റേഷൻ മസ്റ്ററിങ് മൂന്നു ദിവസം കൂടി; ഇനി മസ്റ്ററിങ് ചെയ്യാനുള്ളത് 2,25,904 പേർ
Mail This Article
ആലപ്പുഴ∙ മഞ്ഞ, പിങ്ക് റേഷൻകാർഡുകാർക്കുള്ള ഇ കെവൈസി മസ്റ്ററിങ് ചെയ്യാൻ മൂന്നു ദിവസം കൂടി മാത്രം. 2,25,904 പേരാണ് ഇനി മസ്റ്ററിങ് ചെയ്യാനുള്ളത്. എട്ടു വരെ റേഷൻകടകൾ വഴി മസ്റ്ററിങ് നടത്താമെന്നു ജില്ലാ സപ്ലൈ ഓഫിസർ പറഞ്ഞു. ജില്ലയിൽ മഞ്ഞ, പിങ്ക് കാർഡുകളിലായി ആകെ 11,38,864 പേരാണു മസ്റ്ററിങ് ചെയ്യാനുള്ളത്. ഇതിൽ 9,12,960 പേരും മസ്റ്ററിങ് ചെയ്തു. മറ്റു സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾക്ക് ഐഎംപിഡിഎസ് എന്ന സംവിധാനം ഉപയോഗിച്ച് ഇ കെവൈസി അപ്ഡേഷൻ നടത്താം.
8ന് ഉള്ളിൽ മസ്റ്ററിങ് ചെയ്യാത്തവരുടെ റേഷൻ വിഹിതം അടുത്ത മാസം മുതൽ കുറച്ചേക്കും. മരിച്ചവരുടെ പേരിലും മറ്റും അനധികൃതമായി റേഷൻ കൈപ്പറ്റുന്നതു തടയാനാണ് ആധാർ അധിഷ്ഠിത മസ്റ്ററിങ് നടത്തുന്നത്. അതേസമയം ചിലരുടെ വിരലടയാളം ഇ പോസ് യന്ത്രം എടുക്കുന്നില്ലെന്നു പരാതി ഉയരുന്നുണ്ട്. പൊതുവിതരണ വകുപ്പിന്റെ ഐടി വിഭാഗം ഇതു പരിഹരിച്ചു നൽകുന്നുണ്ടെങ്കിലും ചിലരുടേതു ശരിയാകുന്നില്ലെന്നു റേഷൻ വ്യാപാരികൾ പറയുന്നു. കിടപ്പുരോഗികളുടെയും ഭിന്നശേഷിക്കാരുടെയുമാണു വിരലടയാളം പതിക്കാൻ ഏറെ ബുദ്ധിമുട്ട്. ഐറിസ് സ്കാനർ ഉണ്ടെങ്കിൽ വേഗത്തിൽ മസ്റ്ററിങ് പൂർത്തിയാക്കാമെന്നാണു റേഷൻ വ്യാപാരികൾ പറയുന്നത്.