ADVERTISEMENT

കായംകുളം∙ റെയിൽവേ സ്റ്റേഷന് സമീപം തയ്യിൽ– പെരിങ്ങാല റോഡിലെ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നവീകരണ പ്രവർത്തനം 27ന് തുടങ്ങും. ഓഗസ്റ്റ് 2 വരെയാണ് നിർമാണപ്രവർത്തനങ്ങൾക്കായി റോഡ് അടച്ചിടുന്നത്. നിലവിൽ അടിപ്പാതയിൽ കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് പരുക്കേൽക്കുകയും  വാഹനങ്ങളുടെ ടയർ കേടാകുന്നുമുണ്ട്. ചെറിയ മഴയിൽ പോലും ഒരു അടിക്ക് മുകളിൽ ഇവിടെ വെള്ളം കെട്ടി നിൽക്കും. 

തറനിരപ്പിൽ  നിന്നും ഒരു അടി കോൺക്രീറ്റ് ചെയ്ത് തറയോട് ഇടുന്ന നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.ഇവിടെ വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നം തറനിരപ്പ് ഉയർന്നാൽ മാത്രം പരിഹരിക്കപ്പെടില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. തറനിരപ്പ് ഉയരുന്നതോടെ വെള്ളക്കെട്ട് ഒരു വശത്തേക്ക് മാറും. ഈ വെള്ളം ഒഴുകിപ്പോകുന്നതിന് റെയിൽവേ ഇടപെട്ട് ഓട നിർമിച്ച് സമീപത്തെ മറ്റ് ഓടകളിലേക്കും തോട്ടിലേക്കും വെള്ളം ഒഴുക്കിവിട്ടില്ലെങ്കിൽ അടിപ്പാതയിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടുമെന്നും പറയുന്നുണ്ട്. പ്രശ്നത്തിൽ കെ.സി.വേണുഗോപാൽ എംപിയുടെ ഓഫിസും ഇടപെട്ടിട്ടുണ്ട്. 

നേരത്തെ കെപി റോഡിലെ അടിപ്പാതയിൽ തറയോട് നിരത്താനുള്ള പ്രവൃത്തികളാണ് റെയിൽവേ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ട തയ്യിൽ പെരിങ്ങാല റോഡിലെ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാത്തത് വലിയ വിവാദമുയർത്തിയിരുന്നു. ഇതേ തുടർന്നാണ് അടിയന്തരമായി ഈ അടിപ്പാത നവീകരിക്കുന്ന ജോലികൾ റെയിൽവേ ആരംഭിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് കായംകുളത്തിന്റെ കിഴക്കൻ മേഖലയായ പെരിങ്ങാല, ഓല കെട്ടിയമ്പലം, മാവേലിക്കര എന്നിവിടങ്ങളിലേക്ക് പോകുന്നതിന് യാത്രക്കാർ ആശ്രയിക്കുന്നത് തയ്യിൽ–പെരിങ്ങാല റോഡിനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com