ഭക്തിയുടെ ഓളപ്പരപ്പിൽ തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ജലോത്സവം
Mail This Article
ചെങ്ങന്നൂർ∙ ഭക്തിയും ആചാരവും ഇഴചേർന്നു തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ജലോത്സവം കാഴ്ചവിരുന്നായി. ഗോശാലകൃഷ്ണ സേവാസംഘത്തിന്റെ നേതൃത്വത്തിൽ പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടന്ന ജലോത്സവത്തിലും ജലഘോഷയാത്രയിലും മഴുക്കീർ, പ്രയാർ, കീഴ്‌വൻമഴി, കടപ്ര പള്ളിയോടങ്ങൾ പങ്കെടുത്തു. നേരത്തെ തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ നിന്നു നെട്ടായത്തിലേക്കു കരകം, താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആനപ്പുറത്ത് ഭഗവാന്റെ തിടമ്പേറ്റി ഘോഷയാത്ര നടന്നു. തുടർന്നു നറുക്ക് ലഭിച്ച കീഴ്‌വൻമഴി പള്ളിയോടത്തിൽ തിടമ്പേറ്റി ജലഘോഷയാത്ര ആരംഭിച്ചു.
അടിച്ചിക്കാവ് കടവിൽ സ്വീകരണം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷമായിരുന്നു സൗഹൃദമത്സരം. മഴുക്കീർ പള്ളിയോടം ഗോശാലകൃഷ്ണ എവർറോളിങ് ട്രോഫി നേടി.തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സജൻ ഉദ്ഘാടനം ചെയ്തു. ജലോത്സവ കമ്മിറ്റി ചെയർമാൻ വി.വിമൽകുമാർ അധ്യക്ഷനായി. വത്സല മോഹൻ, ഫാ.സാബു ഐസക്ക്, സിസ്റ്റർ അനു, മനോജ്കുമാർ, കെ.എസ്.രാജൻ, എൽസി കോശി, ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി, മുരളീധരൻ ഹരിശ്രീ, മുരളി ആനക്കുഴിയിൽ, കെ.കെ.ജയരാമൻ എന്നിവർ പ്രസംഗിച്ചു.