ADVERTISEMENT

ഹരിപ്പാട് ∙ ആഡംബര കള്ളനായ ബണ്ടിചോറിനെ പൊലീസ് തിരയുമ്പോൾ സാദാ കള്ളൻ വീടുകളിലും കടകളിലും മോഷണം നടത്തുന്നു. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടകളിൽ കഴി‍‍ഞ്ഞ ദിവസം മോഷണം നടത്തിയത് കൊല്ലം സ്വദേശി പക്കിസുബൈർ ആണെന്നു പൊലീസ് കണ്ടെത്തി. ഒട്ടേറെ വീടുകളിൽ മോഷണ ശ്രമം നടത്തിയ പക്കി സ്റ്റേഷനറി കടയിൽ നിന്നു 15000 രൂപ മോഷ്ടിച്ചു. സമീപമുള്ള 5 കടകളിലും മോഷണം നടത്തി.മോഷ്ടാവ് കമ്പിപ്പാരയുമായി റോഡിലൂടെ നടന്നു പോകുന്നതും വീടുകളിൽ എത്തി പൂട്ടു പൊളിക്കാൻ ശ്രമിക്കുന്നതും വീടുകളിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. കടയിൽ കയറി മോഷണം നടത്തുന്ന സിസിടിവി ദൃശ്യത്തിൽ നിന്നാണു മോഷ്ടാവ് പക്കിസുബൈർ ആണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം ജയിൽ മോചിതനായ ശേഷം ഹരിപ്പാട്, കരീലക്കുളങ്ങര, കായംകുളം, മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പക്കി സുബൈർ അൻപതോളം മോഷണങ്ങളും നൂറിലധികം മോഷണ ശ്രമങ്ങളും നടത്തിയിരുന്നു.

നാണയം വേണ്ട, ബാക്കി  പണമെല്ലാം അടിച്ചു മാറ്റും
ചെറിയ കടകൾ, ദേവാലയങ്ങളിലെ കാണിക്കവഞ്ചികൾ, വീടുകൾ എന്നിവിടങ്ങളിൽ മോഷണം നടത്തുന്നതാണു പക്കി സുബൈറിന്റെ രീതി. പാര ഉപയോഗിച്ച് പൂട്ട് അതിവിദഗ്ധമായി പൊളിച്ചാണ് കടകളിൽ കയറുന്നത്. കടകളിലെ നാണയം ഒഴിച്ച് ബാക്കി പണമെല്ലാം അടിച്ചു മാറ്റും. മോഷണം നടത്തിയാൽ ആഴ്ചകൾക്കുള്ളിൽ ആ സ്ഥലത്തുള്ള ബാക്കി കടകളിലും മോഷണം നടത്തും. രണ്ടാഴ്ച മുൻപ് കരുവാറ്റയിൽ ഒരു ക്ഷേത്രത്തിലും 9 കടകളിലും മോഷണം നടത്തിയിരുന്നു. അതു കഴിഞ്ഞ് 3 ദിവസം കഴിഞ്ഞപ്പോൾ ഹരിപ്പാട് അകംകുടി, പിലാപ്പുഴ എന്നിവിടങ്ങളിൽ വീടുകളിലും കടകളിലും മോഷണം നടത്തി. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കടകളിലും മോഷണം നടത്തി.

ഒരാഴ്ചക്കുള്ളിൽ കായംകുളം സ്റ്റേഷൻ പരിധിയിലെയും മാവേലിക്കര സ്റ്റേഷൻ പരിധിയിലെയും വീടുകളിലും കടകളിലും മോഷണങ്ങൾ നടത്തി പൊലീസിനെ ഞെട്ടിച്ചു. വീണ്ടും ഹരിപ്പാട് എത്താൻ സാധ്യതയുള്ളതിനാൽ പൊലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കി. റെയിൽവേ പാളത്തിനു ഒന്നര കിലോമീറ്ററിനുള്ളിലാണ് പ്രധാനമായും പക്കി സുബൈറിന്റെ മോഷണ ഏരിയ. ചെറിയ മോഷണവും മോഷണ ശ്രമങ്ങളും നാട്ടുകാർ പൊലീസിൽ അറിയിക്കാത്തത് മോഷ്ടാവിന് സഹായകമാകുകയാണെന്നു പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപ് ഹരിപ്പാട് ഒരു മാസം തുടർച്ചയായി മോഷണം നടത്തി മുങ്ങിയ സുബൈറിനെ പിന്നീട് മാവേലിക്കരയിൽ മോഷണത്തിനിടെ പിടികൂടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com