ADVERTISEMENT

ആലപ്പുഴ∙ കോടികൾ ചെലവഴിച്ച കൈതവന സർക്കാർ ക്വാർട്ടേഴ്സിലെ ഫ്ലാറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചിട്ട് അഞ്ച് വർഷം പിന്നിടുന്നു. നിർമാണ പ്രവർത്തനങ്ങൾ നിലച്ചതോടെ പ്രദേശം കാടുമൂടി ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും താവളമായി.  ഇവിടെ താമസിക്കുന്ന കുടുംബങ്ങളും ഇതോടെ ഭീതിയിലാണ്. ജി.സുധാകരൻ പൊതുമരാമത്ത്   മന്ത്രിയായിരുന്ന കാലത്താണ് സർക്കാർ ക്വാർട്ടേഴ്സിൽ ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്ന്  ഫ്ലാറ്റുകളുടെ നിർമാണം തുടങ്ങിയത്. ഇതിൽ രണ്ട് ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാവുകയും അത് ജീവനക്കാർക്ക് കുടുംബ സമേതം താമസിക്കാൻ അഞ്ച് വർഷം മുൻപ് തുറന്നു നൽകുകയും ചെയ്തു.

 മൂന്ന് നിലകളുള്ള മൂന്നാമത്തെ ഫ്ലാറ്റിന്റെ രണ്ട് നിലകളുടെ നിർമാണവും ഏകദേശം പൂർത്തിയായിരുന്നു. മൂന്നാം നിലയുടെ നിർമാണം പുരോഗമിക്കുന്നതിനിടെ ഈ മൂന്നു ഫ്ലാറ്റുകളുടെയും നിർമാണം ഏറ്റെടുത്ത  കരാറുകാരൻ മരിച്ചതാണ് നിർമാണ പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണമായത്. ഇത് റീടെൻഡർ നൽകി പുതിയ  കരാറുകാരനെ  നിയമിക്കുന്നതിനോ നിർമാണം പൂർത്തീകരിച്ച് തുറന്നു നൽകുന്നതിനോ പൊതുമരാമത്ത് വിഭാഗം നടപടിയെടുത്തില്ല. ക്വാർട്ടേഴ്സിന് ആവശ്യമുന്നയിച്ച് ജീവനക്കാരുടെ  ഒട്ടേറെ അപേക്ഷകളാണ് കലക്ടറേറ്റിലെ പൊതുമരാമത്ത് ബിൽഡിങ്സ് വിഭാഗത്തിൽ എത്തുന്നത്.

ഇവിടെയുള്ള പഴയ ക്വാർട്ടേഴ്സുകൾ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച്  നവീകരിച്ചിരുന്നു. ഈ ക്വാർട്ടേഴ്സുകളും അപേക്ഷകർക്ക് തുറന്നു നൽകാതെ അടച്ചിട്ടിരിക്കുകയാണ്. നീണ്ടകാലം ആരും തിരിഞ്ഞു നോക്കാതായതോടെ പ്രദേശം കാടു മൂടുകയും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറുകയും ചെയ്തു. ഫ്ലാറ്റിനോട് ചേർന്നുള്ള മതിലിനു ഉയരം കുറവായതിനാൽ ഇതിലൂടെ മാലിന്യം കൊണ്ടുവന്ന് കാട് മൂടിയ സ്ഥലങ്ങളിൽ തള്ളുന്നുണ്ട്. ക്വാർട്ടേഴ്സിന്റെ പ്രവേശന കവാടത്തിലുണ്ടായിരുന്ന ബോർഡ് വാഹനം ഇടിച്ചു നശിച്ചതിനു ശേഷം ഇതുവരെ പുനഃസ്ഥാപിച്ചിട്ടുമില്ല. 

English Summary:

Five years of neglect have turned the unfinished Kaithavana Government Quarters flat project in Alappuzha into a public safety hazard. The stalled construction, funded by crores of rupees, has become a breeding ground for reptiles and stray dogs, causing fear and frustration among nearby residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com