ADVERTISEMENT

വിദേശ രാജ്യങ്ങളിൽ റോഡിലേക്ക് ഇറക്കിയിട്ട കസേരകളിലിരുന്നു ഭക്ഷണം കഴിച്ചു കൊച്ചുവർത്തമാനം പറയുന്ന വിഡിയോകൾ കണ്ടിട്ടില്ലേ, അതേ മാതൃകയിൽ ആലപ്പുഴയിൽ ഈവനിങ് ഫുഡ് – ആർട് സ്ട്രീറ്റ് നിർമിക്കാനുള്ള പദ്ധതിക്ക് എന്താണു പറ്റിയത്?

ആലപ്പുഴ∙ ജോലി കഴിഞ്ഞു വീട്ടിലെത്തി കുടുംബവുമൊത്ത് ഭക്ഷണം കഴിക്കാൻ പോകാം. സംഗീതത്തിന്റെയും മറ്റു കലാപരിപാടികളുടെയും പശ്ചാത്തലത്തിൽ റോഡിലേക്ക് ഇറക്കിയിട്ട കസേരകളിലിരുന്നു പലതരം ഭക്ഷണം ആസ്വദിക്കാം– വിദേശ രാജ്യങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾക്കു സമാനമായി ആലപ്പുഴയിലും ഫുഡ് സ്ട്രീറ്റ് വരുന്നു എന്നു കേട്ടപ്പോൾ ഇതുപോലെ നാവിൽ കപ്പലോടിച്ചവരാകും മിക്കവരും. എന്നാൽ രണ്ടു വർഷത്തോളമായിട്ടും ഫുഡ് സ്ട്രീറ്റ് സ്വപ്നമായിത്തന്നെ തുടരുന്നു.

സന്ധ്യ കഴിഞ്ഞാൽ നഗരത്തിലെ മിക്ക സ്ഥലങ്ങളും ഇരുട്ടിൽ. രാത്രി 10നു ശേഷം ഏതാനും തട്ടുകടകളും വൻകിട ഹോട്ടലുകളും മാത്രം. ബീച്ചിലെത്തുന്നവർക്കാകട്ടെ, വിശ്വസിച്ചു ഭക്ഷണം കഴിക്കാവുന്ന, വൃത്തി ഉറപ്പാക്കിയ ഭക്ഷണശാലകളുമില്ല. ഇതിനെല്ലാം പരിഹാരമായാണു ഈവനിങ് ഫുഡ് – ആർട് സ്ട്രീറ്റ് എന്ന പദ്ധതി ആവിഷ്കരിച്ചത്. 2022 നവംബർ 14ലെ നഗരസഭായോഗത്തിൽ പദ്ധതിക്ക് അനുമതി നൽകി. 2023ലെ പുതുവത്സരത്തിൽ ആലപ്പുഴ ലൈറ്റ്ഹൗസ് റോഡിൽ ഈവനിങ് ഫുഡ് – ആർട് സ്ട്രീറ്റ് ആരംഭിക്കുമെന്നാണു നഗരസഭ പറഞ്ഞിരുന്നത്. അതും കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും ആലപ്പുഴയിലെ രാത്രികാഴ്ചകൾക്കു മാറ്റമില്ല.

ഈവനിങ് ഫുഡ് –ആർട് സ്ട്രീറ്റ് ഇങ്ങനെ
ലൈറ്റ്ഹൗസിന്റെ പ്രധാന കവാടത്തിൽ നിന്നു തുടങ്ങി, തുറമുഖ വകുപ്പിന്റെ പുരാതന കെട്ടിടത്തിന്റെയും സിവിൽ സപ്ലൈസ് കോർപറേഷന്റെ 7 സംഭരണശാലകളുടെയും മുന്നിലൂടെയുള്ള എലിഫന്റ് സ്ട്രീറ്റിൽ 300 മീറ്റർ നീളത്തിലാണ് ഈവനിങ് ഫുഡ് – ആർട് സ്ട്രീറ്റ്. ബീച്ചിൽനിന്നു 150 മീറ്റർ ദൂരം മാത്രമേ ഉണ്ടാകൂ. ഒരേസമയം മൂവായിരത്തോളം പേരെയും 300 കാറുകളെയും ഉൾക്കൊള്ളാൻ സ്ഥലം ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. ദിവസവും വൈകിട്ട് 5 മുതൽ രാത്രി 12 വരെയാണ് ഫുഡ് സ്ട്രീറ്റിന്റെ പ്രവർത്തനം.

തുറമുഖത്തിന്റെ കെട്ടിടം പരിഷ്കരിച്ച് ആംഫി തിയറ്റർ നിർമിക്കും. റോഡും നടപ്പാതയും ടൈൽ പാകും. പക്ഷേ, സ്ഥിരം നിർമാണങ്ങൾ ഉണ്ടാകില്ല. പ്രവേശന കവാടം, സെക്യൂരിറ്റി മുറി, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. നിലവിൽ സപ്ലൈകോയിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന ശുചിമുറി കെട്ടിടം നവീകരിച്ച് എല്ലാവർക്കും ഉപയോഗിക്കാവുന്ന രീതിയിലാക്കും. പദ്ധതിക്കായി 46 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

പ്രത്യേകതകൾ
∙ കുട്ടികൾക്കു വേണ്ടി മാത്രം കളികളും പരിപാടികളും സംഘടിപ്പിക്കും. പരിപാടികൾ കാണാൻ കഴിയുന്ന പ്രൊജക്ടർ സ്ക്രീൻ ഉണ്ടാകും. കളറിങ് ഫ്ലോറുകളും ആരംഭിക്കും. ആർട് ഫൊട്ടോഗ്രഫി, എക്സിബിഷൻ ഏരിയ, സാംസ്കാരിക പരിപാടികൾക്കും കൂട്ടായ്മകൾക്കുമായി ആംഫി തിയറ്റർ.

∙ വെനീസ് രീതിയിലുള്ള എടുത്തു മാറ്റാവുന്ന 30 ഫുഡ് ട്രക്കുകളുള്ള തെരുവാണു വിഭാവനം ചെയ്തത്. നാടൻ രുചിക്കൂട്ടുകൾ മുതൽ ചൈനീസ് വിഭവങ്ങൾ വരെ വിളമ്പും. ഐസ്ക്രീം – ജ്യൂസ് എന്നിവയ്ക്കായി പ്രത്യേക സ്ഥലമൊരുക്കും. കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ഫുഡ് ട്രക്ക്, ഡിടിപിസിയുടെ ഫുഡ് ട്രക്ക് എന്നിവ ഉണ്ടാകുമെന്നായിരുന്നു അന്നത്തെ തീരുമാനം.∙ സ്ട്രീറ്റിൽ ഉപയോഗിക്കുന്ന ഗ്ലാസ്, ട്രക്ക്, പരസ്യം, നിറം, കസേര, ലൈറ്റ് തുടങ്ങിയവയ്ക്കെല്ലാം കൃത്യമായ നിർദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ടാകും. ലേലം, പരസ്യം തുടങ്ങിയവയിൽ നിന്നുമാണു നഗരസഭ വരുമാനം പ്രതീക്ഷിക്കുന്നത്.

∙ നൈറ്റ് സ്ട്രീറ്റിലെ ഭക്ഷണ അവശിഷ്ടം ഉൾപ്പെടെയുള്ള മാലിന്യം ഓട വഴി ഒരു കുഴിയിലേക്ക് എത്തിക്കും. ഇവിടെ നിന്നു മൊബൈൽ സെപ്റ്റേജ് യൂണിറ്റ് വാഹനങ്ങളുപയോഗിച്ചു മാലിന്യം ശേഖരിക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു രണ്ടു മൊബൈൽ സെപ്റ്റേജ് വാഹനങ്ങൾ സജ്ജമാക്കിയത്. നഗരത്തിലെ ശുചിമുറികളിൽ നിന്നുള്ള മാലിന്യം ശേഖരിക്കാനും ഇതേ വാഹനങ്ങൾ ഉപയോഗിക്കും.

റോഡിൽ കിട്ടിയ പണി
പിഡബ്ല്യുഡി റോഡിലാണ് ഈവനിങ് ഫുഡ് – ആർട് സ്ട്രീറ്റ് നിർമിക്കുന്നത്. തിരക്കുള്ള റോഡ് പൂർണമായും അടച്ചുകൊണ്ടുള്ള പദ്ധതിയാണെന്നാണു പിഡബ്ല്യുഡി ഉദ്യോഗസ്ഥർ കരുതിയത് അനുമതി വൈകാനിടയാക്കി. ‌എന്നാൽ സപ്ലൈകോയുടെ സംഭരണശാലയിലേക്കുള്ള വാഹനങ്ങളാണു പ്രധാനമായും ഈ റോഡിനെ ആശ്രയിക്കുന്നതെന്നും സംഭരണശാലയിൽ നിന്നുള്ള ചരക്കുനീക്കം അവസാനിച്ച ശേഷം വൈകിട്ട് 5 മുതലാണു നൈറ്റ് സ്ട്രീറ്റ് ആരംഭിക്കുന്നതെന്നും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ടി വന്നു. 2022 നവംബറിൽ പ്രഖ്യാപിച്ച പദ്ധതിയിൽ പിഡബ്ല്യുഡി വിഭാഗത്തിന്റെ അനുമതി ലഭിക്കുന്നതിനു തന്നെ 2023 മേയ് വരെ കാത്തിരിക്കേണ്ടി വന്നു.

ഒരു വർഷം വൈകി
2023 ഓഗസ്റ്റിനു ശേഷം ഈവനിങ് ഫുഡ് – ആർട് സ്ട്രീറ്റ് നിർമാണത്തിന് തടസ്സങ്ങൾ കുറവായിരുന്നു. പദ്ധതിക്കായി മുൻ വർഷത്തെ ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിക്കാതെയുണ്ട്. റോഡ് ഉപയോഗിക്കാൻ പിഡബ്ല്യുഡിയുടെ അനുമതിയും ലഭിച്ചു. എങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ പദ്ധതി വൈകി. 2023ൽ നഗരസഭാധ്യക്ഷയായി പുതിയയാൾ എത്തിയതോടെ ഫുഡ് സ്ട്രീറ്റ് ഉൾപ്പെടെ പഴയ പദ്ധതികൾ പലതും നിലച്ചെന്ന് ആരോപണമുണ്ടായിരുന്നു.

കടൽത്തീരത്തിനോടടുത്ത്
കടൽത്തീരത്തോടു ചേർന്നു നിർമാണപ്രവർത്തനം നടത്തുന്നതിനെതിരെ നഗരസഭ കൗൺസിലിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു. തീരദേശത്തുള്ളവർക്കു തീരപരിപാലന നിയന്ത്രണ നിയമത്തിന്റെ പേരിൽ വീടു നിർമിക്കാനുള്ള അനുമതി നൽകാതിരിക്കെ, കടൽത്തീരത്തുനിന്ന് 150 മീറ്ററിനുള്ളിൽ പുതിയ നിർമാണം നടത്തുന്നതാണു വിമർശനത്തിന് ഇടയാക്കിയത്. വൈദ്യുതി വിതരണ സംവിധാനങ്ങളും മലിനജല നിർമാർജന സംവിധാനങ്ങളുമാണു പദ്ധതിയുടെ ഭാഗമായി സ്ഥിര നിർമിതികളെന്നു പറയാവുന്നത്. കടകളും ഇരിപ്പിടവുമെല്ലാം എടുത്തുമാറ്റാവുന്ന തരത്തിലാണു സജ്ജീകരിക്കുന്നത്.

വീണ്ടും ജീവൻ വയ്ക്കുന്നു
ആലപ്പുഴ ഈവനിങ് ഫുഡ് – ആർട് സ്ട്രീറ്റ് പദ്ധതിയുടെ നിർമാണം ഒരു മാസത്തിനുള്ളിൽ തുടങ്ങുമെന്നതാണ് ശുഭവാർത്ത. ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണു നഗരസഭയുടെ ശ്രമം.ആദ്യം തയാറാക്കിയ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താതെ വിട്ടുപോയവ കൂടി ഉൾപ്പെടുത്തി 9 ലക്ഷം രൂപ അധികമായി അനുവദിച്ചു.

ആദ്യ എസ്റ്റിമേറ്റ് പ്രകാരം നെറ്റ് സ്ട്രീറ്റിലേക്ക് ആകെ ഒരു വൈദ്യുതി കണക്‌ഷൻ ബോക്സാണ് ഉദ്ദേശിച്ചിരുന്നത്. ഓരോ കടയ്ക്കും ഓരോ കണക്‌ഷൻ ബോക്സ് ലഭിക്കുന്ന വിധം എസ്റ്റിമേറ്റ് പുതുക്കി. സൗകര്യങ്ങൾ ഒരുക്കാൻ കെഎസ്ഇബിക്കും ജല അതോറിറ്റിക്കും ജലവിഭവ വകുപ്പിനും അവരുടെ സേവനങ്ങൾക്കുള്ള തുക അടച്ചു പണികൾ തുടങ്ങാൻ നിർദേശം നൽകി.

English Summary:

Alappuzha's ambitious Food and Art Street project, promising a lively nightlife experience with food, art, and entertainment, faces delays and roadblocks despite initial enthusiasm. This article explores the project's features, challenges, and recent revival efforts, offering a glimpse into the future of Alappuzha's culinary and cultural scene.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com