ADVERTISEMENT

മാവേലിക്കര ∙ കായംകുളം–തിരുവല്ല സംസ്ഥാനപാതയിൽ പുളിമൂട് പാലത്തിനു പടിഞ്ഞാറുള്ള വളവ് അപകടക്കെണിയാകുന്നു. കഴിഞ്ഞദിവസം വളവിൽ തെന്നി മറിഞ്ഞ ബൈക്കിൽ നിന്നു വീണു തഴക്കര സ്വദേശിയായ ആർ.അഭിജിത് മരിച്ചിരുന്നു. കണ്ടിയൂർ, മാവേലിക്കര ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ വളവിൽ ഏറെ അടുത്ത് എത്തുമ്പോൾ മാത്രമേ പരസ്പരം കാണാൻ സാധിക്കൂ.

റോഡ് നവീകരിച്ചതോടെ പല വാഹനങ്ങളും അതിവേഗത്തിലാണ് ഇതുവഴി കടന്നു പോകുന്നത്. 2 മാസം മുൻപു വളവിലെ വൈദ്യുതത്തൂൺ കാർ ഇടിച്ചു തകർന്നിരുന്നു. കാറിലുണ്ടായിരുന്നവർ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. മാവേലിക്കര ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ കണ്ടിയൂർ ഭാഗത്തേക്ക് തിരിയുകയാണെങ്കിൽ  തട്ടാരമ്പലം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ കൃത്യമായി കാണാൻ കഴിയാത്ത അവസ്ഥയുണ്ട്. 

കോടികൾ മുടക്കി റോഡ് നവീകരിച്ചപ്പോൾ വശത്തായി നിർമിച്ച ഓടയുടെ സ്ലാബുകൾ റോ‍ഡ് നിരപ്പിൽ നിന്ന് ഏറെ ഉയർന്നു നിൽക്കുന്നതിനാൽ അത്യാവശ്യഘട്ടത്തിൽ ഇരുചക്രവാഹനക്കാർക്ക് വശത്തേക്ക് ഓടിച്ചു കയറ്റാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. നിർമാണം നടന്ന വേളയിൽ ഓടകൾ പലയിടത്തും ഉയർന്നു നിൽക്കുന്നത് അപകടത്തിന് ഇടയാക്കുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടിയതാണ്.

തട്ടാരമ്പലം മുതൽ വെട്ടിയാർ വരെയുള്ള ഭാഗത്തു ഓടയുടെ വശത്തെ ഇരുമ്പുവേലി ഇതിനോടകം പത്തോളം സ്ഥലങ്ങളിൽ വാഹനം ഇടിച്ചു തകർന്നിട്ടുണ്ട്. നടപ്പാതയായി  ക്രമീകരിച്ച ഭാഗം പലരും കയ്യേറി കച്ചവടം നടത്തുന്ന സാഹചര്യവുമുണ്ട്. അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിന് ഇടയാക്കുന്നതെന്നു നാട്ടുകാർ പറയുന്നത്.

പുളിമൂട് പാലത്തിന് ഇരുവശത്തും തോടിന്റെ ഭാഗത്തു സംരക്ഷണ വേലി കെട്ടാത്തതും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. തട്ടാരമ്പലം ഭാഗത്തു നിന്നെത്തുന്നവർ വളവു കഴിഞ്ഞ എതിരെ വാഹനം വരുന്നതു കണ്ടു വശത്തേക്ക് ഒതുക്കിയാൽ നിയന്ത്രണം വിട്ടു തോട്ടിലേക്കു വീഴാനുള്ള സാധ്യതയുണ്ട്.

ഇവിടെ സ്വകാര്യ ആശുപത്രിയുടെ ബോർഡ് മാത്രമാണുള്ളത്. മാവേലിക്കര ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പുളിമൂട് പാലത്തിനു കിഴക്കുള്ള വളവ് തിരിഞ്ഞെത്തുമ്പോൾ അശ്രദ്ധ ഉണ്ടായാൽ റോഡരികിലെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറുമെന്നതിൽ തർക്കമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com