ADVERTISEMENT

കുട്ടനാട് ∙ പുളിങ്കുന്ന് പുത്തൻതോട് പാലത്തിനു കുറുകെ നീരൊഴുക്കു തടസ്സപ്പെടുത്തി നിർമിച്ച മുട്ടു പൊളിച്ചു നീക്കി. ഇന്നലെ ക്രെയിൻ ഉപയോഗിച്ചു മുട്ടിനായി സ്ഥാപിച്ച കുറ്റികൾ ഊരി മാറ്റിയാണു മട തുറന്നത്. 2 വർഷം മുൻപാണു പാലം നിർമാണത്തിനായി പൊതു ജലാശയത്തിൽ മുട്ടു സ്ഥാപിച്ചത്. മുട്ട് നിർമിച്ചതോടെ നീരൊഴുക്കു നിലച്ച തോട്ടിൽ പോള നിറയുകയും വെള്ളം മലിനമാകുകയും ചെയ്തതു പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതുസംബന്ധിച്ച് മലയാള മനോരമ പല തവണ വാർത്ത നൽകിയിരുന്നു.  അടിയന്തര നടപടി ആവശ്യപ്പെട്ടു പുളിങ്കുന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ തങ്കച്ചൻ വാഴച്ചിറയും സെക്രട്ടറി ആഷ്‌ലി നായരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നു അന്വേഷണ കമ്മിഷൻ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കൈമാറിയിരുന്നു.

കൂടാതെ 6–ാം വാർഡ് പഞ്ചായത്തംഗം പുഷ്പ ബിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞ ദിവസം മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയറുടെ  ഓഫിസ് പടിക്കൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണു പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 6, 7 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തൻതോട് പാലം നിർമാണം തുടങ്ങിയത്. പാലത്തിന്റെ പൈലിങ് ജോലികൾക്കാണ് തോടിനു കുറുകെ മുട്ട് നിർമിച്ചത്. മുൻപ് ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് നടത്തിയിരുന്ന തോട്ടിൽ മുട്ട് സ്ഥാപിച്ചതോടെ ജല ഗതാഗതം പൂർണമായി നിലച്ചിരുന്നു. ഇതുമൂലം കായൽ മേഖലയിലടക്കം കൃഷിക്കു പോയിരുന്ന കർഷകർ വളരെയേറെ യാത്രാ ക്ലേശം അനുഭവിച്ചിരുന്നു. മുട്ടു ഭാഗികമായി പൊളിച്ചു നീക്കിയതോടെ  തോട്ടിലെ നീരൊഴുക്കു സുഗമമാക്കുന്നതിനൊപ്പം ജല ഗതാഗതവും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന ആശ്വാസത്തിലാണു നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com