നെഹ്റു ട്രോഫി: ഒരുക്കങ്ങളുമായി ബോട്ട് റേസ് കമ്മിറ്റി; താൽക്കാലിക പവിലിയൻ നിർമാണം നാളെ മുതൽ
Mail This Article
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനുള്ള താൽക്കാലിക പവിലിയൻ നിർമാണവും ട്രാക്ക് വേർതിരിച്ച് കുറ്റിയടിക്കലും നാളെ തുടങ്ങാൻ തീരുമാനം. നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടേതാണു തീരുമാനം. വള്ളംകളിക്കു വേണ്ടിയുള്ള സജ്ജീകരണങ്ങൾ 80% പൂർത്തിയാക്കിയപ്പോഴാണു വള്ളംകളി മാറ്റി തീരുമാനമെത്തിയത്. ഇതോടെ പണികൾ നിർത്തിയിരുന്നു.
ട്രാക്ക് വേർതിരിക്കാൻ നാട്ടിയ കുറ്റികൾ ബോട്ടുകൾ ഇടിച്ചു പൂർണമായി നശിച്ചു. താൽക്കാലിക പവിലിയനും ഭാഗിക നാശനഷ്ടമുണ്ടായി. ഇവ പരിഹരിക്കാൻ നഷ്ടപരിഹാരം നൽകും.അതിനായി ഇൻഫ്രാസ്ട്രക്ചർ സബ് കമ്മിറ്റിയുടെ ബജറ്റ് 50 ലക്ഷത്തിൽ നിന്ന് 64 ലക്ഷമായി ഉയർത്തി.
വള്ളംകളിയോടനുബന്ധിച്ചു വഞ്ചിപ്പാട്ട് മത്സരം നടത്താൻ 6 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തോളം രൂപ ചെലവിട്ടു പ്രചാരണം കഴിഞ്ഞപ്പോഴാണു വള്ളംകളി മാറ്റി വച്ചത്.
വഞ്ചിപ്പാട്ട് മത്സരവും ഉപേക്ഷിച്ചു. ഈയിനത്തിൽ ബാക്കിയുള്ള 5 ലക്ഷം രൂപ കൂടി ചേർക്കുമ്പോൾ ബജറ്റിൽ 19 ലക്ഷത്തിന്റെ വർധനയാണുണ്ടായത്. നെഹ്റു പവിലിയന്റെ മേൽക്കൂര നവീകരിക്കാൻ 20 ലക്ഷമാണു ചെലവു വന്നത്.
ഇതു വള്ളംകളിയുടെ ബജറ്റിൽനിന്നല്ല. രാഷ്ട്രപതി എത്തുമെന്നതിനാൽ ടൂറിസം വകുപ്പിൽനിന്നു കിട്ടുമെന്ന പ്രതീക്ഷയിൽ നടത്തിയ നിർമാണമാണ്. ടൂറിസം വകുപ്പിൽനിന്ന് ഈ പണം കിട്ടിയില്ലെങ്കിൽ അതും വള്ളംകളിയുടെ പേരിലുള്ള ബാധ്യതയാകും
പരസ്യ വരുമാനവും ആശങ്കയിൽ
ഓണക്കാലത്തെ വിൽപന ലക്ഷ്യമാക്കിയാണു വാഹന നിർമാതാക്കൾ ഉൾപ്പെടെയുള്ളവ നെഹ്റു ട്രോഫി മത്സര സ്ഥലത്തു പരസ്യം നൽകുന്നത്. ഓണം കഴിയുന്നതോടെ ആളുകളുടെ കയ്യിലെ പണം തീരുകയും വിപണിയിൽ വിൽപന കുറയുകയും ചെയ്യും.
ഈ സമയത്താണ് ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി. അതിനാൽ ഇത്തവണ നെഹ്റു ട്രോഫിക്കു പരസ്യം നൽകുന്നതിലൂടെ കൂടുതൽ കച്ചവടം പിടിക്കാൻ കമ്പനികൾക്കാകില്ലെന്നാണു കണക്കുകൂട്ടൽ. അതിനാൽ പരസ്യത്തിൽ നിന്നുള്ള വരുമാനം കുറയാനും സാധ്യതയുണ്ട്.
മുൻപു പ്രതീക്ഷിച്ചിരുന്ന ടിക്കറ്റ് വിൽപന നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കെ പരസ്യ വരുമാനം കൂടി കുറയുന്നതു വള്ളംകളി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. ഏതാനും വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വർഷമാണു നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ് ലാഭത്തിലായത്.