നാട്ടിലെത്തിയത് മകളുടെ വിവാഹം ഉറപ്പിക്കാൻ, ഒപ്പം കൂട്ടി അന്ത്യയാത്ര; യാത്രാമൊഴി നൽകി നാട്
Mail This Article
ഹരിപ്പാട് ∙ സൗദിയിലെ മദീനയിൽ നിന്നെത്തിയ സത്താറിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു ഹരിപ്പാട് കെവി ജെട്ടി ജംക്‌ഷനു സമീപം നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് അപകടമുണ്ടായത്. സത്താറിന്റെ ഭാര്യ ഹസീന, മറ്റു മക്കളായ ഹർഷിദ്, അൽഫിദ, കാർ ഓടിച്ചിരുന്ന ഭാര്യാസഹോദരൻ അജീബ്, ബന്ധുക്കളായ സാലിഹ്, ആദിൽ എന്നിവർക്കു നിസ്സാര പരുക്കേറ്റു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
ഡ്രൈവറുടെ ഇടതുവശത്തായാണു സത്താർ ഇരുന്നത്. നേരെ പിറകിലെ സീറ്റിലായിരുന്നു ആലിയ. ലോറിയിലേക്ക് ഇടിച്ചുകയറിയ കാറിന്റെ ഇടതു ഭാഗം തകർന്നു. തലയോട്ടി തകർന്ന് ആലിയ സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്കു ഗുരുതര പരുക്കേറ്റാണു സത്താറിന്റെയും മരണം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കാഞ്ഞിപ്പുഴ കിഴക്ക് പള്ളിക്കുറ്റി മുഹ്മയദിൻ പള്ളിയിൽ കബറടക്കം നടത്തി. നിസ്സാര പരുക്കേറ്റ മറ്റുള്ളവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആലിയ കരുനാഗപ്പള്ളി വിദ്യാധിരാജ കോളജിൽ ബിഎ മലയാളം രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. സത്താറിനു മദീനയിൽ ഈന്തപ്പഴം ബിസിനസ് ആണ്.
നാട്ടിലെത്തിയത് മകളുടെ വിവാഹം ഉറപ്പിക്കാൻ
വള്ളിക്കുന്നം ∙ കൊല്ലം തേവലക്കര സ്വദേശിയുമായി മകൾ ആലിയയുടെ വിവാഹം ഉറപ്പിക്കുന്നതിനായാണു സത്താർ നാട്ടിലേക്ക് വന്നത്. പെണ്ണുകാണൽ ചടങ്ങ് സത്താർ നാട്ടിലെത്തും മുൻപു നടത്തിയിരുന്നു. അതിനുശേഷം വിവാഹം ഉറപ്പിക്കുന്നതിനായി വളയിടൽ ചടങ്ങിനുള്ള തീയതി തീരുമാനിക്കാനിരിക്കെയാണ് അപകടമുണ്ടായത്. സൗദിയിലെ മദീനയിൽ ഈന്തപ്പഴം ബിസിനസ് നടത്തുന്ന സത്താർ രണ്ടു വർഷം മുൻപാണു നാട്ടിൽ വന്നുപോയത്. ഓണവും നബിദിനവും പ്രമാണിച്ച് ഈ മാസം 14നു നാട്ടിലെത്തേണ്ടതായിരുന്നു സത്താർ. എന്നാൽ നാട്ടുകാരനായ ഉസ്താദിന്റെ ഉംറ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കുറച്ചുദിവസം കൂടി മദീനയിൽ തങ്ങുകയായിരുന്നു.
യാത്രാമൊഴി നൽകി നാട്
എപ്പോഴും ചിരിച്ച മുഖം, എല്ലാവരോടും സൗമ്യമായ പെരുമാറ്റം– സത്താറിനെക്കുറിച്ചു അയൽവാസികൾക്കും സുഹൃത്തുക്കൾക്കും പറയാനുള്ളതു നല്ലതു മാത്രം. അപ്രതീക്ഷിതമായുണ്ടായ വേർപാടിന്റെ ദുഃഖം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. സത്താറിനോടുള്ള അടുപ്പത്തിന്റെ നേർസാക്ഷ്യമായിരുന്നു വീട്ടിലെത്തിയ ജനക്കൂട്ടം.
വൈകുന്നേരം 5.30നു രണ്ടു ആംബുലൻസുകളിലായി മൃതദേഹം വീട്ടുമുറ്റത്ത് എത്തിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. മൃതദേഹം വീട്ടിലേക്ക് എടുത്തപ്പോഴേക്കും വീടും പരിസരവും ഉച്ചത്തിലുള്ള തേങ്ങലുകൾ കൊണ്ടു നിറഞ്ഞു. അപകടത്തിൽ മുഖത്തിനു സാരമായി പരുക്കേറ്റതിനാൽ സത്താറിനെയും ആലിയയെയും അവസാനമായി ഒരുനോക്കു കാണാൻ കഴിയില്ലെന്നറിഞ്ഞ ഉറ്റവരെ സമാധാനിപ്പിക്കാൻ ബന്ധുക്കൾ ഏറെ ബുദ്ധിമുട്ടി.
ഉറക്കമിളച്ചുള്ള യാത്ര
വള്ളികുന്നം ∙ സത്താറിന്റെ ബന്ധുവായ യുവാവായിരുന്നു നെടുമ്പാശേരിയിൽ നിന്നു വാഹനം ഓടിച്ചിരുന്നത്. എന്നാൽ ഉറക്കം വന്നതോടെ ഇയാളെ മാറ്റി സത്താറിന്റെ ഭാര്യാസഹോദരൻ അജീബ് ഡ്രൈവിങ് ഏറ്റെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സത്താറിനെ കൂട്ടാനായി എല്ലാവരും നെടുമ്പാശേരിയിലേക്കു തിരിച്ചത്.
സത്താറിനെ കൂട്ടി മടങ്ങവേ ആലപ്പുഴയ്ക്കു സമീപത്തെ പള്ളിയിൽ പ്രഭാത നമസ്കാരം നടത്തിയിരുന്നു. അതിനുശേഷം യാത്ര തുടർന്നപ്പോഴാണ് ഹരിപ്പാട് കെവി ജെട്ടി ജംക്‌ഷനു സമീപം അപകടമുണ്ടായത്. രാത്രി പൂർണമായി ഉറക്കമിളച്ചുള്ള യാത്രയാണ് അപകടത്തിൽ അവസാനിച്ചത്.