വിദേശമദ്യക്കടത്ത് അറിഞ്ഞെത്തി; ബെംഗളൂരു–എരുമേലി ബസിൽ നിന്ന് പിടിച്ചത് 65 ലക്ഷം രൂപ
Mail This Article
പാലാ ∙ ബെംഗളൂരുവിൽനിന്നെത്തിയ ബസിൽനിന്ന്, രേഖകളില്ലാത്ത 65 ലക്ഷം രൂപയുമായി ഒരാൾ പിടിയിലായി. എരുമേലിയിൽ താമസിക്കുന്ന കട്ടപ്പന വരിശേരി മനോജ് മണി(40)യെയാണ് ഈരാറ്റുപേട്ട എക്സൈസ് പിടികൂടി പാലാ പൊലീസിനു കൈമാറിയത്. എരുമേലി, കോട്ടയം, പാലാ വഴി ബെംഗളൂരുവിലേക്കു സർവീസ് നടത്തുന്ന ബസിലാണു പണം കടത്തിയത്.
എരുമേലി സ്വദേശി ഷുക്കൂർ എന്നയാളിനു കൈമാറാനാണ് പണവുമായെത്തിയതെന്ന് ഇയാൾ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ലഹരിക്കടത്ത് കണ്ടെത്തുന്നതിന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെ ഇന്നലെ രാവിലെ 7.30ന് പാലാ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്ത് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്.
പ്രതിയെയും 42,48,500 രൂപയും പാലാ എസ്എച്ച്ഒയ്ക്കു കൈമാറി. പ്രിവന്റീവ് ഓഫിസർ സന്തോഷ് മൈക്കിൾ, ജസ്റ്റിൻ തോമസ്, പി.ആർ.പ്രസാദ്. സിവിൽ എക്സൈസ് ഓഫിസർ പാർവതി രാജേന്ദ്രൻ, ഡ്രൈവർ കെ.ജെ.സജി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പിന്നീട് എരുമേലിയിലെത്തിയ ബസ് അടുത്ത സർവീസിനു മുൻപ് വൃത്തിയാക്കാനായി ഗാരിജിൽ കയറ്റിയപ്പോൾ ബെർത്തിൽനിന്ന് പൊതിഞ്ഞു വച്ച നിലയിൽ ജീവനക്കാർ പണം കണ്ടെടുത്തു.
പാലായിൽനിന്ന് എക്‌സൈസ് സംഘം ഒരു കെട്ട് കണ്ടെടുത്തിരുന്നതിനാൽ ജീവനക്കാർ പൊൻകുന്നം എക്‌സൈസ് സ്റ്റേഷനിൽ ഈ വിവരം അറിയിക്കുകയായിരുന്നു. എക്‌സൈസ് സംഘം സ്ഥലത്തെത്തി പൊതി അഴിച്ചപ്പോഴാണ് 23 ലക്ഷം രൂപ കണ്ടെത്തിയത്. ഈ തുക പൊൻകുന്നം എസ്എച്ച്ഒയ്ക്കു കൈമാറി.