ADVERTISEMENT

ആലപ്പുഴ∙ ജനറൽ ആശുപത്രി വളപ്പിലെ സിറിഞ്ചും പഞ്ഞിയും അടക്കമുള്ള ആശുപത്രി മാലിന്യങ്ങൾ ആശുപത്രിയുടെ പിൻവശത്തെ വീടുകളിലേക്ക് ഒഴുകിയെത്തുന്നതു പരിഹരിക്കാൻ മതിൽ നിർമിക്കുന്ന ജോലികൾ ആരംഭിച്ചു. ആശുപത്രിയുടെ പിന്നിൽ വടക്കു കിഴക്കു ഭാഗത്തായി താമസിക്കുന്ന എംഒ വാർഡ്, പാലസ് വാർഡ് പ്രദേശങ്ങളിലെ കുടുംബങ്ങളാണു ദുരിതത്തിൽ കഴിഞ്ഞിരുന്നത്. മാലിന്യം ഒഴുകിയെത്തുന്നതു മൂലം ഇവിടത്തെ നാൽപതോളം കുടുംബങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ കഴിയുന്നതു സംബന്ധിച്ചു മനോരമ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ്  നഗരസഭ അധ്യക്ഷയുടെ നിർദേശപ്രകാരം ആശുപത്രി സൂപ്രണ്ട് ഇടപെട്ട് അടിയന്തിര നടപടികൾ സ്വീകരിച്ചു ചുറ്റുമതിലിന്റെ നിർമാണം ആരംഭിച്ചത്. 

വർഷങ്ങളായി ഈ ഭാഗത്തെ മതിൽ തകർന്നു കിടക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് പെയ്ത കനത്ത മഴയിൽ ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ പ്രദേശവാസികളുടെ വീടുകളിലേക്ക് ഒഴുകിയെത്തിയിരുന്നു. തുടർന്നു പ്രായമായവർക്കും കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. പ്രദേശവാസികൾ ആശുപത്രി സൂപ്രണ്ടിനും കെ.സി വേണുഗോപാൽ എംപിക്കും പരാതി നൽകുകയും ചെയ്തിരുന്നു. മഴ ശമിച്ചതോടെ വീടുകളിലെ വെള്ളക്കെട്ടിനു കുറവുണ്ടായെങ്കിലും മതിലിനു വേണ്ടി എടുത്ത കുഴിയിൽ മലിനജലം കെട്ടിക്കിടക്കുകയാണ്.

കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ സ്ഥലം സന്ദർശിച്ചു. പിന്നീട് തൊഴിലാളികളെ ഉപയോഗിച്ച് ഈ ഭാഗത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. ഇന്നലെ മുതൽ മതിലിന്റെ നിർമാണം ആരംഭിക്കുകയും ചെയ്തു. നഗരസഭയുടെ ഫണ്ടും ആശുപത്രി വികസന സമിതിയിൽ നിന്നുള്ള ഫണ്ടും ചേർത്താണു മതിൽ നിർമിക്കുന്നത്. പ്രദേശവാസികൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം മതിലിന്റെ നിർമാണം പൂർത്തിയാക്കുമെന്നു നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com