ഇരുപത്തെട്ടിൽക്കടവ് പാലം; അപ്രോച്ച് റോഡിന് സമീപം തകർന്ന ഭിത്തി പുനർനിർമിക്കുന്നു
Mail This Article
ഹരിപ്പാട് ∙ പള്ളിപ്പാട് ഇരുപത്തെട്ടിൽക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനു സമീപം തകർന്ന സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി. 17 ലക്ഷം രൂപ മുടക്കിയാണ് സംരക്ഷണ ഭിത്തി പുനർനിർമിക്കുന്നത്. അച്ചൻകോവിലാറിന്റെ ഇരു കരകളിലുമായി 42 മീറ്ററോളം നീളത്തിലാണ് സംരക്ഷണ ഭിത്തിയുടെ നിർമാണം നടക്കുന്നത്. കാലവർഷക്കാലത്ത് കിഴക്കൻ വെള്ളത്തിനെപ്പം എത്തുന്ന മരങ്ങളും മാലിന്യവും പാലത്തിന്റെ തൂണുകളിൽ അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്നതാണ് ഭിത്തി വീഴാൻ കാരണമായത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് മാലിന്യം അടിഞ്ഞ് പാലത്തിനു തന്നെ ബലക്ഷയമുണ്ടായി.
അച്ചൻ കോവിലാറ്റിലെ ഒഴുക്കിനു മാലിന്യം തടസ്സമായതോടെ വെള്ളം സമീപ സ്ഥലങ്ങളിലേക്ക് ഒഴുകി. ഇതോടെ പാലത്തിന്റെ ഇരു കരകളിലുമുള്ള അപ്രോച്ച് റോഡുകളുടെ കരിങ്കൽ കെട്ടുകൾ തകർന്നു വീണു. പാലത്തിനു ബലക്ഷയമുണ്ടായതോടെ പഞ്ചായത്ത് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു.
പാലത്തിന്റെ തൂണുകൾ അടുത്തടുത്തായത് അച്ചൻകോവിലാറിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ വേഗം അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടാൻ കാരണമാകുന്നുണ്ട്. മാലിന്യം അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇരുപത്തെട്ടിൽ കടവിലെ ചെറിയ പാലം പൊളിച്ച് പുതിയ പാലം നിർമിക്കണമെന്നു കാണിച്ച് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് സംസ്ഥാന ബജറ്റിൽ ഇരുപത്തെട്ടിൽക്കടവ് പാലത്തിന്റെ നിർമാണത്തിന് 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.