നാടുവിട്ട ദമ്പതികൾ ഒരുവട്ടം തിരികെയെത്തി മടങ്ങി; ഗൂഗിൾ പേ വഴി പണമെത്തി; പിന്നാലെ പൊലീസ്
Mail This Article
കലവൂർ∙ കൊച്ചി സ്വദേശി സുഭദ്രയുടെ മരണത്തിൽ പ്രതികളെന്നു സംശയിക്കുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (35) ഭാര്യ ശർമിളയും (38) കൊലപാതകത്തിനു പിന്നാലെ വീടുവിട്ടെങ്കിലും പിന്നീട് ഒരിക്കൽകൂടി കലവൂർ കോർത്തുശേരിയിലെ വീട്ടിലെത്തി. സുഭദ്രയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുമ്പോൾ ഓഗസ്റ്റ് 24 നായിരുന്നു ഈ സന്ദർശനം. ഇവർ എത്തിയതറിഞ്ഞു മണ്ണഞ്ചേരി, കടവന്ത്ര പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ദമ്പതികളെ കണ്ടെത്താനായില്ല.ഓഗസ്റ്റ് 4 മുതൽ സുഭദ്രയെ കാണാനില്ലെന്ന പരാതി ഏഴിനാണു പൊലീസിനു ലഭിക്കുന്നത്. സുഭദ്രയുടെ ഫോൺവിളി രേഖകൾ പരിശോധിച്ചപ്പോൾ അവസാനമായി വിളിച്ച മാത്യൂസിന്റെയും ശർമിളയുടെ നമ്പർ ലഭിച്ചു. തുടർന്ന് ഓഗസ്റ്റ് 10ന് കടവന്ത്ര പൊലീസ് മാത്യൂസിനെ ഫോണിൽ വിളിച്ചു.സുഭദ്ര വീട്ടിലെത്തിയിരുന്നെന്നും ഓഗസ്റ്റ് 5ന് എറണാകുളത്തേക്കുള്ള ബസിൽ കയറ്റി വിട്ടെന്നുമാണു മാത്യൂസ് പൊലീസിനോടു പറഞ്ഞത്.
ഈ ഫോൺ വിളിക്കു ശേഷമാണു ദമ്പതികളുടെ ഫോൺ സ്വിച്ച് ഓഫ് ആയതും ഇവർ നാടു വിട്ടതും.ഓഗസ്റ്റ് 4ന് സുഭദ്രയും ശർമിളയും ഒന്നിച്ചു എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു മുന്നിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിക്കുന്നത് ഓഗസ്റ്റ് 15നാണ്.ഇതിനു പിന്നാലെ പൊലീസ് കോർത്തുശേരിയിലെ വീട്ടിലെത്തിയപ്പോഴാണു ഇരുവരും നാടുവിട്ട സംഭവം അറിഞ്ഞത്. എന്നാൽ ഓഗസ്റ്റ് 24നു മാത്യൂസിനെയും ശർമിളയെയും കാട്ടൂർ ബസ് സ്റ്റോപ്പിൽ കണ്ടെന്നു പൊലീസിനു രഹസ്യ വിവരം ലഭിച്ചു.പൊലീസെത്തി സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ആലപ്പുഴ ജില്ലയിൽ തുറവൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇവർ താമസിച്ചിരുന്നതായും സൂചനയുണ്ട്.
ഗൂഗിൾ പേ വഴി പണമെത്തി; അതിനു പിന്നാലെ പൊലീസ്
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് ഇരുവരും ഉഡുപ്പിയിൽ എത്തിയിട്ടുണ്ടെന്നു പൊലീസ് മനസ്സിലാക്കിയത്. ഉഡുപ്പിയിൽ ധനകാര്യ സ്ഥാപനത്തിൽ സ്വർണം പണയം വച്ചു പണം ഗൂഗിൾ പേ വഴിയാണു മാത്യൂസിന്റെ അക്കൗണ്ടിലെത്തിയത്. പിന്നാലെ പൊലീസ് ഈ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇരുവരും ഉഡുപ്പിയിൽ എത്തിയെന്നു മനസ്സിലാക്കി. ആലപ്പുഴയിലെ ജ്വല്ലറിയിൽ സ്വർണം വിറ്റതും ഇതേ മാർഗത്തിലാണു കണ്ടെത്തിയത്.ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളിലായി പൊലീസിന്റെ പല സംഘങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്. ഉഡുപ്പി സ്വദേശിയായ ശർമിള കുറെക്കാലം മംഗളൂരുവിലെ ഒരു അനാഥാലയത്തിൽ കഴിഞ്ഞിരുന്നു. 8 വർഷം മുൻപാണ് എറണാകുളത്തെത്തിയത്. അവിടെ വച്ചാണു സുഭദ്രയെ പരിചയപ്പെട്ടത്. 4 വർഷം മുൻപായിരുന്നു മാത്യൂസുമായുള്ള വിവാഹം.
കൊലപാതകത്തിനു മുൻപേ കുഴിയെടുത്തു ?
സുഭദ്ര കൊല്ലപ്പെടുന്നതിനു മുൻപു തന്നെ കുഴിയെടുത്തോ എന്നും പൊലീസ് സംശയിക്കുന്നു. കുഴിയെടുക്കാൻ വന്ന തൊഴിലാളി സുഭദ്രയെ വീട്ടിൽ കണ്ടിരുന്നതായി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കുഴിയെടുത്ത ശേഷം ആസൂത്രിതമായി നടത്തിയ കൊലയാകാമെന്നും പൊലീസ് കരുതുന്നു.
മാത്യൂസിന്റെ സുഹൃത്തിനും പങ്കെന്നു സംശയം
കലവൂർ ∙ ഒരു മാസം മുൻപു കാണാതായ കൊച്ചി സ്വദേശി സുഭദ്രയുടെ മൃതദേഹം കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന മാത്യൂസിനും ശർമിളയ്ക്കും പുറമേ ഒരാൾക്കു കൂടി പങ്കുണ്ടെന്നു സംശയം. മാത്യൂസിന്റെ സുഹൃത്തായ കാട്ടൂർ സ്വദേശിയുടെ പങ്കാണു പൊലീസ് പരിശോധിക്കുന്നത്. സുഭ്രദയ്ക്കും മാത്യൂസിനും ശർമിളയ്ക്കുമൊപ്പം ഇയാളെ വീടിന്റെ പരിസരത്തു സമീപവാസികൾ കണ്ടിട്ടുണ്ട്.കൊച്ചിയിൽ നിന്നു കാണാതായതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ സുഭദ്ര കോർത്തുശേരിയിൽ മാത്യൂസും ശർമിളയും താമസിക്കുന്ന വീട്ടിലുണ്ടായിരുന്നു. ഈ ദിവസങ്ങളിലാണ് ഇവിടെ മാത്യൂസിന്റെ സുഹൃത്തിന്റെ സാന്നിധ്യമുണ്ടായിരുന്നത്. ഒരു ദിവസം വൈകുന്നേരം ഇയാൾ ഈ വീടിനടുത്തുള്ള സൈക്കിൾ വർക്‌ഷോപ്പിൽ ഓട്ടോ ഡ്രൈവർമാരുടെ നമ്പർ തിരക്കി. സുഭദ്ര കാൽവഴുതി നിലത്തു വീണതായും ആശുപത്രിയിൽ കൊണ്ടുപോകാനാണെന്നുമാണു പറഞ്ഞത്. നമ്പർ കിട്ടാത്തതിനാൽ തിരികെ പോയി. പിന്നീട് രാത്രി മാത്യൂസും ശർമിളയും ഈ സുഹൃത്തും ചേർന്നു സുഭദ്രയെ ഓട്ടോയിൽ തിരിച്ചു കൊണ്ടുവന്നതും സമീപവാസികൾ കണ്ടിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ കടവന്ത്ര പൊലീസ് ഇയാളുടെ മൊഴിയെടുത്തിരുന്നു. മണ്ണഞ്ചേരി പൊലീസ് അടുത്ത ദിവസം ഇയാളോടു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ശർമിളയെ ഭയമായിരുന്നുവെന്ന് മാത്യൂസിന്റെ പിതാവ്
കലവൂർ∙ മദ്യപിച്ചാൽ ശർമിളയുടെ പ്രകൃതം മാറുമെന്നും തനിക്കും ഭാര്യയ്ക്കും ഭയമായിരുന്നെന്നും മാത്യൂസിന്റെ പിതാവ് കാട്ടൂർ പള്ളിപ്പറമ്പിൽ ക്ലീറ്റസ്. പലപ്പോഴും ആത്മഹത്യാപ്രവണത കാണിച്ചിരുന്നെന്നും ജീവനൊടുക്കാൻ കടലിനടുത്തേക്ക് ഓടുന്നതും പതിവായിരുന്നെന്നും ക്ലീറ്റസ് പറയുന്നു. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹം പിരിഞ്ഞ ശേഷം വിവാഹത്തിനു താൽപര്യമില്ലാതിരുന്ന മാത്യൂസിനെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുകയായിരുന്നു.ഒരിക്കൽ മദ്യപിച്ചു വഴക്കുണ്ടാക്കുന്നതിനിടയിൽ ശർമിള ഫാൻ എടുത്തു തന്നെ അടിച്ചെന്നും ക്ലീറ്റസ് പറയുന്നു. തുടർന്നു മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകുകയും പൊലീസെത്തി അവർക്കു താക്കീതും നൽകി.
തുടർന്നാണു വാടക വീട്ടിലേക്കു താമസം മാറുന്നത്.ജൂലൈ പകുതിയോടെ മാത്യൂസിന്റെ കൈ മുറിഞ്ഞപ്പോൾ കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കാണു കൊണ്ടുവന്നത്. എന്തോ മുറിച്ചപ്പോൾ കൈ മുറിഞ്ഞെന്നാണു പറഞ്ഞതെങ്കിലും ഇരുവരും തമ്മിൽ വഴക്കുണ്ടായപ്പോൾ ശർമിള കത്തി ഉപയോഗിച്ചു വെട്ടിയതാണെന്നാണു മനസ്സിലായത്. മാത്യൂസിന്റെ കയ്യിലെ മുറിവ് ഭേദമാകുന്നതിനു മുൻപു ശർമിള നിർബന്ധിച്ചാണു വാടക വീട്ടിലേക്കു താമസം മാറിയത്. പിന്നീടു ബന്ധപ്പെട്ടിട്ടില്ലെന്നും ക്ലീറ്റസ് പറഞ്ഞു.ഏതാനും വർഷം മുൻപു സുഭദ്രയുടെ കയ്യിൽ നിന്നു ശർമിള പണം കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടു സുഭദ്ര വീട്ടിലെത്തി ബഹളം വച്ചപ്പോൾ 7,000 രൂപ നൽകി ഒത്തുതീർപ്പാക്കിയതു താനാണെന്നും ക്ലീറ്റസ് പറഞ്ഞു.