ADVERTISEMENT

മാവേലിക്കര ∙ പരിമിതികളുടെ നടുവിൽ കണ്ടിയൂർ കാളച്ചന്തയിൽ നടക്കുന്ന മോട്ടർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് , ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനു പുതിയ പരിഷ്കാരം വരുന്നതോടെ  സൗകര്യപ്രദമായ മറ്റു സ്ഥലത്തേക്ക് മാറ്റുമെന്ന് ആശങ്ക . മുൻപു കാളച്ചന്ത നടന്നിരുന്ന , നഗരസഭയുടെ ഇപ്പോഴത്തെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വളപ്പിലാണു ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിനായി ഇവിടെ എത്തുന്നവരും  ഉദ്യോഗസ്ഥരും അസൗകര്യങ്ങളുടെ നടുവിലാണു ക്രമീകരണം ചെയ്യുന്നത്.

സ്വകാര്യ വ്യക്തിയുടെ കടയുടെ ഒരു ഭാഗത്ത് കസേരയിട്ട് ഇരുന്നാണ് ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിക്കുന്നത്. ടെസ്റ്റിനായി എത്തുന്നവർ മഴയും വെയിലും കൊണ്ടാണു രേഖകളുടെ പരിശോധനയ്ക്ക് ഊഴം കാത്തുനിൽക്കുന്നത്. തുടർന്നു വാഹനം ഓടിച്ചു കാണിക്കുന്നതിനായി വെയിലത്തു കാത്തിരിക്കണം. ഇവിടെയും ഉദ്യോഗസ്ഥൻ സമീപത്തെ സ്ഥാപനത്തിൽ നിന്നെടുത്ത പ്ലാസ്റ്റിക് മേശയും കസേരയും ഇട്ടു ജോലി ചെയ്യുന്ന സാഹചര്യമാണ്. വെയിൽ കഠിനമായാൽ സമീപത്തെ മരത്തണലിൽ മാറിയിരിക്കണം.

മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരുന്ന സ്ഥലത്ത് എത്തുന്നവർക്കു ശുചിമുറി പോലും ഇല്ല. നഗരസഭ നിർമിച്ച ശുചിമുറി ഉണ്ടെങ്കിലും താഴിട്ടു പൂട്ടി. തെരുവുനായ്ക്കളുടെ ശല്യം മൂലം ഭയപ്പാടോടെയാണു എല്ലാവരും ഇവിടെ നിൽക്കുന്നത്.ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സ്ഥലത്തിന്റെ വാടക ഡ്രൈവിങ് സ്കൂൾ ഉടമകളാണു നൽകുന്നത്. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനു പുതിയ പരിഷ്കാരം വരുമ്പോൾ നിലവിലെ സ്ഥലത്തു അതിനാവശ്യമായ നിർമാണം നടത്താൻ നഗരസഭ അനുമതി നൽകാൻ സാധ്യതയില്ല.

കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ഇവിടെ ക്രമീകരണം നടത്തുന്നതിനു രൂപരേഖ തയാറാക്കിയെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥതാവവകാശം സംബന്ധിച്ച് ഉണ്ടാകാവുന്ന അനിശ്ചിതത്വം പദ്ധതിക്കു വിഘാതമാകും. പ്രദേശത്തെ കുട്ടികളുടെ കളിസ്ഥലം കൂടിയായ സ്ഥലത്തു നിർമാണം നടത്താനും സാധിക്കില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ പരിഷ്കാരം അനുസരിച്ചുള്ള ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ സംസ്ഥാനമൊട്ടാകെ ക്രമീകരിക്കാൻ സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകാനുള്ള നീക്കം അണിയറയിൽ നടക്കുന്നതായി പരാതി ഉയരുന്നുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തു താലൂക്ക് തലങ്ങളിൽ പൊതുവായ ഡ്രൈവിങ് ടെസ്റ്റ് സ്ഥലം മോട്ടർ വാഹന വകുപ്പ് തയാറാക്കണം. ഡ്രൈവിങ് പരിശീലനം നടത്താൻ എത്തുന്ന ഡ്രൈവിങ് സ്കൂളിൽ നിന്നു നിശ്ചിത തുക ഈടാക്കിയാൽ സർക്കാരിനു വരുമാനവും ലഭിക്കും. പതിനായിരത്തിലധികം വരുന്ന ഡ്രൈവിങ് സ്കൂളുകളെ ആശ്രയിച്ചു കഴിയുന്നവരുടെ കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന പരിഷ്കാരം നടപ്പിലാക്കുന്നതിനു മുൻപ് ഡ്രൈവിങ് സ്കൂൾ ഉടമകളെ കേൾക്കാനും ബന്ധപ്പെട്ടവർ തയാറാകണം.എം.ബാഹുലേയൻ, സംസ്ഥാന പ്രസിഡന്റ്, കേരള സ്റ്റേറ്റ് മോട്ടർ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com