ADVERTISEMENT

മാന്നാർ ∙ ഇരമത്തൂർ സ്വദേശി കല കൊല്ലപ്പെട്ടത് എന്നാണെന്നും എവിടെവച്ചാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. 2008-09 കാലത്താണു സംഭവമെന്നു മാത്രമാണു ലഭിച്ച വിവരം. ഈ സമയത്തു കലയുടെ ഭർത്താവ് അനിൽ നാട്ടിലുണ്ടായിരുന്നു.വാടകയ്ക്കെടുത്ത കാറിൽ കലയെ കൂട്ടി അനിൽ കുട്ടനാട്ടിലും കൊച്ചിയിലും മറ്റും സഞ്ചരിച്ചെന്നും കുട്ടനാട്ടിലെ ഷാപ്പിൽ നിന്നു ഭക്ഷണം കഴിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിൽ, പിടിയിലായവരെ അനിൽ വിളിച്ചു വരുത്തിയെന്നു പൊലീസിനു വിവരം ലഭിച്ചു. കാറിൽ വച്ചാണു കലയെ കൊലപ്പെടുത്തിയതെന്ന വിവരം ലഭിച്ചെങ്കിലും ഏതു സ്ഥലത്തുവച്ചെന്നു വ്യക്തമായിട്ടില്ല. കാർ ഓടിച്ചതു പിടിയിലായ പ്രമോദാണെന്നും വിവരം കിട്ടി. പിടിയിലായ ജിനു രാജനെ പൊലീസ് ഇന്നലെ അനിലിന്റെ വീട്ടിലെത്തിച്ചിരുന്നു. ജിനു നൽകിയ വിവരങ്ങൾ അനുസരിച്ചാണു സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചത്. മറ്റുള്ളവരെ മാന്നാർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചു.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രമോദ് റിമാൻഡിലായിരുന്ന കാലത്താണു സംഭവത്തെപ്പറ്റി സൂചിപ്പിക്കുന്ന ഊമക്കത്ത് അമ്പലപ്പുഴ പൊലീസിനു ലഭിച്ചത്. മാന്നാറിൽ നിന്നാണു കത്ത് പോസ്റ്റ് ചെയ്തത്. പ്രമോദിനെതിരായ വധശ്രമക്കേസ് അമ്പലപ്പുഴയിലായതു കൊണ്ടാകാം കത്ത് അമ്പലപ്പുഴയിലേക്ക് അയച്ചതെന്നാണു പൊലീസിന്റെ നിഗമനം. കത്തു ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചെറിയൊരു സംഘം രൂപീകരിച്ച് രഹസ്യാന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണു കല കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചതും പ്രതികൾ കുടുങ്ങിയതും. മാന്നാറിൽ ഒട്ടേറെത്തവണ പൊലീസ് സംഘം രഹസ്യമായെത്തി അന്വേഷിച്ചിരുന്നു. കലയുടെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

ഊമക്കത്തിലൂടെ നീങ്ങി, 15 വർഷത്തെ ദുരൂഹത
മാന്നാർ ∙ ഊമക്കത്തിലെ വിവരങ്ങൾ പിന്തുടർന്ന് അമ്പലപ്പുഴ ഡിവൈഎസ്പി കെ.ജി. അനീഷ്, സിഐ എം. പ്രതീഷ് കുമാർ, എസ്ഐ ടോൾസൺ പി.ജോസഫ്, ക്രൈംബ്രാഞ്ച് എഎസ്ഐ എ.സുധീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം തെളിഞ്ഞതും അഞ്ചുപേരെ പിടികൂടിയതും.കത്ത് മാന്നാറിൽ നിന്നു പോസ്റ്റ് ചെയ്തതാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നാട്ടിൽ മറ്റു ചിലർക്കും അറിയാമായിരുന്നു എന്നതിന്റെ സൂചന അങ്ങനെ ലഭിച്ചു.

ചില മദ്യപാന സദസ്സുകളിൽ സംഭവം ചോർന്നിരുന്നെന്ന വിവരവും പൊലീസിനു ലഭിച്ചു.കൊലപാതക രഹസ്യം ചോർന്ന കാലത്ത് അനിൽ നാട്ടിലെത്തുകയും കുറച്ചു ദിവസത്തിനു ശേഷം മടങ്ങുകയും ചെയ്തെന്നും പൊലീസ് കണ്ടെത്തി.ഇന്നലെ നടന്ന പരിശോധനയിൽ തെളിവുകൾ ലഭിച്ചതോടെ അന്വേഷണം അമ്പലപ്പുഴയിൽ നിന്നു മാന്നാർ പൊലീസിനു കൈമാറി. ചെങ്ങന്നൂർ ഡിവൈഎസ്പി കെ.എൻ.രാജേഷ്, ബി രാജേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ സംഘം വിപുലമാക്കി അന്വേഷിക്കുന്നു.

പുതിയ വീടു വച്ചിട്ടും പഴയ ശുചിമുറി പൊളിച്ചില്ല

ചെന്നിത്തല ഇരമത്തൂരിലെ അനിലിന്റെ പുതിയ വീടിനോടു ചേർന്ന് പൊളിക്കാതെ നിർത്തിയിരിക്കുന്ന പഴയ ശുചിമുറി.
ചെന്നിത്തല ഇരമത്തൂരിലെ അനിലിന്റെ പുതിയ വീടിനോടു ചേർന്ന് പൊളിക്കാതെ നിർത്തിയിരിക്കുന്ന പഴയ ശുചിമുറി.

മാന്നാർ ∙ അനിൽ പുതിയ വീടു വച്ചിട്ടും പഴയ ശുചിമുറി പൊളിക്കാത്തതു നാട്ടുകാരിൽ സംശയം ഉണർത്തിയിരുന്നു. എന്നാൽ, കൊലപാതക സാധ്യതയൊന്നും ആരും സംശയിച്ചില്ല. വാസ്തുശാസ്ത്ര പ്രകാരം ശുചിമുറിയുടെ സ്ഥാനം ശരിയല്ലെന്നു നാട്ടുകാരിൽ ചിലർ അനിലിനോടു സൂചിപ്പിച്ചിരുന്നു. എന്നാൽ, വീടിനു പുറത്തു വേറെ ശുചിമുറി ഇല്ലാത്തതിനാലാണ് ഇതു നിലനിർത്തിയതെന്നായിരുന്നു അനിലിന്റെ മറുപടി.വീടിനോടു ചേർന്നു പഴയ ശുചിമുറിയുടെ ഭാഗം ഇപ്പോഴുമുണ്ട്. അതിനടുത്തു പോർച്ചിനോടു ചേർന്നാണു സെപ്റ്റിക് ടാങ്ക്.

കൊലപാതകം; ഉറപ്പിച്ച് ജില്ലാ പൊലീസ് മേധാവി

ചെന്നിത്തല ഇരമത്തൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കിട്ടിയ വസ്തുക്കൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പരിശോധിക്കുന്നു.
ചെന്നിത്തല ഇരമത്തൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കിട്ടിയ വസ്തുക്കൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പരിശോധിക്കുന്നു.

മാന്നാർ ∙ കല കൊല്ലപ്പെട്ടതാണെന്ന് ഉറപ്പായെന്നും ഭർത്താവ് അനിലാണു മുഖ്യപ്രതിയെന്നു കരുതുന്നെന്നും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളാണു കൊലപാതകത്തിനു കാരണമെന്നാണു നിഗമനം. സാമ്പത്തിക വിഷയമുണ്ടോ എന്ന് അന്വേഷിക്കും. അന്വേഷണം ഇപ്പോൾ ആദ്യ ഘട്ടത്തിലാണ്. അഞ്ചുപേർ കസ്റ്റഡിയിലുണ്ട്. ഇവർക്കു സംഭവത്തിൽ പല രീതിയിൽ ബന്ധമുണ്ട്. ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും.ഇസ്രയേലിലുള്ള അനിലിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

കല കൊല്ലപ്പെട്ടതിന്റെ തെളിവുകൾ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ അവയെപ്പറ്റി വ്യക്തമായി പറയാനാകൂ.മൃതദേഹം ടാങ്കിലിട്ടത് വീട്ടിലെ മറ്റുള്ളവർ അറിഞ്ഞിരുന്നോ എന്നു വ്യക്തമല്ല. ചിലപ്പോൾ മറ്റാരും വീട്ടിൽ ഇല്ലാത്തപ്പോഴാകാം ഇട്ടത്.മൃതദേഹത്തിനൊപ്പം അതു വേഗം ജീർണിക്കാൻ രാസവസ്തുക്കൾ ഇട്ടിട്ടുണ്ടാകാം. അതും ഫൊറൻസിക് പരിശോധനയിലേ അറിയാൻ പറ്റൂ.കലയെ കാണാതായതിൽ മുൻപു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. രേഖകൾ പരിശോധിക്കേണ്ടിവരും. അമ്പലപ്പുഴ പൊലീസിനു ലഭിച്ച സൂചനകൾ വിശ്വസനീയമായിരുന്നു. കല പാലക്കാട്ടേക്കു പോയെന്ന വിവരം പരിശോധിച്ചിരുന്നു. അതു ശരിയല്ലെന്നു ബോധ്യമായി.15 വർഷം കഴിഞ്ഞ സംഭവമാണ്. നല്ല ഫൊറൻസിക് പിന്തുണ വേണ്ടിവരും. വിചാരണയെ ബാധിക്കാത്ത വിധം വേഗത്തിൽ തെളിവുകൾ ശേഖരിക്കുകയും വേണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കല കൊല്ലപ്പെട്ടെന്ന് അറിഞ്ഞത് പൊലീസ് വന്നപ്പോഴെന്ന് ബന്ധു

മാന്നാർ ∙ 15 വർഷം മുൻപ് ഒക്ടോബറിലാണു കലയെ കാണാതായതെന്നു സഹോദരന്റെ ഭാര്യ ശോഭ പറഞ്ഞു. എന്നാൽ, കാണാതായെന്നു പറയാനാകില്ല, യാത്ര പറഞ്ഞിറങ്ങിയതാണെന്നും പറഞ്ഞു. പോയ ശേഷം രണ്ടു തവണ കല ഫോണിൽ വിളിച്ചു. പാലക്കാട്ടുള്ള സുഹൃത്ത് സൂരജിനൊപ്പമാണെന്നു പറഞ്ഞു. പരാതികളോ പരിഭവമോ പറഞ്ഞില്ല. അനിലും കലയും തമ്മിലുള്ള വിവാഹം റജിസ്റ്റർ ചെയ്തിട്ടില്ല. മതാചാര പ്രകാരമുള്ള ചടങ്ങുകളേ നടന്നുള്ളൂ. ഇരുവരും വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരാണ്. അനിൽകുമാറും കലയും തമ്മിൽ  തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശോഭ പറഞ്ഞു. ജീവനോടെ ഉണ്ടെന്നായിരുന്നു വിശ്വാസം. പൊലീസിൽ പരാതിപ്പെടാഞ്ഞതു നാണക്കേടു കൊണ്ടാണ്. മറ്റൊരാളുടെ കൂടെപ്പോയി എന്നാണു വിശ്വസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് എത്തിയപ്പോഴാണു കല കൊല്ലപ്പെട്ടെന്ന് അറിഞ്ഞതെന്നും ശോഭ പറഞ്ഞു.അതേസമയം, പിതാവു മരിച്ചപ്പോഴും കല വരാതിരുന്നപ്പോൾ ജീവിച്ചിരിപ്പില്ലെന്നു സംശയം തോന്നിയതായി മറ്റൊരു ബന്ധു പറഞ്ഞു.ഇരമത്തൂർ മീനത്തേതിൽ പരേതരായ ചെല്ലപ്പന്റെയും ചന്ദ്രികയുടെയും മകളാണു കല.

ഞെട്ടൽ മാറാതെ ചെന്നിത്തല ഗ്രാമം

ചെന്നിത്തല ഇരമത്തൂരിലെ അനിലിന്റെ വീട്ടിൽ പോലീസ് പരിശോധന നടക്കുമ്പോൾ പുറത്ത് തടിച്ച് കൂടിയ നാട്ടുകാർ.
ചെന്നിത്തല ഇരമത്തൂരിലെ അനിലിന്റെ വീട്ടിൽ പോലീസ് പരിശോധന നടക്കുമ്പോൾ പുറത്ത് തടിച്ച് കൂടിയ നാട്ടുകാർ.

മാന്നാർ ∙ പൊലീസ് സംഘവും മാധ്യമങ്ങളും എത്തിയപ്പോഴാണു ചെന്നിത്തല ഗ്രാമം 15 വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ കഥയറിയുന്നത്. പൊലീസ് കലയുടെയും ഭർത്താവിന്റെയും വീട്ടിലെത്തി 3 മാസം മുൻപ് അന്വേഷണം നടത്തിയെങ്കിലും കൊലപാതകം സംബന്ധിച്ചു വിവരം ശേഖരിക്കുകയാണെന്നു നാട്ടുകാരും ബന്ധുക്കളും അറിഞ്ഞിരുന്നില്ല.

മാന്നാർ– ഇരമത്തൂർ– ചെന്നിത്തല പാതയിലെ ഐക്കര ജംക്‌ഷനു കിഴക്കാണ് അനിലിന്റെ കണ്ണമ്പള്ളിയിലെ വീട്. ഇന്നലെ പൊലീസ് സംഘം എത്തിയതോടെ ഇവിടേക്ക് ഇടുങ്ങിയ വഴിയിൽ ജനം തിക്കിത്തിരക്കിയെത്തി. തുടർന്ന്, വീട്ടിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു.

കസ്റ്റഡിയിലുള്ള ജിനു രാജനെ അനിലിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിച്ചപ്പോൾ.
കസ്റ്റഡിയിലുള്ള ജിനു രാജനെ അനിലിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിച്ചപ്പോൾ.

ഉച്ചയ്ക്ക് 1.30ന് 3 സെപ്ടിക് ടാങ്കുകളിൽ ഒന്നു പൊളിച്ചു. ഇലന്തൂർ നരബലി കേസിൽ തെളിവു ശേഖരണത്തിന് മണ്ണുകുഴിക്കാൻ സഹായിച്ച തിരുവല്ല സ്വദേശി സോമനെയും ബിഹാർ സ്വദേശി യൂസഫിനെയും പൊലീസ് വിളിച്ചുവരുത്തി. പാരയും മൺവെട്ടിയും ഉപയോഗിച്ചു ഇവർ മണ്ണു നീക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് മണ്ണുമാന്തിയന്ത്രം എത്തിച്ച് കുഴികളോരോന്നും തുറന്നു പരിശോധിച്ചു.

പിടിയിലായ പ്രമോദ് വധശ്രമ കേസിലെ പ്രതി
അമ്പലപ്പുഴ ∙ കൊലപാതകക്കേസിൽ പിടിയിലായവരിലൊരാൾ, ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മാന്നാർ ഇരമത്തൂർ കണ്ണംപള്ളിയിൽ പ്രമോദ് (40). മാർച്ച് 24ന് രാത്രി മദ്യലഹരിയിൽ തോട്ടപ്പള്ളിയിലെ ഭാര്യ വീടായ മാധവത്തിൽ പെട്രോളും സ്ഫോടക വസ്തുക്കളുമായാണ് ഇയാൾ എത്തിയത്. ഭാര്യ രാധുവും 2 മക്കളും തോട്ടപ്പള്ളിയിലെ കുടുംബവീട്ടിലായിരുന്നു താമസം.സ്കൂട്ടറിൽ വീട്ടിലേക്കു വന്ന പ്രമോദിനെ കണ്ടു രാധുവും മക്കളും വീടിനുള്ളിലേക്കു കയറി. രാധുവിന്റെ അച്ഛൻ മോഹൻ ദാസുമായി വാക്കേറ്റമുണ്ടായി. നാട്ടുകാർ അറിയിച്ചതനുസരിച്ച് അമ്പലപ്പുഴ പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ഇയാൾ പൊലീസിനുനേരെ തിരിഞ്ഞു.സാഹസികമായാണു പൊലീസ് ഇയാളെ കീഴടക്കിയത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ 6 ഗുണ്ട‌ുകൾ, 3 ലീറ്റർ പെട്രോൾ, കത്തി, കയർ എന്നിവയും കണ്ടെടുത്തു. ഈ കേസിൽ ഇയാൾ റിമാൻഡിലായിരുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com