ADVERTISEMENT

ഹരിപ്പാട്∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമികത്വത്തിലുള്ള ആയില്യം എഴുന്നള്ളത്തും ആയില്യം പൂജയും ഇന്നു നടക്കും. 2018നു ശേഷം ആദ്യമായാണ് വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജയും എഴുന്നള്ളത്തും നടക്കുന്നത്.

മൂന്നു പതിറ്റാണ്ടായി ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്ന മണ്ണാറശാല ഉമാദേവി അന്തർജനം 2023 ഓഗസ്റ്റ് 9ന് സമാധിയായതിനെ തുടർന്നു സാവിത്രി അന്തർജനം മണ്ണാറശാല വലിയമ്മയായി അഭിഷിക്തയായി. തുടർന്നു ഒരു വർഷത്തെ സംവത്സര ദീക്ഷ പൂർത്തിയാക്കിയ ശേഷമാണു സാവിത്രി അന്തർജനം പൂജകൾ ആരംഭിച്ചത്. 

 അതിനു ശേഷമുള്ള ആദ്യത്തെ കന്നി മാസത്തിലെ ആയില്യമാണ് ഇന്ന്.ഉമാദേവി അന്തർജനത്തിന്റെ അനാരോഗ്യം കാരണം മുൻവർഷങ്ങളിൽ ആയില്യം പൂജയും എഴുന്നള്ളത്തും നടന്നിരുന്നില്ല.ആയില്യത്തിന് നാഗദൈവങ്ങൾക്കൊപ്പം വലിയമ്മയുടെയും ചെറിയമ്മയുടെയും ഇല്ലത്തെ പരിവാരങ്ങളുടെയും എഴുന്നള്ളത്ത് ഭക്തർക്ക് ദർശന പുണ്യമാണ്. 

 ഇന്ന് ഉച്ചപ്പൂജ കഴിഞ്ഞ് ഇല്ലത്തെ നിലവറയ്ക്കു മുന്നിൽ വലിയമ്മയുടെ നേതൃത്വത്തിൽ നാഗക്കളമിടും. അതിനുശേഷം അമ്മ ശ്രീകോവിലിൽ പ്രവേശിച്ച് പൂജ നടത്തും. തുടർന്നു കാരണവർ കുത്തുവിളക്കിലേക്കു ദീപം പകരും. തുടർന്ന് എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേരുമ്പോൾ വലിയമ്മ ആയില്യം പൂജ ആരംഭിക്കും.

നിലവറയിലെ നാഗദൈവത്തിനുള്ള പൂജ കഴിഞ്ഞ ശേഷം കുടുംബ കാരണവർ തട്ടിൻമേൽനൂറും പാലും പൂജ കഴിക്കും.ആയില്യത്തിനു മുന്നോടിയായി ഇന്നലെ സന്ധ്യയ്ക്ക് ഇല്ലത്തു നിന്നു വലിയമ്മ ക്ഷേത്രത്തിലേക്കു ദർശനത്തിനായി പോകുന്ന ചടങ്ങ് നടന്നു. കന്നിമാസത്തിലെ ആയില്യത്തിനു ചടങ്ങുകൾ ഉണ്ടെങ്കിലും മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത് തുലാം മാസത്തിലെ ആയില്യമാണ്.

English Summary:

Experience the divine aura at the Mannarsala Nagaraja Temple in Haripad, Kerala, as the much-awaited Aayilyam Pooja and procession return after a four-year gap. Led by Valiamma Savitri Antharjanam, this grand event promises a spiritually enriching experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com