ദേശീയപാതയിലൂടെ 2 കിലോമീറ്ററോളം ഓട്ടം; നാട്ടുകാരെ വിറപ്പിച്ച ആനയെ കൊണ്ടുപോയി
Mail This Article
തുറവൂർ ∙ വിരണ്ടോടി മണിക്കൂറോളം ജനങ്ങളെ ഭീതിയിലാക്കിയ ആനയെ ബുധനാഴ്ച പുലർച്ചെ കൊല്ലത്തേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി 9.30ന് ആണ് ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളത്തിനു ശേഷം തളയ്ക്കാനായി കൊണ്ടുപോയ ആന ഒന്നാം പാപ്പാൻ സജിയെ തട്ടി വീഴ്ത്തി ഓടിയത്. ആനയുടെ നെറ്റിപ്പട്ടം അഴിക്കാൻ കയറിയ രണ്ടാം പപ്പൻ ചാലക്കുടി സ്വദേശി സൂരജ് വിരണ്ട ആനയുടെ മുകളിൽ ഈ സമയം ഉണ്ടായിരുന്നു. അരമണിക്കൂറോളം ആന ക്ഷേത്ര പുരയിടത്തിൽ കറങ്ങി നടന്നു. ആന വിരണ്ടതറിഞ്ഞ് ക്ഷേത്രത്തിലുണ്ടായിരുന്ന ജനം ചിതറിയോടി.
എന്നാൽ ആർക്കും പരുക്കില്ല. പിന്നീട് പല മേഖലകളിൽ നിന്നു ജനം ഒഴുകിയെത്തിയതോടെ ആന ക്ഷേത്രത്തിൽ നിന്നിറങ്ങി ദേശീയപാതയിലൂടെ 2 കിലോമീറ്ററോളം ഓടി. പാപ്പാൻമാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന കൂടുതൽ പ്രകോപിതനായി. ആന ദേശീയപാതയിൽ നിലയുറപ്പിച്ചതോടെ പൊലീസും അരൂർ അഗ്നിരക്ഷാസേനയിൽ നിന്നുള്ള ജീവനക്കാരും ചേർന്ന് നാലുവരിപ്പാതയിലെ ഇരുവശത്തെയും ഗതാഗതം തടഞ്ഞു.
3 മണിക്കൂറോളം ചേർത്തല – അരൂർ പാതയിലെ ഗതാഗതം മുടങ്ങി. ആന നാലുവരിപ്പാതയിലെ പടിഞ്ഞാറു ഭാഗത്ത് ചേർത്തല– അരൂർ പാതയിൽ നിലയുറപ്പിച്ചതോടെ അരൂരിൽ നിന്നു ചേർത്തല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കടത്തി വിടാനായി. 12.15 ഓടെ അരൂർ പെട്രോൾ പമ്പിന് വടക്കുഭാഗത്തുള്ള കടയ്ക്കു മുന്നിലായി നിന്ന ആനയെ പിൻ കാലിൽ വടം ഉപയോഗിച്ച് കെട്ടി. ഇതിനിടെ ആനയുടെ മുകളിലുണ്ടായിരുന്ന രണ്ടാം പാപ്പാൻ സൂരജ് ഉൗർന്നിറങ്ങി. പിന്നീട് പഴവും ശർക്കരയും മറ്റും നൽകി ആനയെ അനുനയിപ്പിച്ച് പുലർച്ചെ രണ്ടോടെ ലോറിയിൽ കയറ്റിക്കൊണ്ടുപോയി.