ADVERTISEMENT

കുട്ടനാട് ∙ എസി റോഡ് നവീകരണത്തോടനുബന്ധിച്ചുള്ള ടാറിങ് ജോലികൾ അവസാന ഘട്ടത്തിലെത്തി. ഒന്നാങ്കര ഭാഗത്തെ ടാറിങ് ജോലികളും ഇന്നലെ പൂർത്തിയായി. പണ്ടാരക്കളം, പള്ളാത്തുരുത്തി ഭാഗങ്ങളിലാണ് ഇനി ടാറിങ് ജോലികൾ അടക്കം പൂർത്തിയാകാനുള്ളത്. ഒരു വശത്തുകൂടി ഗതാഗതം നിയന്ത്രിച്ചാണ് ഇന്നലെ ഒന്നാങ്കരിയിൽ ടാറിങ് ജോലികൾ നടത്തിയത്. ഇവിടെ മേൽപാലത്തിലടക്കം ടാറിങ് പൂർത്തിയാക്കി. വാഹന ഗതാഗതം നിയന്ത്രിച്ചതായുള്ള അറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഒട്ടേറെ വാഹനങ്ങളാണ് ഇന്നലെ നിർമാണ സ്ഥലത്തുകൂടി കടന്നു പോയത്. ഇതുമൂലം ഏറെ നേരം ഗതാഗത കുരുക്ക് നേരിട്ടു. 

ചില സമയങ്ങളിൽ ഒന്നാങ്കര മേൽപാലത്തിന്റെ പടിഞ്ഞാറു ഭാഗം മുതൽ മങ്കൊമ്പ് മേൽപാലം വരെ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. പള്ളാത്തുരുത്തിയിൽ പൈലിങ് ജോലികൾ അടക്കം തടസ്സമില്ലാതെ നടക്കുന്നുണ്ടെങ്കിലും പണ്ടാരക്കളം മേൽപാലത്തിന്റെ നിർമാണം നിലച്ചു കിടക്കുകയാണ്. മേൽപാലത്തിന്റെ അടിയിൽ നെല്ലു കയറ്റുന്ന ലോറികൾ അടക്കം കയറ്റി ഇടണമെന്നു നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള ഡിസൈനിൽ മാറ്റം വരുത്തേണ്ടി വന്നതാണു പ്രതിസന്ധി സൃഷ്ടിച്ചത്. 

ഡിസൈനിൽ മാറ്റം വരുത്തിയതോടെ പാലത്തിനു മുകളിൽ കൂടി കടന്നു പോകുന്ന ഇലക്ട്രിക് ലൈൻ ഗതാഗതത്തിനു തടസ്സമായി. ലൈൻ ഉയർത്തി നിർമിക്കാനുള്ള ഫണ്ട് അടക്കം കെഎസ്ഇബിയിൽ അടച്ചെങ്കിലും ഇലക്ട്രിക് തൂണു സ്ഥാപിക്കേണ്ട സ്ഥലത്തിന്റെ ഉടമ കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയതോടെയാണ് നിർമാണം നിലച്ചത്. 

ഇലക്ട്രിക് ലൈൻ ഉയർത്താതെ മേൽപാലത്തിലെ ജോലികൾ പൂർത്തിയാക്കാനോ വാഹനങ്ങൾ കടത്തി വിടുവാനോ സാധിക്കുകയില്ല.  നിലവിൽ പാലത്തിന് അടിയിലൂടെയുള്ള ഒറ്റവരി പാതയിലൂടെയാണു ഗതാഗതം. തിരക്കുള്ള സമയങ്ങളിൽ ഒറ്റവരി പാതയിൽ അര മണിക്കൂർ വരെ വാഹനങ്ങൾ കുരുക്കിൽ അകപ്പെടുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com