ചന്തിരൂരിൽ ചേരിതിരിഞ്ഞ് സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു
Mail This Article
തുറവൂർ ∙ ചന്തിരൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു. മുൻവൈരാഗ്യത്തെ തുടർന്നു ചേരിതിരിഞ്ഞുള്ള സംഘട്ടനത്തിനിടെ സുഹൃത്തിനെ മർദിക്കുന്നതു കണ്ടു പിടിച്ചുമാറ്റാൻ ചെന്ന അരൂർ കണ്ടോത്ത് സിബിയുടെ മകൻ ആൽബിനാണ് (22) കുത്തേറ്റത്. ആൽബിനെ ഗുരുതര പരുക്കോടെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂർ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ചന്തിരൂർ കുമർത്തുപടി ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടതിനെ തുടർന്നുണ്ടായ ബഹളങ്ങൾക്കിടെയാണ് യുവാവിനു കുത്തേറ്റത്. യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചു. സംഭവത്തിൽ പങ്കുള്ളവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. കുത്തേറ്റ ആൽബിൻ ചേർത്തല എൻഎസ്എസ് കോളജിൽ ബിരുദ വിദ്യാർഥിയാണ്. ദിവസങ്ങൾക്കു മുൻപ് യുവാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സംഘർഷമെന്ന് പൊലീസ് പറഞ്ഞു.