ഓണം ലക്ഷ്യമിട്ട് ചാരായം വാറ്റി വിൽപന; പ്രതി അറസ്റ്റിൽ
Mail This Article
മാവേലിക്കര∙ ഓണം ലക്ഷ്യമിട്ട് ചാരായം വാറ്റി വിൽപന നടത്തിയയാൾ അറസ്റ്റിൽ. പാലമേൽ ഉളവുക്കാട് പള്ളിപ്പടീറ്റത്തിൽ രതീഷ് (38) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ അബ്കാരി കേസ് എടുത്തു. 12 ലീറ്റർ ചാരായവും 80 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാലവിള മുക്കിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു കുപ്പി ചാരായത്തിന് 800 രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ചെയ്തിരുന്നത്. മുൻപ് ടിപ്പർ ലോറി ഓടിച്ചിരുന്ന ഇയാൾ വൻ ലാഭം പ്രതീക്ഷിച്ചാണ് ചാരായ കച്ചവടത്തിലേക്ക് തിരിഞ്ഞത്. സ്വന്തമായാണ് വാറ്റുന്നത്. നിറവും സ്വാദും കിട്ടാനായി ദാഹശമനിയും ഉപയോഗിച്ചിരുന്നു. ഒരു മാസം അൻപതിനായിരത്തോളം രൂപ ലാഭം കിട്ടും. കിട്ടുന്ന തുക വീട്ടിലെ ആവശ്യത്തിനും സ്വന്തം ചെലവിനും എടുക്കും.
ഒരു മാസമായി പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മുൻപും ഇയാളുടെ പേരിൽ ചാരായ കേസ് എടുത്തിട്ടുണ്ട്. മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.അൻവർ സാദത്ത്, എക്സൈസ് ഇൻസ്പെക്ടർ ജി.പ്രസന്നൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബെന്നി മോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ താജുദ്ദീൻ, വി.കെ.രാജേഷ് കുമാർ, രാകേഷ് ആർ. കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.