പേരിശേരി റെയിൽവേ അടിപ്പാത നവീകരണം; ഗ്രീൻ സിഗ്നൽ
Mail This Article
ചെങ്ങന്നൂർ∙ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ എംകെ റോഡിൽ ചെങ്ങന്നൂർ പേരിശേരി റെയിൽവേ അടിപ്പാതയുടെ നവീകരണപ്രവർത്തനങ്ങൾ നടത്തുന്നു. മാവേലിക്കര ഭാഗത്തു നിന്നു ചെങ്ങന്നൂരിലേക്കു വാഹനങ്ങൾ എത്തുന്നിടത്താണ് അറ്റകുറ്റപ്പണി നടത്തുക. ഈ ഭാഗത്തു പൂട്ടുകട്ടകൾ ഇളകി കുഴികൾ രൂപപ്പെട്ടിരുന്നു. വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ്. പൂട്ടുകട്ടകൾ ഇളക്കി മാറ്റി അടിപ്പാത കോൺക്രീറ്റ് ചെയ്യുമെന്നു പിഡബ്ല്യുഡി അസി.എക്സിക്യൂട്ടീവ് എൻജിനീയർ എസ്.അഭിലാഷ് പറഞ്ഞു. മറുഭാഗത്ത് വലിയ പ്രശ്നങ്ങളില്ലാത്തതിനാൽ തൽക്കാലം അറ്റകുറ്റപ്പണി ഉണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം അടിപ്പാതയുടെ മുകളിൽ നിന്നുള്ള ചോർച്ചയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല. അടിപ്പാതയിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ മേൽ ഇപ്പോഴും വെള്ളം വീഴുന്നുണ്ട്. കഴിഞ്ഞ മാസം ഇതിനായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ചോർച്ച നിലച്ചിട്ടില്ല. ഈ പ്രശ്നത്തിനും പരിഹാരം വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ഗതാഗതനിയന്ത്രണം
അടിപ്പാതയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ 12 മുതൽ 29 വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മാവേലിക്കര ഭാഗത്തു നിന്നു ചെങ്ങന്നൂരേക്കു വരുന്ന വാഹനങ്ങൾ പേരിശേരി ഗ്രേസ് തിയറ്റർ റോഡ് വഴി എംസി റോഡിൽ പ്രവേശിക്കണമെന്ന് പിഡബ്ല്യുഡി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.