പാചകവാതക വിതരണതടസ്സം: കൊടിക്കുന്നിൽ ഇടപെട്ടു
Mail This Article
മാവേലിക്കര ∙ ഇൻഡേൻ പാചകവാതക വിതരണം മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ മേഖലകളിൽ തടസ്സപ്പെട്ട സംഭവത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഇടപെട്ടു. പാചകവാതക വിതരണം തടസ്സപ്പെട്ടതു ചൂണ്ടിക്കാട്ടി മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണു കൊടിക്കുന്നിൽ പ്രശ്നത്തിൽ ഇടപെട്ടത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) മാർക്കറ്റിങ് ജനറൽ മാനേജർക്കു പ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ അയച്ചതിനൊപ്പം സെയിൽസ് റീട്ടെയ്ൽ ഡപ്യൂട്ടി ജനറൽ മാനേജരെ ഫോണിൽ വിളിച്ചു പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതായി എംപി പറഞ്ഞു. ഈ പ്രദേശത്ത് പാചകവാതകം വിതരണം ചെയ്തിരുന്ന ഏജൻസികൾക്ക് ഐഒസിയുടെ കൊച്ചി പ്ലാന്റിൽ നിന്നു ലഭിച്ചിരുന്ന സിലിണ്ടർ കൊല്ലം പ്ലാന്റിലേക്കു മുന്നറിയിപ്പില്ലാതെ മാറ്റിയതാണു പ്രശ്നത്തിന് ഇടയാക്കിയത്.
സിലിണ്ടർ ലഭിക്കാത്തതിനാൽ പ്രദേശത്ത് 12 ദിവസമായി പാചകവാതക വിതരണം മുടങ്ങിയിരിക്കുകയാണ്. കൊല്ലം പ്ലാന്റിൽ സിലിണ്ടർ എടുക്കാനായി ഏജൻസിയുടെ ട്രക്കുകൾ എത്തിയപ്പോൾ ലോഡ് കയറ്റി വിടുന്നതിനെ അവിടത്തെ ഡ്രൈവർമാർ എതിർത്തു. കൊല്ലം പ്ലാന്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലോറികൾക്ക് ആവശ്യത്തിനു ലോഡ് ലഭ്യമാകാത്ത സാഹചര്യത്തിൽ പുറത്തു നിന്നുള്ള ലോറിയിൽ സിലിണ്ടർ കയറ്റരുതെന്നാണ് അവിടത്തെ ഡ്രൈവർമാരുടെ ആവശ്യം. കഴിഞ്ഞ ഒന്നു മുതൽ ബുക്കിങ് നടത്തിയവർക്കു പാചകവാതകം ലഭിക്കാത്ത അവസ്ഥയാണ്