ADVERTISEMENT

കലവൂർ ∙ കൊച്ചി സ്വദേശി സുഭദ്ര(73)യെ കൊലപ്പെടുത്തിയതു തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചും പിന്നാലെ ഷാൾ ഉപയോഗിച്ചു കഴുത്തിൽ മുറുക്കിയും. കേസിലെ ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള(52), രണ്ടാംപ്രതി ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്(നിഥിൻ–35) എന്നിവരെ കൊലപാതകം നടന്ന കോർത്തുശേരിയിലെ വാടകവീട്ടിലെത്തിച്ചു തെളിവെടുക്കുമ്പോഴാണു ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. 

കൊച്ചി കരിത്തല റോഡ് സ്വദേശി ശിവകൃപയിൽ സുഭദ്രയെ കഴിഞ്ഞ ഓഗസ്റ്റ് 4 മുതൽ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു കോർത്തുശേരിയിൽ പ്രതികൾ താമസിക്കുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.തലയണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചപ്പോൾ സുഭദ്ര ചെറുത്തു. പിടിവലിക്കിടെ കട്ടിലിൽ നിന്നു താഴെ വീണു. അതോടെയാണു കഴുത്തിൽ ഷാൾ ഇട്ട് ഇരുവരും ചേർന്നു വലിച്ചത്. കമഴ്ന്നു കിടന്നിരുന്ന സുഭദ്രയുടെ മുതുകിൽ ചവിട്ടിനിന്നാണ് ഇതു ചെയ്തതെന്നും പ്രതികൾ പൊലീസിനോടു പറ‍ഞ്ഞു. 

 ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച തലയണ വീട്ടിൽ നിന്ന് 80 മീറ്റർ മാറിയുള്ള തോട്ടിൽ നിന്നു മാത്യൂസ് കണ്ടെടുത്തു കൊടുത്തു. ഇതിൽ രക്തക്കറയുണ്ട്. വീടിന്റെ അടുക്കളയ്ക്കു പിന്നിലായി സുഭദ്രയുടെ വസ്ത്രങ്ങൾ കത്തിച്ച സ്ഥലവും കൊലപാതകവും ജഡം കുഴിച്ചിട്ട രീതിയും പ്രതികൾ പൊലീസിനു കാണിച്ചുകൊടുത്തു.8 വരെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ഇവിടെ തെളിവെടുപ്പിനു കൊണ്ടുവന്നത്. 

തുടർന്ന് രാത്രിയോടെ കർണാടകയിൽ ഉ‍ഡുപ്പിയിലേക്കു കൊണ്ടുപോയി. കൊലപാതകത്തിനു ശേഷം ഉഡുപ്പിയിലേക്കു കടന്ന ഇവർ സുഭദ്രയുടെ സ്വർണാഭരണങ്ങൾ വിറ്റ കടയിലും തിരിച്ചെത്തി ഒളിവിൽ കഴിഞ്ഞ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും തെളിവെടുപ്പ് നടത്തും.      ഇരുവരുടെയും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മൂന്നാം പ്രതി റെയ്നോൾഡിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കൊലപാതകത്തിലെ കൂട്ടുപ്രതിയാണ് മാത്യൂസിന്റെ ബന്ധുവായ ഇയാൾ.

കോടതിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ബഹളം വച്ച ശർമിള ഇടയ്ക്കു കരയുകയും കുഴഞ്ഞു വീഴുന്നതായി ഭാവിക്കുകയും ചെയ്തിരുന്നു. എന്നാൽ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചപ്പോൾ നിർവികാരയായാണു കൊലപാതക വിവരങ്ങൾ വിശദീകരിച്ചത്.

കൊലപാതകം 3 പവനു വേണ്ടി!
കലവൂർ ∙ സുഭദ്ര ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കരസ്ഥമാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾ പ്രതീക്ഷിച്ചത്ര സ്വർണം പക്ഷേ ലഭിച്ചില്ല. ആകെ കിട്ടിയത് 3 പവൻ. അരപ്പവനിൽ താഴെ തൂക്കമുള്ള 4 വളകൾ, മൂക്കുത്തി, മോതിരം, മാല എന്നിവയാണു സുഭദ്ര ധരിച്ചിരുന്നത്. മാല മുക്കുപണ്ടമായിരുന്നു. 

സുഭദ്രയിൽ നിന്നു പ്രതികൾ പണം കടം വാങ്ങിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ഇല്ലെന്നാണു ഇവർ പറഞ്ഞതെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. വളരെക്കുറച്ചു സ്വർണത്തിനു വേണ്ടി മാത്രമാകില്ല കൊലപാതകമെന്ന് സംശയമുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നു പൊലീസ് പറയുന്നു. കോടതിയിൽ നിന്നു പുറത്തിറങ്ങവേ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു  മാധ്യമങ്ങളോടു പറഞ്ഞ ശർമിള, കോർത്തുശേരിയിൽ എത്തിച്ചപ്പോൾ നിശബ്ദയായിരുന്നു.  

ചായയിൽ ഉറക്കഗുളികകൾ കലക്കിയാണു സുഭദ്രയ്ക്കു നൽകിയതെന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു. എന്നാൽ ഇടയ്ക്കു ബോധംവീണ സുഭദ്ര തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നു മനസിലാക്കിയതോടെ ദേഷ്യപ്പെടുകയും പൊലീസിൽ അറിയിക്കുമെന്നും പറഞ്ഞു. ഹാളിലെ കട്ടിലിലാണു സുഭദ്ര കിടക്കാറുള്ളത്. കൊലപാതകം നടത്തിയതും ഇവിടെ വച്ചാണ്. തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള ശ്രമത്തിനിടെ തലയണയിൽ രക്തക്കറ പുരണ്ടു. രാത്രി മൃതദേഹം കുഴിച്ചിട്ട ശേഷം തലയണ വീടിനു സമീപത്തെ തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

സമീപത്തെ മറ്റൊരു തോട്ടിൽ മുത്തുമാല ഉപേക്ഷിച്ചതായി മാത്യൂസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. വാടകവീടിന്റെ അടുക്കള ഭാഗത്തു വടക്ക് പടിഞ്ഞാറ് മൂലയ്ക്കു സുഭദ്രയുടെ വസ്ത്രങ്ങൾ കത്തിച്ച ശേഷം അവശിഷ്ടങ്ങൾ കുഴിച്ചുമൂടിയ സ്ഥലവും പ്രതികൾ കാണിച്ചുകൊടുത്തു. ആദ്യം മാത്യൂസിനെയും പിന്നാലെ ശർമിളയെയും എത്തിച്ചാണു തെളിവെടുപ്പ് നടത്തിയത്.

നാടുവിടാൻ ആവശ്യപ്പെട്ടത് റെയ്നോൾഡ്
കലവൂർ ∙ കൊലപാതക ശേഷം പൊലീസ് തിരയുന്നുണ്ടെന്നും നാടുവിടാനും ശർമിളയോടും മാത്യൂസിനോടും ആവശ്യപ്പെട്ടതു മൂന്നാം പ്രതി കാട്ടൂർ പനേഴത്ത് റെയ്നോൾഡ്. ഓഗസ്റ്റ് 7നു പകലാണു കൊലപാതകം നടന്നത്. എന്നാൽ സുഭദ്രയുടെ തിരോധാനം അന്വേഷിച്ച കടവന്ത്ര പൊലീസ് ഫോൺ വിളിച്ചതോടെ ശർമിളയും മാത്യൂസും നാടുവിടുകയായിരുന്നു. ഇവർ സ്ഥിരമായി ബന്ധപ്പെട്ടിരുന്നതിനാൽ റെയ്നോൾഡിനെ പൊലീസ് കസ്റ്റഡിയിൽ നാലു ദിവസത്തോളം ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനാൽ വിട്ടു.

സുഭദ്രയിൽ നിന്നു കവർന്ന സ്വർണവുമായി ഉഡുപ്പിക്കു പോയ മാത്യൂസും ശർമിളയും 23നു തിരികെ കൊച്ചിയിലെത്തി. അടുത്ത ദിവസം റെയ്നോൾഡിനെ കാട്ടൂരിലെത്തി കണ്ടു. റെയ്നോൾഡാണു സംഗതി ഗുരുതരമാണെന്നും രക്ഷപ്പെടാനും നിർദേശം നൽകിയത്.അടുത്തയാഴ്ച റെയ്നോൾഡിനെയും തെളിവെടുപ്പിനു കോർത്തുശേരിയിൽ കൊണ്ടുവരും. കേസിലെ ഒന്നും രണ്ടും പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ തിരികെ കൊടുത്തതിനു ശേഷമാവും റെയ്നോൾഡിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ഉറക്കഗുളിക നൽകിയതുൾപ്പെടെയുള്ള ആസൂത്രണത്തിൽ റെയ്നോൾഡിനു പങ്കുണ്ട്. കൊലപാതകം സംബന്ധിച്ചു വിവരം ലഭിച്ചിട്ടും പൊലീസിനെ അറിയിക്കാതിരിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തു.

രോഷാകുലരായി നാട്ടുകാർ
കലവൂർ∙ സുഭദ്ര കൊലക്കേസിലെ ഒന്നാം പ്രതി ശർമിളയെ തെളിവെടുപ്പിനു കോർത്തുശേരിയിൽ എത്തിച്ചപ്പോൾ നാട്ടുകാർ എതിരേറ്റതു കൂക്കിവിളികളോടെ. റോഡിന്റെ ഇരുവശത്തുമായി കാത്തുനിന്ന നാട്ടുകാർ ഇവരെ കണ്ടതോടെ രോഷാകുലരായി. ദ്രുത കർമ സേനാംഗങ്ങളുൾപ്പെടെ വൻ പൊലീസ് സന്നാഹത്തോടെയാണു പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. ഡിവൈഎസ്പി എം.ആർ.മധുബാബു, സിഐ എം.കെ.രാജേഷ്, എസ്ഐ കെ.ആർ.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിനു നേതൃത്വം നൽകിയത്. സയന്റിഫിക് വിദഗ്ധരും ഉണ്ടായിരുന്നു.

English Summary:

This chilling article reports the murder of 73-year-old Subhadra from Kochi. The prime suspects, a couple, allegedly suffocated and strangled her before burying her body near their rented house in Kalaur. The motive appears to be robbery, though the amount of gold stolen was minimal. The article delves into the evidence collection process, public outrage, and the involvement of a third accomplice who aided the couple's escape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com