ADVERTISEMENT

ചാരുംമൂട്∙ ജില്ലയിൽ ആദ്യമായി കാട്ടുപന്നികളെ കുരുക്കാൻ സോളർ വേലിയുമായി പാലമേൽ പഞ്ചായത്ത്.  കാട്ടുപന്നിയുട‌െ ആക്രമണത്തിൽ കോടിക്കണക്കിനു രൂപയുടെ കൃഷിനാശം സംഭവിച്ച പാലമേലിലാണു പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് 25 ലക്ഷത്തോളം രൂപ മുടക്കി കാർഷിക വിളകൾ സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഓണ വിപണിയിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറിയും മറ്റു കാർഷിക ഉൽപന്നങ്ങളും നൽകുന്നതിൽ ജില്ലയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന പഞ്ചായത്താണ് പാലമേൽ. 

ഇവിടെ നിന്നും പത്തനംതിട്ട, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലെ ഓണച്ചന്തകളിലേക്കും പച്ചക്കറി, കാർഷിക ഉൽപന്നങ്ങളും കയറ്റി അയയ്ക്കാറുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടേകാൽ കോടിയോളം രൂപയുടെ കൃഷികളാണ് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി നശിപ്പിച്ചത്.  ഇതിന് പരിഹാരം കാണാൻ സർക്കാർ തലത്തിലോ കൃഷി വകുപ്പോ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടു വർഷമായി കർഷകർ പ്രക്ഷോഭ പാതയിലായിരുന്നു. പലരും കൃഷി നിർത്തി. മറ്റുള്ളവർ നാമമാത്രമായ രീതിയിലേക്കു കൃഷി ചുരുക്കാൻ നിർബന്ധിതരുമായി.

ഇതിനു ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണു പാലമേൽ പഞ്ചായത്ത് സോളർ വേലിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.  കാട്ടുപന്നി ആക്രമണത്തിൽ കൃഷി നശിച്ചാൽ കർഷകർക്ക് കൃഷിവകുപ്പിൽ നിന്നോ വനംവകുപ്പിൽ നിന്നോ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. കൃഷി ഇൻഷുർ ചെയ്ത ചുരുക്കം കർഷകർക്ക് മാത്രം നാമമാത്രമായ ആനുകൂല്യം ലഭിച്ചിരുന്നു.2018ലെ വെള്ളപ്പൊക്കത്തിൽ കിഴക്കൻ വെള്ളത്തിന്റെ കൂടെ അച്ചൻകോവിൽ ആറ്റിലൂടെ ഒഴുകി എത്തിയതാണ് കാട്ടുപന്നികൾ. ഇവ വെട്ടിയാർ ഭാഗത്തു നിന്നും പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി ഭാഗത്ത് എത്തുകയായിരുന്നു.

മറ്റപ്പള്ളിയിലെ കാടുനിറഞ്ഞ പ്രദേശങ്ങൾ കയ്യടക്കിയ ഇവ തുടർന്നു പാലമേൽ, നൂറനാട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങൾ, ചുനക്കര, താമരക്കുളം എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. വലിയതോതിലാണ് ഇവ കാർഷിക വിളകൾ നശിപ്പിക്കുന്നത്. സോളർ വേലി സ്ഥാപിക്കുന്നതോടെ ഇതിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണു കർഷകരും പഞ്ചായത്ത്, കൃഷിവകുപ്പ് അധികൃതരും. 

സോളർ വേലി: നാളെ കർഷക കൺവൻഷൻ
ചാരുംമൂട്∙ പാലമേലിൽ സോളർ വേലികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10ന് മുഴുവൻ കർഷകരെയും ഉൾപ്പെടുത്തി  പഞ്ചായത്ത് വിപുലമായ കൺവൻഷൻ വിളിച്ചു. വേലി സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ വിശദീകരിക്കും. ഒരു മീറ്റർ സോളർ വേലി സ്ഥാപിക്കുന്നതിന് 170 രൂപയാണ് ചെലവ് കണക്കാക്കുന്നത്. പഞ്ചായത്തിലെ ഒരു ഏത്തവാഴ തോട്ടത്തിൽ  പരീക്ഷണാടിസ്ഥാനത്തിൽ ഈ വേലി സ്ഥാപിച്ചതു വിജയകരമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com