേസുകൾ മാത്രം ഉണ്ടായിരുന്നിടത്ത്, മൂന്നു വർഷത്തിനിടെ കേസുകൾ മൂന്നിരട്ടിയായി. 2023ൽ കഞ്ചാവ് മുതൽ മാരക ലഹരിയായ ഡയസെപാം വരെ പിടിച്ചെടുത്ത കേസുകളുണ്ട്. മെഡിക്കൽ സ്റ്റോറിന്റെ പേരിൽ ഓൺലൈൻ വഴി ഓർഡർ ചെയ്താണു ഡയസെപാം ജില്ലയിൽ എത്തിച്ചത്. ചേപ്പാട്ട് ദേശീയപാതയോരത്തെ വീട്ടിൽ വൻ സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നിന്നു 400 ലീറ്റർ വ്യാജമദ്യമാണു പിടിച്ചെടുത്തത്.
2020ൽ രണ്ടു കഞ്ചാവ് ചെടിയാണ് പിടിച്ചതെങ്കിൽ ഈ വർഷം അതു 38 ആയി. കഞ്ചാവ്– 130.94 ഗ്രാം, സിന്തറ്റിക് ലഹരിയായ മെത്താഫിറ്റമിൻ– 36.64 ഗ്രാം, എംഡിഎംഎ– 99.94 ഗ്രാം, ഹെറോയിൻ– 0.11 ഗ്രാം, ഹഷീഷ് ഓയിൽ– 138.63 ഗ്രാം, ബ്രൗൺ ഷുഗർ– 1.68 ഗ്രാം, ഡയസെപാം ആംപ്യൂൾ– ഒരു ലീറ്റർ, ലഹരി ഗുളികകൾ– 36.31 ഗ്രാം തുടങ്ങിയവയാണ് ഈ വർഷം ഇതുവരെ പിടിച്ചെടുത്തത്. ഇതിനു പുറമേ 669.60 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും എക്സൈസ് പിടികൂടി. 2906 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 798 ലീറ്റർ ചാരായം, 13,267 ലീറ്റർ വാഷ്, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച 62.5 ലീറ്റർ മദ്യം, 416 ലീറ്റർ വ്യാജമദ്യം, 2135 ലീറ്റർ സ്പിരിറ്റ് എന്നിവ പിടിച്ചെടുത്തു. വിവിധ കേസുകളിലായി 65 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.