ആലപ്പുഴ പുതിയ ബൈപാസ്: ആകെ 350 ഗർഡറുകൾ; 21 ഗർഡറുകൾ സ്ഥാപിച്ചു
Mail This Article
ആലപ്പുഴ∙ ആലപ്പുഴ ബൈപാസിനു സമാന്തരമായി നിർമിക്കുന്ന പുതിയ ബൈപാസിന്റെ 21 ഗർഡറുകൾ സ്ഥാപിച്ചു. കൊമ്മാടിക്ക് സമീപത്തും ആലപ്പുഴ ബീച്ചിനു സമീപത്തുമാണ് ഗർഡർ സ്ഥാപിക്കൽ പൂർത്തിയായത്. നിലവിൽ വിജയ പാർക്കിനു സമീപത്ത് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. ചൂടു വർധിച്ചതും ഈസ്റ്റർ, റമസാൻ പ്രമാണിച്ച് നിർമാണത്തിലേർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയതും നിർമാണ പ്രവൃത്തിയുടെ വേഗം കുറച്ചിട്ടുണ്ട്.
പുതിയ ബൈപാസിന് ആകെ 350 ഗർഡറുകളാണുള്ളത്. പ്രയാസമേറിയ ജോലി ആയതിനാൽ ഗർഡർ സ്ഥാപിക്കാൻ മാത്രം മാസങ്ങൾ വേണ്ടിവരും. കളർകോട് ഭാഗത്തും മാളികമുക്ക് ഭാഗത്തും തൂണുകളുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭാഗത്ത് റെയിൽവേ ലൈനിന് മുകളിലൂടെ നിർമാണം നടത്താൻ റെയിൽവേയുടെ അനുമതി ലഭിക്കാൻ വൈകിയതാണ് ഇവിടെ നിർമാണം വൈകാനുള്ള കാരണം. തൂണുകളുടെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവിടെയും ഗർഡർ സ്ഥാപിക്കും.
96 തൂണുകളിൽ 80 തൂണുകളുടെ നിർമാണം പൂർത്തിയായി. ഗർഡറുകൾ സ്ഥാപിച്ച ശേഷം റൂഫ് സ്ലാബ് നിർമാണമാണ് അടുത്ത ഘട്ടം. നാലു ഗർഡറുകളാണ് ഒരു സ്പാനിൽ സമാന്തരമായി സ്ഥാപിക്കുക. അതിന് മുകളിലാണ് റൂഫ് സ്ലാബ് വരുന്നത്. ബൈപാസ് പാലത്തിൽ നിലവിൽ 12 മീറ്റർ വീതിയിലുള്ള രണ്ടുവരിപ്പാതയാണ് ഉള്ളത്. 14 മീറ്റർ വീതിയിൽ മൂന്നു വരി പാത കൂടി സമാന്തരമായി വരുന്നതോടെ ആകെ അഞ്ചുവരിപ്പാതയാകും. 6.8 കിലോ മീറ്ററാണ് ബൈപാസിന്റെ ആകെ നീളം. ഇതിൽ 3.43 കിലോ മീറ്റർ ഉയരപ്പാതയാണ്. ജൂലൈയിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് നിർമാണക്കമ്പനി അവകാശപ്പെടുന്നത്.