കനത്ത മഴ: എഎസ് കനാലിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ആറാട്ടുവഴി, പോപ്പി ബണ്ടുകൾ പൊളിച്ചു
Mail This Article
ആലപ്പുഴ ∙ കനത്ത മഴയിൽ എഎസ് കനാലിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ആറാട്ടുവഴി, പോപ്പി പാലങ്ങൾ പൊളിച്ചു പുതിയവ പണിയുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക ബണ്ടുകൾ പൊളിച്ചുമാറ്റി. എഎസ് കനാലിൽ ആറാട്ടുവഴി മുതൽ പാതിരപ്പള്ളി വരെ ജലനിരപ്പ് ഉയർന്നതോടെ 150 ലേറെ വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. തുടർന്നാണു പാലം നിർമാണം ഏറ്റെടുത്ത കരാർ കമ്പനി ബണ്ടുകൾ മുറിച്ചുവിട്ട് ഒഴുക്കു സുഗമമാക്കിയത്.
കളപ്പുരയിൽ പോപ്പി പാലം പൊളിച്ചു പുതിയതു പണിയാൻ കെട്ടിയ ബണ്ട് മഴയെത്തുടർന്ന് ഏതാണ്ടു തകർന്നിരുന്നു. ആറാട്ടുവഴി പാലത്തിന്റെ അടിത്തറ കോൺക്രീറ്റ് ചെയ്യാൻ ഒരുക്കങ്ങൾ പൂർത്തിയായ സമയത്താണു കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു പേമാരി എത്തിയത്. വീടുകളിലെല്ലാം വെള്ളം കയറിയതോടെ താമസക്കാർ പരാതിയുമായി എത്തി. തുടർന്ന് പി.പി.ചിത്തരഞ്ജൻ എംഎൽഎ ബണ്ടുകൾ മുറിച്ചു വിടാൻ നിർദേശിക്കുകയായിരുന്നു.
ഒരു മഴയിൽ തന്നെ കനാൽ കര കവിഞ്ഞു വീടുകളിൽ വെള്ളം കയറിയതോടെ പരിഭ്രാന്തിയായെന്നു പൂന്തോപ്പ് പുതുവൽ വീട്ടിൽ വിജയമ്മയും മിനിയും പറഞ്ഞു. താൽക്കാലിക ബണ്ടുകൾ ഉയർന്നതോടെ വാടക്കനാൽ വഴി പുന്നമട കായലിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതാണു ജലനിരപ്പ് ഉയരാൻ കാരണം.
എഎസ് കനാലിന്റെ പടിഞ്ഞാറേ കരയിൽ സംരക്ഷണ ഭിത്തിയും ഓടയും നിർമിക്കാൻ തുടങ്ങിയപ്പോൾ മണ്ണ് വാരിക്കൂട്ടിയതു നിലവിൽ ഉണ്ടായിരുന്ന ഓടയിലാണ്. ഓട മൂടിയതോടെ കഴിഞ്ഞ ദിവസത്തെ മഴയിൽ ഈ പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. വാഴ, പച്ചക്കറി കൃഷികളും വെള്ളത്തിലായി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് കിഴക്ക് പോഞ്ഞിക്കര പ്രദേശവും വെള്ളക്കെട്ടിലായി. ആറാട്ടുവഴി മൈഥിലി ജംക്‌ഷന് പടിഞ്ഞാറ് ഓടയിൽ ചെളി നിറഞ്ഞതിനാൽ പ്രദേശത്തു വെള്ളം നിറഞ്ഞു.