ADVERTISEMENT

ആലപ്പുഴ∙ കുട്ടനാട്ടുകാരുടെ സംസ്കാരവും ഐക്യവും വിളിച്ചോതുന്ന നെഹ്റു ട്രോഫി വള്ളംകളിയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. നെഹ്റു ട്രോഫി കേവലം മത്സരം മാത്രമല്ലെന്നും കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ ഉത്സവമാണെന്നും സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെഹ്റു ട്രോഫി വള്ളംകളി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കുന്ന സർക്കാർ യാതൊരു പാരമ്പര്യവും ഇല്ലാത്ത ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റിനായി 2 കോടി 45 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത് നെഹ്റു ട്രോഫി വള്ളംകളിയോടും കുട്ടനാട്ടിലെ ജനങ്ങളോടും ആലപ്പുഴയിലെ ടൂറിസം മേഖലയോടുമുള്ള സർക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാക്കുന്നു. ഇത്തരം ഇരട്ടത്താപ്പുകൾ അംഗീകരിക്കാൻ കഴിയില്ല.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരു കോടി രൂപ മാത്രമാണ് സർക്കാർ ഗ്രാൻഡുകൾ ആയി നൽകിയത്. ലോകത്തിലെ തന്നെ ഏറ്റവും അധികം കായികതാരകൾ ഒരേസമയം മത്സരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയോടുള്ള ചിറ്റമ്മനയം പരിശീലനത്തിന്റെ 80 ശതമാനവും പിന്നിട്ട 75 ൽ അധികം വള്ളങ്ങളിലെ കായികതാരങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

19 ചുണ്ടൻ വള്ളങ്ങൾ റജിസ്റ്റർ ചെയ്ത ഇത്തവണത്തെ വള്ളംകളിക്കായി ഇതിനോടകം തന്നെ 80 ലക്ഷത്തിലധികം രൂപ ഓരോ ബോട്ട് ക്ലബും ചെലവഴിച്ചെന്നാണ് കണക്ക്. കായിക വിനോദത്തിനപ്പുറം ആലപ്പുഴയിലെയും കുട്ടനാട്ടിലെയും സമ്പദ്ഘടനയിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന വള്ളംകളി ഉപേക്ഷിക്കുന്നത് മൂലം 4500 ലധികം കായികതാരങ്ങൾക്ക് ശമ്പള ഇനത്തിൽ മാത്രം ലഭിക്കുന്ന 10,000 കണക്കിന് രൂപയും ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് ലഭിക്കുന്ന വരുമാനവും നിലയ്ക്കും. വിജയിക്ക് ലഭിക്കുന്ന കേവലം 5,00,000 രൂപയ്ക്ക് വേണ്ടിയല്ല കുട്ടനാട്ടുകാർ നെഹ്റു ട്രോഫി വള്ളംകളിക്കായി ഒത്തുചേരുന്നത്. മറിച്ച് വള്ളംകളി കുട്ടനാട്ടുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന കായിക വിനോദമാണ്.

നെഹ്റു ട്രോഫി വള്ളംകളിയെ തഴഞ്ഞ് സ്ഥാപിത താൽപര്യങ്ങൾക്കായി യാതൊരു പാരമ്പര്യവും ഇല്ലാത്ത മറ്റു പരിപാടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ കുട്ടനാട്ടിലെ ബോട്ട് ക്ലബുകളുമായി ചേർന്ന് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

English Summary:

Kodikkunil Suresh MP Slams Government's Decision to Scrap Nehru Trophy Boat Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com