അരക്കോടിയോളം രൂപ ചെലവഴിച്ചു ട്രയൽ നടത്തി; വള്ളംകളി വെള്ളത്തിലാക്കല്ലേ...!
Mail This Article
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിക്കരുതെന്ന ആവശ്യവുമായി വള്ളംകളിപ്രേമികൾ. വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസും ബോട്ട് റേസസ് ഫെഡറേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളോടു വ്യക്തമാക്കിയ സാഹചര്യത്തിലാണ് എങ്ങനെയെങ്കിലും വള്ളംകളി നടത്താനുള്ള വഴി കാണണമെന്ന ആവശ്യം ശക്തമായത്.
വള്ളംകളിയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പുകളിലും അക്കൗണ്ടുകളിലും വള്ളംകളി നടത്തുന്നതു സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചു. കഴിഞ്ഞ ദിവസമാണ് കേരള ബോട്ട് റേസസ് ഫെഡറേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ മന്ത്രിമാരെ കണ്ടത്. ഇക്കാര്യം ഇവർ ക്ലബ് ഭാരവാഹികളുടെയും വള്ളം ഉടമകളുടെയുമെല്ലാം വാട്സാപ് ഗ്രൂപ്പിൽ അറിയിച്ചതോടെയാണ് വള്ളംകളി നടത്തണമെന്ന ആവശ്യവുമായി വള്ളംകളിപ്രേമികൾ സമൂഹമാധ്യമങ്ങളിൽ സജീവമായത്.
സർക്കാർ ധനസഹായമില്ലാതെ നെഹ്റു ട്രോഫി നടത്താനാകുമെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയിലെ ഒരു വിഭാഗം പറയുന്നു. വള്ളങ്ങൾക്കുള്ള ബോണസും സമ്മാനത്തുകയും കുറച്ചും സംഘാടനത്തിൽ ചെലവു ചുരുക്കിയും കൂടുതൽ സ്പോൺസർമാരെ കണ്ടെത്തി സർക്കാർ ഗ്രാന്റിനു പകരം വരുമാനം കണ്ടെത്തിയും നഷ്ടമില്ലാതെ വള്ളംകളി നടത്താമെന്നാണ് ഇവർ പറയുന്നത്.
സർക്കാർ ഗ്രാന്റ് ഇല്ലാതെ നടത്തുന്ന മറ്റു വള്ളംകളികൾ മാതൃകയാക്കാമെന്നും ഇവർ പറയുന്നു. അരക്കോടിയോളം രൂപ ചെലവഴിച്ചു ട്രയൽ നടത്തിയതിനാൽ ഇനി വള്ളംകളി നടത്തിയില്ലെങ്കിൽ ഭാരിച്ച നഷ്ടമുണ്ടാകുമെന്നു ക്ലബ്ബുകളും വള്ളസമിതികളും പറയുന്നു. സെപ്റ്റംബർ അവസാന ആഴ്ച നെഹ്റു ട്രോഫി വള്ളംകളി മത്സരം നടത്തണമെന്നും െസപ്റ്റംബറിൽ പ്രാദേശികമായി ഒട്ടേറെ വള്ളംകളികൾ ഉള്ളതിനാൽ നെഹ്റു ട്രോഫിക്കായി വീണ്ടും ട്രയൽ എടുക്കേണ്ടതില്ലെന്നും ഇവർ പറയുന്നു.
ജനപ്രതിനിധികൾക്കെതിരെ ആരോപണം
നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ടു സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടാകാത്തതിനാൽ ജനപ്രതിനിധികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം കടുക്കുന്നു. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ നിഷ്ക്രിയരാണെന്നും വള്ളംകളിക്കു വേണ്ടി ശബ്ദിക്കാൻ പോലും ഇവർ ശ്രമിച്ചില്ലെന്നുമാണ് ആരോപണം. അടുത്തിടെ ഇറങ്ങിയ സിനിമ പോസ്റ്ററുകളിൽ ജനപ്രതിനിധികളുടെ ചിത്രം ചേർത്തും പ്രചരിക്കുന്നുണ്ട്.
നെഹ്റു ട്രോഫി ഒഴിവാക്കരുത്: ടി.ജെ.ആഞ്ചലോസ്
ആലപ്പുഴ∙ നെഹ്റു ട്രോഫി ജലമേള റദ്ദാക്കരുതെന്നു സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജലമേളയുടെ തീയതിയും മാറ്റി വയ്ക്കാനുള്ള നിർദേശം എല്ലാവരും അംഗീകരിച്ചതാണ്. എന്നാൽ ജലമേള റദ്ദാക്കുമെന്ന വാർത്തകൾ ടൂറിസം മേഖലയിൽ വലിയ സാമ്പത്തിക നഷ്ടവും വള്ളംകളി പ്രേമികൾക്കിടയിൽ നിരാശയുമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കരുത്: മുഖ്യമന്ത്രിക്ക് കെ.സിയുടെ കത്ത്
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളി മത്സരം റദ്ദാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.സി.വേണുഗോപാൽ എംപി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവയ്ക്കാൻ തീരുമാനിക്കുകയും പിന്നീടു നടത്താമെന്ന ധാരണയിൽ എത്തുകയും ചെയ്തിരുന്നു. എന്നാലതിന് കടകവിരുദ്ധമായി നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്കു സർക്കാർ പോയതായി അറിഞ്ഞു. ആ തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും കെ.സി. ആവശ്യപ്പെട്ടു.
വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
വള്ളംകളിയെ തകർക്കുന്ന തീരുമാനത്തിൽ നിന്നു പിന്മാറണം: കൊടിക്കുന്നിൽ സുരേഷ്
ആലപ്പുഴ∙ കുട്ടനാട്ടുകാരുടെ സംസ്കാരവും ഐക്യവും വിളിച്ചോതുന്ന ചരിത്ര പ്രാധാന്യമുള്ള നെഹ്റു ട്രോഫി വള്ളംകളിയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നു സംസ്ഥാന സർക്കാർ പിന്മാറണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. നെഹ്റു ട്രോഫി കേവലം ഒരു മത്സരം മാത്രമല്ലെന്നും കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ ഉത്സവമാണെന്നും സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിക്കുന്ന സർക്കാർ യാതൊരു പാരമ്പര്യവും ഇല്ലാത്ത ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റിനായി 2.45 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നതു കുട്ടനാട്ടിലെ ജനങ്ങളോടും ആലപ്പുഴയിലെ ടൂറിസം മേഖലയോടുമുള്ള സർക്കാരിന്റെ നയം എന്താണെന്നു വ്യക്തമാക്കി.