ADVERTISEMENT

കലവൂർ ∙ സ്കൂൾ വിദ്യാർഥികൾക്ക് കനോയിങ്, കയാക്കിങ് പരിശീലനത്തിന് രാജസ്ഥാനിൽ നിന്ന് 20 ഫൈബർ ബോട്ടുകൾ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ എത്തിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രോജക്ടാണിത്. ഒരു വർഷമായി കലവൂർ, മണ്ണഞ്ചേരി, പൊള്ളേത്തൈ ഗവ.സ്കൂളുകളിലെ എഴുപതോളം വിദ്യാർഥികൾ പരിശീലനത്തിലാണ്. കനോയിങ്, കയാക്കിങ് ജില്ലാ അസോസിയേഷന്റെ സഹായത്തോടെയാണ് ഇവർക്ക് ആദ്യഘട്ട പരിശീലനം നൽകിയത്. തുടർന്ന് കായലിൽ തുഴച്ചിൽ പരിശീലനത്തിനായാണ് ബോട്ടുകൾ എത്തിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വ്യത്യസ്ത വലുപ്പത്തിലുള്ള ബോട്ടുകളാണിവ.

രാജസ്ഥാനിൽ നിന്നു റോഡ് മാർഗമാണ് ഇവ എത്തിച്ചത്. മണ്ണഞ്ചേരി ഗവ.സ്കൂളിൽ സൂക്ഷിക്കുവാൻ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബോട്ടുകൾ കൂടി എത്തിയതോടെ കൂടുതൽ കുട്ടികൾ തുഴച്ചിൽ പരിശീലനത്തിന് എത്തുമെന്നാണ് പ്രതീക്ഷയെന്നു ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ് പറഞ്ഞു. നിലവിൽ പരിശീലനം നേടിയവരിൽ 5 പേർ രാജ്യാന്തര മൽസരത്തിൽ മെഡൽ നേടിയിരുന്നു. മറ്റ് 3 പേർ സായി പരിശീലന കേന്ദ്രത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എഎസ് കനാലിലും വേമ്പനാട് കായലിലുമായാണ് തുഴച്ചിൽ പരിശീലനം നടത്തുക. ഇതിനായി 2 പരിശീലകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 15ന് പുതിയ ബോട്ടുകളിൽ തുഴച്ചിൽ പരിശീലനം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com