ADVERTISEMENT

കായംകുളം∙ പതിനാലുകാരനെ മർദിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിച്ച ബിജെപി പ്രാദേശിക നേതാവ് കൃഷ്ണപുരം കാപ്പിൽ കിഴക്ക് ആലംപള്ളി മനോജ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. 

സംഭവത്തിൽ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഞായർ ഉച്ചയ്ക്ക് വീട്ടിൽ കുഴഞ്ഞ് വീണ മനോജിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആക്രി സാധനങ്ങൾ വിറ്റിട്ട് സഹോദരനൊപ്പം വന്ന 14കാരനെ മനോജ് മർദിച്ചുവെന്ന പരാതിയിലാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. കേസിൽ റിമാൻഡ് ചെയ്തെങ്കിലും ഒരു ദിവസം കഴിഞ്ഞപ്പോൾ മനോജിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

പൊലീസ് പീഡിപ്പിച്ചതിന്റെ മാനസിക സമ്മർദമാണ് മനോജിന്റെ മരണ കാരണമെന്ന് ബിജെപി ആരോപിച്ചിരുന്നു. മനോജിന് മർദനമേറ്റിട്ടും പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു. പട്ടണത്തിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മോനിഷ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പാലമുറ്റത്ത് വിജയകുമാർ, മഠത്തിൽ ബിജു, പാറയിൽ രാധാകൃഷ്ണൻ, മറ്റ് ഭാരവാഹികളായ സി.ദേവാനന്ദ്, ജെ.മുരളീധരൻ, വി.കൃഷ്ണകുമാർ, സദാശിവൻ, രാംദാസ് പന്തപ്ലാവിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

കൃഷ്ണപുരത്ത് പതിനാലുകാരനെ മർദിച്ച ബിജെപി നേതാവ് മരിച്ചതിനെ തുടർന്ന് സിപിഎമ്മിനെതിരെ ബിജെപി നടത്തുന്ന ആക്ഷേപങ്ങൾ തള്ളിക്കളയണമെന്ന് സിപിഎം ഏരിയ കമ്മിറ്റി വ്യക്തമാക്കി. സിപിഎം ഈ പ്രശ്നം അറിയുകയോ വിഷയത്തിൽ ഇടപെടുകയോ ചെയ്തിരുന്നില്ല. ദൃക്സാക്ഷികളായ പരിസരവാസികൾ അറിയിച്ചതിനെ തുടർന്നാണ് സിപിഎമ്മിന്റെ ശ്രദ്ധയിൽ ഈ വിഷയം വന്നത്.

സംഭവത്തെ വളച്ചൊടിച്ച് വർഗീയവൽക്കരിച്ചും രാഷ്ട്രീയവൽക്കരിച്ചും സിപിഎമ്മിനെതിരെ തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നത്. കൃഷ്ണപുരം പഞ്ചായത്തിന്റെ മഹത്തായ മതസാഹോദര്യ പാരമ്പര്യത്തെ ഇല്ലാതാക്കാനും രാഷ്ട്രീയ മുതലെടുപ്പിനുമാണ് പരിശ്രമിക്കുന്നത്. ബിജെപിയുടെ ഈ നീക്കത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് സിപിഎം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു.

മനോജിന്റെ മരണം സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ കൊലപാതകം: എം.വി ഗോപകുമാർ
ആലപ്പുഴ ∙ കായംകുളത്തു പതിനാലുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുടെ മരണം സിപിഎമ്മും പൊലീസും ചേർന്നു നടത്തിയ കൊലപാതകമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആരോപിച്ചു. തലയ്ക്കു പരുക്കേറ്റ മനോജിനെ ചികിത്സ നൽകാതെയാണു ജയിലിലടച്ചത്. സംഭവത്തിനു ശേഷം സമൂഹ മാധ്യമങ്ങളിലെ ആക്രമണത്തിലൂടെ മാനസികമായി തളർത്തി. മനോജിനെ കല്ലെറിഞ്ഞു പരുക്കേൽപിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയില്ലെന്നും ഗോപകുമാർ കുറ്റപ്പെടുത്തി.

സംഭവം നടന്ന ശേഷം മനോജിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്ന് സിപിഎമ്മിന്റെയും എസ്ഡിപിഐയുടെയും നേതാക്കൾ ഇടപെട്ടതോടെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയും 308–ാം വകുപ്പ് പ്രകാരം കേസ് എടുക്കുകയുമായിരുന്നു. എന്നാൽ പിറ്റേ ദിവസം തന്നെ കോടതി ജാമ്യം നൽകി. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി ഉന്നതതല അന്വേഷണം നടത്തണം. മരിച്ച മനോജിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണം. 

 ഇക്കാര്യം ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജില്ലാ സെക്രട്ടറി അരുൺ അനിരുദ്ധൻ, സംസ്ഥാന കൗൺസിൽ അംഗം ശ്രീജിത്ത്, കായംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മോനിഷ, മീഡിയ കൺവീനർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com