സത്യൻ വധക്കേസ്: ഉൾപ്പാർട്ടി പ്രശ്നങ്ങളിലെ സിപിഎം നിലപാട് ‘പ്രശ്നങ്ങൾ പരിഹരിക്കാം; വെല്ലുവിളി വേണ്ട’
Mail This Article
ആലപ്പുഴ ∙ സിപിഎമ്മിനെതിരെ പാർട്ടിയുടെ ജില്ലാ പഞ്ചായത്തംഗം കൊലപാതക ആരോപണം ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നു. അതേസമയം, പാർട്ടിയെ വെല്ലുവിളിക്കുന്നവരോടു വിട്ടുവീഴ്ചയില്ലെന്ന സന്ദേശം മന്ത്രി നൽകുകയും ചെയ്തു.
പാർട്ടി വിടുന്നതായി സംസ്ഥാന സെക്രട്ടറിക്കു കത്തു നൽകുകയും പിന്നാലെ ബിഡിജെഎസ് നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്ത ഏരിയ കമ്മിറ്റിയംഗം കെ.എൽ. പ്രസന്ന കുമാരി ഇന്നലെ സജി ചെറിയാന്റെ നേതൃത്വത്തിൽ ചേർന്ന പത്തിയൂർ മേഖലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. പ്രസന്ന കുമാരിയുടെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി.ബാബു ഇന്നു മുതൽ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഇറങ്ങുമെന്നാണു വിവരം.
കോൺഗ്രസ് പ്രവർത്തകനായ കളീക്കൽ സത്യന്റെ കൊലപാതകം പാർട്ടി ആലോചിച്ചു നടത്തിയതാണെന്നു പരാമർശിച്ചു ബിപിൻ സംസ്ഥാന സെക്രട്ടറിക്കു നൽകിയ കത്തു പുറത്തായതോടെയാണു തിരഞ്ഞെടുപ്പു കാലത്തു പാർട്ടി വെട്ടിലായത്. എന്നാൽ, കൊലപാതകത്തിന്റെ കാര്യം പറഞ്ഞും രാജി വച്ചും ഭീഷണിപ്പെടുത്തേണ്ടെന്നു സജി ചെറിയാൻ യോഗത്തിൽ കർശനമായി പറഞ്ഞു. ഭീഷണിയൊന്നും പാർട്ടിയോടു വേണ്ടെന്ന മന്ത്രിയുടെ താക്കീത് ഒരേസമയം ബിപിനും പ്രസന്ന കുമാരിക്കും ബാധകമാകുന്നു.
സത്യൻ വധക്കേസിൽ ബിപിനെ പ്രതിയാക്കിയതു പാർട്ടിയല്ലെന്നും സത്യൻ നൽകിയ മൊഴി പ്രകാരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാനെ ആരോപണങ്ങളിലേക്കു വലിച്ചിഴയ്ക്കേണ്ടെന്നും പറഞ്ഞു.
ബിപിനും പ്രസന്നകുമാരിക്കും അർഹമായ പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. പ്രസന്ന കുമാരി വ്യക്തിപരമായ ചില പ്രശ്നങ്ങൾ പറഞ്ഞിട്ടുണ്ട് അവ പരിഹരിക്കും. കുടുംബ പ്രശ്നങ്ങൾ അവിടെത്തന്നെ പരിഹരിക്കണം. അതു പാർട്ടിയുടെ പ്രശ്നമാക്കാൻ പറ്റില്ല. നേരത്തെ പുറത്താക്കിയ ജയചന്ദ്രനെയും പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രസന്ന കുമാരി ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി ചുമതലപ്പെടുത്തിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രനും കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനും നേരത്തെ പ്രസന്ന കുമാരിയോടു സംസാരിച്ചിരുന്നു. അതിനു പിന്നാലെയാണു മേഖലാ കമ്മിറ്റി യോഗത്തിൽ മന്ത്രി നിലപാട് അറിയിച്ചത്.