ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് കള്ള് വിറ്റു; 2 ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ
Mail This Article
ചേർത്തല ∙ സ്കൂൾ കുട്ടികൾക്കു കള്ള് വിറ്റതിനു 2 കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. കള്ളു കുടിച്ച് അത്യാസന്ന നിലയിലായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിലേക്കു മാറ്റി.
13ന് സ്കൂളിൽ ഓണാഘോഷത്തിനിടെയാണ് ഏഴാം ക്ലാസുകാരായ നാലു കുട്ടികൾ പള്ളിപ്പുറം പള്ളിച്ചന്ത ഭാഗത്തെ ഷാപ്പിൽ മദ്യപിക്കാനെത്തിയത്. ഇവർക്കു കള്ളു നൽകിയതിനു ഷാപ്പിലെ ജീവനക്കാരൻ മനോഹരൻ, മാനേജർ മോഹനൻ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ്.ശ്രീകുമാർ എന്നിവരെ മൂന്നു മുതൽ ആറുവരെ പ്രതികളാക്കി കേസെടുത്തു. അവശനിലയിലായ ഒരു കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.