ADVERTISEMENT

മാവേലിക്കര ∙ മുനിസിപ്പൽ എൻജിനീയറെ മാറ്റാൻ നഗരസഭ കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കിയതിനു പിന്നാലെ പ്രമേയ അവതാരകന്റെ വാർഡിലെ റോഡ് നിർമാണം നിർത്തിച്ചതായി ആരോപണം. മാവേലിക്കര നഗരസഭയിൽ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ സജീവ് പ്രായിക്കര അവതാരകനായും കൗൺസിലർ അനി വർഗീസ് അനുവാദകനുമായി മുനിസിപ്പൽ എൻജിനീയർക്ക് എതിരെ പ്രമേയം അവതരിപ്പിച്ചത്. നഗരസഭയിലെ 2023-24 പദ്ധതിയിലെ പൊതുമരാമത്ത് ജോലികൾ കൃത്യസമയങ്ങളിൽ ടെൻഡർ ചെയ്യാത്തതിനാൽ വിവിധ വാർഡുകളിൽ ജോലികൾ നടന്നില്ല, ആരോഗ്യ പരിപാലന കേന്ദ്രം സ്ഥാപിക്കൽ അട്ടിമറിക്കപ്പെട്ടു. 1.48 കോടി രൂപയുടെ ജോലികൾ മുനിസിപ്പൽ എൻജിനീയർ ഒ.സിന്ധുവിന്റെ നിരുത്തരവാദപരമായ നിലപാട് മൂലം സ്പിൽ ഓവർ ആയതിനാൽ ഉദ്യോഗസ്ഥയെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നായിരുന്നു പ്രമേയം.

കൗൺസിലിൽ ഹാജരായ കോൺഗ്രസ്, സിപിഎം, ബിജെപി പ്രതിനിധികൾ തങ്ങളുടെ വാദങ്ങൾ ഉന്നയിച്ച ശേഷം പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം പാസാക്കിയതോടെ നടപടിക്കായി നഗരകാര്യ ജോയിന്റ് ഡയറക്ടർ മുഖേന സർക്കാരിലേക്ക് അയയ്ക്കാനും തീരുമാനിച്ചു കൗൺസിൽ പിരിഞ്ഞു. ഇതിനു പിന്നാലെ സജീവ് പ്രായിക്കര സ്വന്തം വാർഡിൽ എത്തിയപ്പോഴാണു കരാറുകാരൻ റോഡ് നവീകരണ ജോലികൾ നിർത്തിവച്ചു പോകുന്നതായി കണ്ടത്.ജോലി ചെയ്താൽ പണം ലഭിക്കില്ലെന്നു നഗരസഭയിലെ ഉദ്യോഗസ്ഥരെത്തി പറഞ്ഞതിനാലാണു മടങ്ങുന്നതെന്നു കരാറുകാരൻ കൗൺസിലറെ അറിയിച്ചു. നഗരസഭ സെക്രട്ടറി ഇക്കാര്യം അന്വേഷിച്ചതിനു പിന്നാലെ മുനിസിപ്പൽ എൻജിനീയർ അവധിയിൽ പോയതായാണു സൂചന.

English Summary:

A Mavelikkara Municipal Council meeting witnessed heated debate as a resolution was passed demanding the removal of Municipal Engineer O. Sindhu. The resolution, presented by Sajeev Prayikara, alleges corruption, delays in public works, and sabotage of the health care center establishment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com