ശുദ്ധജല വിതരണ തടസ്സം: പ്രതിഷേധം ശക്തം
Mail This Article
തുറവൂർ∙ അരൂരിൽ ദേശീയപാതയ്ക്കു കുറുകെ സ്ഥാപിച്ച പൈപ്പ് കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടിട്ട് 2 ദിവസം കഴിയുന്നു. എന്നാൽ ശുദ്ധജല വിതരണത്തിനായി ബദൽ മാർഗം സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കെ 4 ദിവസമാണ് അറ്റകുറ്റപ്പണിക്കായി ജലവിതരണം തടസ്സപ്പെടുത്തിയത്.അരൂർ ഉൾപ്പെടെ 8 പഞ്ചായത്തുകളിൽ ശുദ്ധജലം മുടങ്ങി. ഇക്കാര്യം ജല അതോറിറ്റി അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നു. ദേശീയപാതയുടെ കിഴക്കുഭാഗത്ത് കൂടിയാണ് തൈക്കാട്ടുശേരി ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് ശുദ്ധ ജലം മെയിൻ പൈപ്പ് വഴി എത്തുന്നത്.
ആഴ്ചകൾക്ക് മുൻപേ അരൂർ ക്ഷേത്രം കവലയ്ക്കു സമീപം ദേശീയപാതയ്ക്കു കുറുകെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുതിയ പൈപ്പുമായി യോജിപ്പിച്ചിട്ടില്ല. ഇതിനു വേണ്ടിയാണ് ജലവിതരണം തടസ്സപ്പെടുത്തിയത്. പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ അരൂർ,എഴുപുന്ന ,കോടംതുരുത്ത് ,കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നീ പഞ്ചായത്തുകളിലാണ് ജലവിതരണം മുടങ്ങിയത്. പകരം സംവിധാനത്തിന് സർക്കാർ പദ്ധതി ഉണ്ടെങ്കിലും ഒരു പഞ്ചായത്തും അക്കാര്യം പരിഗണിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.