പക്ഷിപ്പനി: വളർത്തുപക്ഷികളെ കൊന്നൊടുക്കി
Mail This Article
ആലപ്പുഴ∙ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ തലവടി, മാവേലിക്കര തഴക്കര, ചമ്പക്കുളം എന്നിവിടങ്ങളിലായി 10671 വളർത്തുപക്ഷികളെ കൊന്നു മറവു ചെയ്തു. തഴക്കര പഞ്ചായത്ത് 11–ാം വാർഡ് വെട്ടിയാർ പെരുവേലിൽചാൽ പാടശേഖരത്തിൽ ചെന്നിത്തല സ്വദേശി സന്തോഷിന്റെ 10,000 താറാവുകൾ, തലവടി പഞ്ചായത്ത് 13–ാം വാർഡിൽ കോടമ്പനാടി ബിനോയ് ജോസഫിന്റെ 3550 താറാവുകൾ, ചമ്പക്കുളം പഞ്ചായത്ത് മൂന്നാം വാർഡിൽ കോഴി ഫാമിലെ 40 കോഴികൾ എന്നിവയ്ക്കാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവയ്ക്കു പുറമേ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയുമാണു കൊന്നൊടുക്കിയത്.
ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണു കള്ളിങ് നടത്തിയത്. തലവടിയിൽ 2518 തഴക്കരയിൽ 7884 ചമ്പക്കുളത്ത് 269 പക്ഷികളെയും കൊന്നൊടുക്കി. ഇവിടങ്ങളിൽ പക്ഷിപ്പനി ബാധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ വളർത്തു പക്ഷികൾ ചത്തിരുന്നു. അവയെ കൂട്ടാതെയുള്ള കണക്കാണിത്. 13 ദ്രുതകർമ സേനകളുടെ നേതൃത്വത്തിലാണു കള്ളിങ്ങിനു നടത്തിയത്. വളർത്തുപക്ഷികളെ കൊന്ന ശേഷം കള്ളിങ് മാനദണ്ഡങ്ങൾ പാലിച്ചു തീയിട്ടു നശിപ്പിച്ചു. 362 മുട്ടകളും 1192 കിലോഗ്രാം തീറ്റയും നശിപ്പിച്ചു
ഭോപാലിലെ ലാബിൽ നിന്നുള്ള വിദഗ്ധർ കള്ളിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നിരീക്ഷിച്ചു. പക്ഷിപ്പനി പടരാൻ ഉണ്ടായ സാഹചര്യവും പക്ഷികളെ കൊന്നൊടുക്കുന്ന നടപടികളും ഉൾപ്പെടെ വിശദമായ റിപ്പോർട്ട് ഇവർ തയാറാക്കും. ഈ വർഷം ജില്ലയിൽ 9 സ്ഥലങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.കള്ളിങ് നടത്തിയ പ്രദേശങ്ങൾ നാളെ മുതൽ അണുവിമുക്തമാക്കും. പക്ഷികൾ ചത്തുവീഴാൻ തുടങ്ങി പത്തു ദിവസത്തിലധികം കഴിഞ്ഞാണു കള്ളിങ് നടത്തുന്നത്. ഭോപാലിലെ ലാബിൽ നിന്നുള്ള പരിശോധനാഫലം ലഭിക്കാൻ വൈകിയതാണു കാരണം. രോഗം സ്ഥിരീകരിച്ച പക്ഷികളുമായി അടുത്തിടപഴകിയവർ ക്വാറന്റീനിൽ തുടരണം.