മാക്കേക്കടവ് – നേരേകടവ് പാലം: ലോഞ്ചിങ് ഗർഡർ സ്ഥാപിച്ചു
Mail This Article
പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം പുനരാരംഭിച്ച ശേഷം നിർമിച്ച ആദ്യ ബീം കായലിലേക്ക് എത്തിച്ച് സ്ഥാപിക്കാനുള്ള ലോഞ്ചിങ് ഗർഡർ സ്ഥാപിച്ചു. ഇൗ ഗർഡറിലൂടെ യന്ത്രസഹായത്തോടെയാണ് കായലിൽ ബീം എത്തിച്ച് സ്ഥാപിക്കുക. മൂന്നു മാസം മുൻപ് പുനർനിർമാണം തുടങ്ങിയ ശേഷം ഒരു ബീമാണ് ആകെ നിർമിച്ചത്. ഇതാണ് ഇൗ ദിവസങ്ങളിൽ കായലിലെത്തിച്ച് സ്ഥാപിക്കുന്നത്.
മാക്കേക്കടവിൽ കരയിലാണ് ബീം നിർമിച്ചത്. 35 മീറ്റർ നീളവും 80 ടൺ ഭാരവുമാണ് ബീമിനുള്ളത്. ഇത് കരയിൽ നിന്നും കായലിൽ എത്തിച്ച ശേഷമാണ് ബാക്കി ബീമുകൾ നിർമിക്കുക. ബാക്കി നിർമിക്കുന്നതിന്റെ അനുബന്ധ പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. മേയ് പകുതിയോടെയാണ് ആദ്യ ബീം നിർമിച്ചത്. ഇത് ഉറച്ച് യോഗ്യമാകാൻ ഒരു മാസത്തോളം സമയമെടുത്തു. ഇതിനു ശേഷം കൂടുതൽ ബീമുകൾ നിർമിക്കാതെയുള്ള മെല്ലെപ്പോക്കിൽ പ്രതിഷേധം ഉയർന്നിരുന്നു.
ഒരേസമയം കൂടുതൽ ബീമുകൾ നിർമിക്കാൻ സ്ഥലമില്ലാത്തത് പ്രതിസന്ധിയാണെന്ന് അധികൃതർ പറഞ്ഞു. മാക്കേക്കടവിൽ റോഡ് ഭാഗത്താണ് ബീമുകൾ നിർമിക്കുന്നത്. സ്ഥലമുണ്ടെങ്കിൽ കൂടുതൽ ബീമുകൾ ഒരേസമയം നിർമിക്കാനാകുമെന്നും അധികൃതർ പറഞ്ഞു. ആകെ 80 ബീമുകളാണ് നിർമിക്കാനുള്ളത്. എല്ലാം മാക്കേക്കടവിൽ കരയിലാണ് നിർമിക്കുക.
നേരത്തെ 8 നാവിഗേഷൻ ബീമുകൾ കായലിന്റെ നടുക്കായി സ്ഥാപിച്ചിരുന്നു. ദേശീയ ജലപാത പ്രദേശമായതിനാൽ വലിയ ജലവാഹനങ്ങൾക്കും കടന്നു പോകാനുള്ള സൗകര്യത്തിനാണ് നാവിഗേഷൻ ബീം ചെയ്തിരിക്കുന്നത്.പാലം നിർമാണം പൂർത്തിയാക്കാൻ 2 വർഷം വേണമെന്നാണ് വിലയിരുത്തൽ. ബീമുകൾ നിർമിക്കുന്നത് വൈകിയാൽ നിർമാണം പൂർത്തിയാകലും വൈകും. ബീമുകളുടെ നിർമാണം വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.