പക്ഷേ, തീർഥ അമ്മയുടെ കൈകളിൽനിന്നു മരണത്തിലേക്കു വഴുതിപ്പോയി
Mail This Article
കൺമുന്നിൽ മകളെ നഷ്ടപ്പെട്ട അമ്മ
കുട്ടനാട് ∙ സ്വന്തം ജീവൻ പോലും നോക്കാതെ, വെള്ളത്തിൽ വീണ മകളെ രക്ഷിക്കാൻ ശ്രമിച്ചിട്ടും തോറ്റുപോയ അമ്മയാണ് കാർത്തിക. നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നങ്കരി കളരിപ്പറമ്പിൽ കെ.എസ്. കാർത്തികയ്ക്കു (33) നീന്തലറിയില്ല. എന്നിട്ടും മകൾ തീർഥയെ (6) രക്ഷിക്കാൻ ആഴത്തിലേക്ക് അവർ എടുത്തുചാടി. പക്ഷേ, തീർഥ അമ്മയുടെ കൈകളിൽനിന്നു മരണത്തിലേക്കു വഴുതിപ്പോയി.കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു കളരിപ്പറമ്പിൽ വീടിനെ കരിനിഴലിലാക്കിയ അപകടം.
ബന്ധുവീട്ടിൽ വിഷുക്കൈനീട്ടം നൽകിയശേഷം തോടിന്റെ സംരക്ഷണ ഭിത്തിയിലൂടെ വീട്ടിലേക്ക് ഇരുവരും തിരിച്ചു വരികയായിരുന്നു. താൻ പഠിക്കുന്ന സ്കൂൾ അമ്മയെ ചൂണ്ടിക്കാട്ടിയശേഷം തിരിഞ്ഞു നടക്കുമ്പോൾ തീർഥ വെള്ളത്തിലേക്കു വീണു. തോട്ടിൽ നിറഞ്ഞ പോളയ്ക്കടിയിലേക്കു തീർഥ താഴ്ന്നു പോയി.മകൾ വെള്ളത്തിൽ വീണതോടെ മറ്റൊന്നും ആലോചിക്കാതെ മകളെ രക്ഷിക്കാൻ കാർത്തികയും വെള്ളത്തിലേക്കു ചാടി. നിലയില്ലാത്ത ആഴത്തിൽ കാർത്തികയും മുങ്ങിത്താണു.
ഇതു കണ്ട സമീപവാസികൾ കാർത്തികയെ രക്ഷിച്ചു കരയ്ക്കു കയറ്റി.മകൾ വെള്ളത്തിൽ വീണെന്നു പറയാൻ കാർത്തികയ്ക്കു വാക്കുകൾ കിട്ടിയില്ല. ദുഃഖം താങ്ങാനാവാതെ മകളെ രക്ഷിക്കാനായി കാർത്തിക വീണ്ടും വെള്ളത്തിലേക്ക് ചാടി. രണ്ടാം തവണയും കാർത്തികയെ കരയ്ക്ക് എത്തിച്ചശേഷമാണു തീർഥയെ വെള്ളത്തിൽനിന്നു കയറ്റാൻ നാട്ടുകാർക്കു സാധിച്ചത്. കൺമുന്നിൽ വച്ചു പൊന്നോമന മകളുടെ ജീവൻ നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്നു കാർത്തികയ്ക്ക് ഇപ്പോഴും മോചനമില്ല.
മക്കളുടെ ‘ഭാരം’ ചുമക്കുന്ന അമ്മ
ആലപ്പുഴ ∙ കൈകാലുകൾക്കു ശേഷിയില്ലാത്ത മക്കളെ എടുത്തുപൊക്കി പല തവണ അവർ നിലത്തു വീണിട്ടുണ്ട്. പക്ഷേ, 74ാം വയസ്സിലും അവരെ വിട്ടു സ്വന്തം ചികിത്സയ്ക്കു പോകാൻ അവർ തയാറല്ല. കൈകാലുകൾ വളഞ്ഞ് അന്നമ്മയും ഇപ്പോൾ ഭിന്നശേഷിക്കാരിയായിരിക്കുന്നു.ജീവിതം ഇങ്ങനെയായതിൽ പുന്നപ്ര തെക്ക് പുതുപ്പറമ്പിൽ വീട്ടിൽ അന്നമ്മയ്ക്കു പരാതിയില്ല. അത്തരം ചോദ്യങ്ങളോടു ചെറുപുഞ്ചിരിയാണു മറുപടി. കോട്ടയം കുറിച്ചി സ്വദേശി പരേതനായ സേവ്യറാണ് അന്നമ്മയുടെ ഭർത്താവ്. പുന്നപ്രയിൽ ചെറിയ സ്റ്റേഷനറി കടയുമായി ജീവിച്ച ഇവരുടെ ആദ്യത്തെ 3 മക്കൾ ജന്മനാ ഭിന്നശേഷിക്കാരാണ്.
കൈകാലുകൾക്കു ശേഷിയില്ലാതെ നിലത്തു നീന്തിയ 3 മക്കളെ സേവ്യറും അന്നമ്മയും ജീവനു തുല്യം സ്നേഹിച്ചു. നാലാമത്തെ മകൻ ബെന്നിച്ചൻ ജനിച്ചു കുറെക്കാലം കഴിഞ്ഞപ്പോൾ സേവ്യർ ഹൃദയാഘാതം മൂലം മരിച്ചു.മൂത്ത മകൾ മറിയക്കുട്ടി, രണ്ടാമൻ വർഗീസ് (49), മൂന്നാമൻ ആന്റണി (44) എന്നിവരെ കിടത്താനും എഴുന്നേൽപ്പിക്കാനും ഇരുത്താനും പ്രാഥമികാവശ്യങ്ങൾക്കും എല്ലാം അന്നമ്മയുടെ സഹായം വേണം.കടുത്ത ദാരിദ്ര്യം കാരണം അന്നമ്മയും മക്കളും 5 സെന്റിലെ ചെറിയ വീട്ടിൽ പലപ്പോഴും പട്ടിണിയിലായി. ഉറക്കവും വിശ്രമവും നഷ്ടപ്പെട്ടു. ആഹാരം കഴിക്കാൻ പലപ്പോഴും അന്നമ്മയ്ക്ക് നേരം കിട്ടിയിരുന്നില്ല. ഇതിനിടെ മൂത്ത മകൾ മറിയക്കുട്ടി 2003 ൽ 32ാം വയസ്സിൽ മരിച്ചു.
നിലത്തു നീന്തിയപ്പോഴുണ്ടായ അണുബാധയായിരുന്നു മരണകാരണം.മകളുടെ മരണം അന്നമ്മയെ മാനസികമായി തകർത്തു. പക്ഷേ, മറ്റു രണ്ട് മക്കളെയോർത്ത് അന്നമ്മ കരുത്തു നേടി. മക്കൾ ബാല്യവും യുവത്വവും പിന്നിടുമ്പോഴും അവർക്ക് എന്തിനും അന്നമ്മയാണു തുണ.കുറെ നാളായി അന്നമ്മയ്ക്കു നെഞ്ചുവേദനയുണ്ട്. എങ്കിലും മക്കളെ ചേർത്തു നിർത്തുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണെന്ന് അന്നമ്മ പറയും. ഓട്ടോറിക്ഷ ഡ്രൈവറായ ഇളയ മകൻ ബെന്നിച്ചൻ (36) അമ്മയ്ക്കും സഹോദരങ്ങൾക്കും കൈത്താങ്ങായി കൂടെയുള്ളതാണ് ഏക ആശ്വാസം.
പ്രായത്തെ അധ്വാനം കൊണ്ട് തോൽപിച്ച അമ്മ
അമ്പലപ്പുഴ ∙ കനകമ്മയുടെ ജീവിതത്തിന് പ്രായമേശാത്ത അധ്വാനത്തിന്റെ തിളക്കമുണ്ട്. 40 വർഷത്തിലേറെയായി ഹോട്ടൽ നടത്തുന്നു. ആ വരുമാനംകൊണ്ടു മക്കളെ വളർത്തി, പഠിപ്പിച്ചു. മക്കൾക്കു ജോലിയായിട്ടും കനകമ്മ വിശ്രമിക്കാനിരുന്നില്ല. ഇപ്പോഴും രാവിലെ 6.30 മുതൽ രാത്രി 9.30 വരെ ജോലി ചെയ്യുന്നു.ഭർത്താവിനൊപ്പം തുടങ്ങിയ അധ്വാനമാണ്. അദ്ദേഹം മരിച്ച ശേഷവും മറ്റേതു തിരക്കും മാറ്റിവച്ച് അവർ ഭക്ഷണം വിളമ്പുന്നു.കരുമാടി അമ്പിളി സദനത്തിൽ കനകമ്മ (74) ഭർത്താവ് പങ്കജാക്ഷൻ നായരുമൊത്ത് 1984 ൽ കരുമാടി പാലത്തിന്റെ പടിഞ്ഞാറേ കരയിൽ കട തുടങ്ങിയതാണ്.
വീട്ടിൽ ഭക്ഷണമുണ്ടാക്കുന്ന പരിചയം മാത്രമായിരുന്നു ധൈര്യം. 2006 ഏപ്രിൽ 25ന് പങ്കജാക്ഷൻ നായർ മരിച്ചു. കനകമ്മ ഹോട്ടൽ നടത്തിപ്പു തുടർന്നു. നിർത്തിയാൽ കുടുംബം പ്രതിസന്ധിയിലാകും. മക്കളായ പ്രദീപിനും പ്രവീണിനും കനകമ്മ അമ്മയും അച്ഛനുമായി. ഹോട്ടലിൽ പുകഞ്ഞ് അവർ അമ്മയുടെ കടമകൾ നിറവേറ്റി.മക്കൾ രണ്ടുപേരും സൈനികരായി. അപ്പോഴും കനകമ്മ ഹോട്ടൽ അടച്ചില്ല. കച്ചവടത്തിൽ നഷ്ടത്തിന്റെ കാലമുണ്ടായപ്പോഴും തളർന്നില്ല.
പിന്നെ പ്രായത്തിന്റെ അവശതകൾ വെല്ലുവിളിച്ചു. അതും കനകമ്മ ഗൗനിച്ചില്ല.ബന്ധുക്കളുടെ വീടുകളിലെ ചടങ്ങുകൾക്കു പോകുന്നതും ഹോട്ടലിലെ ജോലികൾക്കു ശേഷം മാത്രം. വിശക്കുന്നവർക്കു മുന്നിൽ അവർ അമ്മയാകും. സൗജന്യമായി ഭക്ഷണം വിളമ്പും.സൈനിക സേവനം കഴിഞ്ഞെത്തിയ പ്രദീപും ഭാര്യ സ്മിതയും ഹോട്ടലിൽ അമ്മയെ സഹായിക്കുന്നുണ്ട്. അവർക്കു മുടങ്ങാതെ വേതനം നൽകുമ്പോൾ കനകമ്മ അമ്മയെന്നതിനപ്പുറമുള്ള ഉത്തരവാദിത്തത്തിലേക്കു വളരുന്നു.