ADVERTISEMENT

ആലപ്പുഴ ∙ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദിച്ചതു സംബന്ധിച്ച കേസ് 17ന് കോടതി പരിഗണിക്കുമ്പോൾ പൊലീസ് റിപ്പോർട്ടിനെതിരെ തടസ്സ ഹർജി നൽകുമെന്നു പരാതിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസ്. ഗൺമാനും മറ്റു സുരക്ഷാ ജീവനക്കാരും ചേർന്നു മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കും. അജയ്‌ക്കും കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ എ.ഡി.തോമസിനുമാണു മർദനമേറ്റത്.

പ്രതിഷേധക്കാർ മുഖ്യമന്ത്രി സഞ്ചരിച്ച ബസ് തടഞ്ഞ് അദ്ദേഹം ഇരുന്ന ഭാഗത്തു ബസിൽ അടിച്ചെന്നും അക്രമം തടയാൻ തങ്ങൾ ലോക്കൽ പൊലീസിനെ സഹായിച്ചതാണെന്നുമാണു മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ മൊഴി നൽകിയത്. ഇതു പൂർണമായും കളവാണെന്നു വിഡിയോയിൽ വ്യക്തമാണ്– അജയ് പറഞ്ഞു. ടിവി ചാനലുകളിലൂടെ അന്ന് എല്ലാവരും ഇതു കണ്ടതിനാലാണു ദൃശ്യങ്ങൾ പരിശോധനയ്ക്കു കിട്ടിയില്ലെന്നു ക്രൈംബ്രാഞ്ച് പറയുന്നത്. വിഡിയോ കോടതിയിലെത്തുമ്പോൾ ഈ വാദം പൊളിയുമെന്നും അജയ് പറഞ്ഞു. 

ഡിസംബർ 15നു നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ പ്രതിഷേധിച്ചവർക്കാണ് അടിയേറ്റത്. കേസിൽ ദൃശ്യങ്ങൾ കിട്ടിയില്ലെന്ന പേരിൽ പ്രതികൾക്കു ക്ലീൻ ചിറ്റ് നൽകി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനിൽരാജ് കഴിഞ്ഞദിവസം ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടു ടിവി ചാനലുകൾ നൽകിയില്ലെന്ന പൊലീസിന്റെ വാദവും ശരിയല്ലെന്നാണു വിവരം. ദൃശ്യങ്ങൾ ആവശ്യപ്പെട്ടു നോട്ടിസ് അയയ്ക്കുമെന്നു പൊലീസ് പറഞ്ഞിരുന്നെങ്കിലും ആർക്കും നോട്ടിസ് ലഭിച്ചില്ലെന്നു ദൃശ്യമാധ്യമ പ്രവർത്തകർ പറയുന്നു.

ആക്രമിച്ചെന്ന് ഗൺമാൻ, ദൃശ്യങ്ങൾ അതിനു വിരുദ്ധം
മുഖ്യമന്ത്രിയുടെ ജീവന് അപകടമുണ്ടാക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നു പ്രതിയായ ഗൺമാൻ അനിൽകുമാറിന്റെ മൊഴി. ബസിനു നേരെ അവർ കല്ലും കമ്പും ചെരിപ്പും വലിച്ചെറിഞ്ഞു, ബസിനു മുന്നിൽ ചാടി. അക്രമികളെ കീഴടക്കാൻ താനും മറ്റു സുരക്ഷാ ജീവനക്കാരും ലോക്കൽ പൊലീസിനെ സഹായിച്ചു. ഇവർ പൊലീസിനെതിരെ അക്രമം തുടർന്നപ്പോഴാണു തങ്ങൾ ലാത്തി വീശിയതെന്നും ക്രൈംബ്രാഞ്ചിനു മൊഴി നൽകിയതായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. രണ്ടാം പ്രതി സന്ദീപും സമാനമായ മൊഴിയാണു നൽകിയത്.

എന്നാൽ, ബസിനു സമീപത്തു കൂടി മുദ്രാവാക്യം വിളിച്ചു നീങ്ങിയ പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ മാറ്റിനിർത്തുന്നതും അപ്പോൾ ബസിന്റെ അകമ്പടി വാഹനത്തിൽ നിന്നു ചാടിയിറങ്ങി ഗൺമാനും സംഘവും നീളമേറിയ ലാത്തികൊണ്ട് ഇവരുടെ തലയ്ക്കടിക്കുന്നതും മറ്റുമാണു പ്രചരിച്ച ദൃശ്യങ്ങളിലുള്ളത്. ബസിൽ അടിക്കുന്നതോ എന്തെങ്കിലും വലിച്ചെറിയുന്നതോ കാണാനില്ല. ലോക്കൽ പൊലീസ് പിടിച്ചു മാറ്റുമ്പോൾ ചെറുക്കുന്നതും കാണുന്നില്ല.  മർദനമേറ്റവർ നൽകിയ പരാതി ആദ്യം പൊലീസ് തള്ളിയിരുന്നു. അവരുടെ പരാതിയിൽ കോടതി നിർദേശം നൽകിയപ്പോഴാണു പിന്നീട് കേസെടുത്തത്.  

പൊലീസ് അടിമക്കൂട്ടമായി: വി.ഡി.സതീശൻ
കണ്ണൂർ ∙ കേരളത്തിലെ പൊലീസ് അടിമക്കൂട്ടമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പിണറായി ഭരണത്തിൽ കേരളത്തിൽ നീതിയും ന്യായവുമില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. ആലപ്പുഴയിൽ നവകേരള സദസ്സ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് –കെഎസ്​യു പ്രവർത്തകരെ ഗൺമാൻ തല്ലിയത് എല്ലാവരും കണ്ടതാണ്. എന്നിട്ടും കേസിൽ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്.

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെയാണ് ഗൺമാൻ ക്രൂരമായി മർദിച്ചത്. ഗൺമാൻ മർദിക്കുന്നത് കേരള ജനത മുഴുവൻ കണ്ടിട്ടും കേസന്വേഷിച്ച പൊലീസ് കണ്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. നീതിയും ന്യായവും ഇല്ലെന്നാണ് ഇത് കാണിക്കുന്നത്. പൊലീസിനെ നിർവീര്യമാക്കി. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തൽസ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണ് റിപ്പോർട്ടിനു പിന്നിൽ. ഇതിനെതിരായി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

തീയതി പോലും തെറ്റിച്ച് എഫ്ഐആർ
ആലപ്പുഴ ∙ സംഭവം നടന്ന തീയതി പോലും തെറ്റിച്ചായിരുന്നു പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ട്. എഫ്ഐആറിലെ കുറ്റച്ചുരുക്കത്തിൽ, സംഭവം നടന്നതു 2023 ഡിസംബർ 5നാണ് എന്നായിരുന്നു ആദ്യം. പിന്നീടു 15 എന്നു തിരുത്തി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.പ്രതികൾക്കെതിരെ ആദ്യം ചുമത്തിയ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 325ാം വകുപ്പ് (സ്വമേധയാ ഗുരുതരമായ പരുക്കേൽപിക്കൽ) പിന്നീട് ഒഴിവാക്കി.എന്നാൽ, 34ാം വകുപ്പ് (ഒരേ ഉദ്ദേശ്യത്തോടെ ഒന്നിലേറെപ്പേർ നടത്തുന്ന കുറ്റകൃത്യം) ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.മർദനമേറ്റവരുടെ പരാതി ആദ്യം പൊലീസ് തള്ളിയതാണ്. അവർ കോടതിയെ സമീപിച്ചതിനെത്തുടർന്നാണു കേസെടുക്കാൻ പൊലീസ് തയാറായത്.

പൊലീസ് റിപ്പോർട്ട് പരിഹാസ്യം: യൂത്ത് കോൺഗ്രസ്
ആലപ്പുഴ ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ എ.ഡി.തോമസിനെയും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ മർദിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് പരിഹാസ്യമാണെന്നു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു രാഷ്ട്രീയ അന്ധതയുള്ളതിനാലാണ് എല്ലാ മാധ്യമങ്ങളും പ്രചരിപ്പിച്ച ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന വിചിത്ര വാദം.

വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പലതവണ കൈമാറാൻ യൂത്ത് കോൺഗ്രസ്‌ തയാറായപ്പോൾ സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥർ സിപിഎമ്മിന്റെ രാഷ്ട്രീയ അടിമകളായി. തെളിവുകൾ കോടതിയിൽ നൽകാനും വ്യാജ റിപ്പോർട്ട്‌ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സരുൺ റോയി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷാഹുൽ ജെ.പുതിയപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റേനു തോമസ്, മുഹമ്മദ്‌ ആഷിക്ക് ആശാൻ, സെയ്ഫുദ്ദീൻ, അരുൺ സാബു, ജോൺ വിക്ടർ തുടങ്ങിയവർ പ്രസംഗിച്ചു.

‘‘പൊലീസിനു കിട്ടാത്ത മർദന ദൃശ്യങ്ങൾ ഡിജിപിക്കും ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ഒരു വാഴയുടെ കൈവശമായതിനാൽ ഈ ദൃശ്യങ്ങൾ ഞങ്ങൾ സൂക്ഷിച്ചുവച്ചിരുന്നു. രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ കണ്ണുകളിൽ ഈ ദൃശ്യങ്ങൾ പതിയുന്നില്ലെങ്കിൽ, കാണിക്കാൻ യൂത്ത് കോൺഗ്രസിനു നന്നായി അറിയാം.’’

കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച കേസിൽ നിയമനടപടികളുമായി കോൺഗ്രസ് ശക്തമായി മുന്നോട്ടു പോകും.  മർദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ വ്യാപകമായി പുറത്തു വന്നെങ്കിലും പൊലീസും ക്രൈംബ്രാഞ്ചും നടപടിയെടുക്കാൻ മടിച്ചു. ആദ്യത്തെ പരാതി പൊലീസ് തള്ളിയതാണ്. മാധ്യമപ്രവർത്തകർ ഉൾപ്പെടെ സാക്ഷികളായ സംഭവത്തിനു തെളിവില്ലെന്ന പേരിൽ റിപ്പോർട്ട് നൽകിയതു കേരളത്തിലെ പൊലീസ് സംവിധാനത്തിനു കളങ്കമാണ്.

English Summary:

Youth Congress State Secretary and complainant in the Alappuzha assault case, Ajay Jewel Kuriakose, plans to file an objection petition against the police report. He alleges the report misrepresents the incident where he and KSU District President A.D. Thomas were assaulted, claiming the Chief Minister's gunman led the attack. Video evidence will be submitted to the court on the 17th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com