ADVERTISEMENT

ആലപ്പുഴ ∙ ബെംഗളൂരുവിലെ നഴ്സിങ് കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു മലയാളി വിദ്യാർഥിക്കു റിക്രൂട്ടിങ് ഏജന്റുമാരിൽ നിന്നു ക്രൂരപീഡനം. മാവേലിക്കര തഴക്കര മാങ്കാംകുഴി പുത്തൻപുരയിൽ എസ്.ആദിലി(19)നാണു മർദനമേറ്റത്. 2 മലയാളികൾ ഉൾപ്പെട്ട സംഘം മർദിച്ച് അവശനാക്കിയ ശേഷം നഗ്നചിത്രങ്ങളെടുത്തെന്നും ലഹരിവസ്തുക്കൾ വിൽക്കാറുണ്ടെന്നു മുദ്രപ്പത്രത്തിൽ എഴുതി വാങ്ങിയെന്നും ലഹരിക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ആദിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. ബെംഗളൂരു ജിഗനിയിൽ സുശ്രുത നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയാണ് ആദിൽ.

മലപ്പുറം നിലമ്പൂർ സ്വദേശി അർജുൻ നിലമ്പൂർ, പത്തനംതിട്ട തെക്കേമല സ്വദേശി റെജി ഇമ്മാനുവൽ എന്നിവർ ചേർന്നു മർദിച്ചെന്നാണു പരാതി. ഉത്തരേന്ത്യയിൽ നിന്നുള്ള ഏജന്റും ഒപ്പമുണ്ടായിരുന്നു. അർജുൻ യുവമോർച്ചയുടെ നിലമ്പൂരിലെ നേതാവാണ്. റാന്നിയിൽ ഇമ്മാനുവൽ എജ്യുക്കേഷനൽ കൺസൽറ്റൻസി നടത്തുന്ന റെജി ബെംഗളൂരുവിൽ സ്ഥിരതാമസമാണ്. ചെന്നിത്തല കാരാഴ്മ സ്വദേശിയായ ഏജന്റ് വഴിയാണ് ആദിലിനു സുശ്രുത കോളജിൽ സീറ്റ് മേടിച്ചതെന്നു പിതാവ് മാങ്കാംകുഴി പുത്തൻപുരയിൽ എം.ഷിജി പറഞ്ഞു. ആദ്യ സെമസ്റ്റർ പരീക്ഷയെഴുതാൻ മറ്റൊരു കോളജിലേക്കു കൊണ്ടുപോയി. 

അംഗീകാരമില്ലാത്ത ആ കോളജിന്റെ പേരിലായിരുന്നു അഡ്മിഷൻ എടുത്തിരുന്നത്. ഈ തട്ടിപ്പിന്റെ കാര്യം ആദിൽ പലരോടും പറഞ്ഞിരുന്നു. മറ്റു ചില നഴ്സിങ് കോളജുകളിൽ മലയാളി വിദ്യാർഥികൾക്ക് അഡ്മിഷൻ എടുത്തു കൊടുക്കുകയും ചെയ്തു. തുടർന്നാണ് ഏജന്റുമാർ പൂട്ടിയിട്ടു മർദിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. രക്ഷപ്പെട്ട് ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിയ ആദിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലം സ്വദേശിയായ വിദ്യാർഥിക്കും മർദനമേറ്റെങ്കിലും ഇയാൾ പരാതിപ്പെട്ടിട്ടില്ലെന്നാണു വിവരം.

ദിവസം മുഴുവൻ കെട്ടിയിട്ടു മർദിച്ചു
ആലപ്പുഴ∙ ഒരു ദിവസം മുഴുവൻ നീണ്ട പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരവുമായി ബെംഗളൂരുവിലെ നഴ്സിങ് വിദ്യാർഥി മാവേലിക്കര തഴക്കര മാങ്കാംകുഴി പുത്തൻപുരയിൽ എസ്.ആദിൽ (19). നഴ്സിങ് കോളജുകളിലേക്ക് അഡ്മിഷൻ എടുത്തു കൊടുക്കുന്ന ഏജന്റുമാരാണു ചിലർക്കു സീറ്റ് സംഘടിപ്പിച്ചു കൊടുത്തതിന്റെ പേരിൽ ആദിലിനെ ക്രൂരമായി ഭേദ്യം ചെയ്തത്. ആദിൽ വിവരിക്കുന്നത് ഇങ്ങനെ: 3ന് ഉച്ചയ്ക്കു 2.30ന് പത്തനംതിട്ട തെക്കേമല സ്വദേശി റെജി ഇമ്മാനുവലും നിലമ്പൂർ‍ സ്വദേശി അർജുനും അവരുടെ ഓഫിസിലേക്കു വിളിപ്പിച്ചു. അകത്തു കയറ്റി വാതിലടച്ച ശേഷം കയ്യും കാലും കെട്ടിയിട്ടു. ഇവർ മുൻപു പലരെയും മർദിച്ച ദൃശ്യങ്ങൾ ഫോണിൽ കാണിച്ച ശേഷം ഏതു മോഡൽ വേണമെന്ന് ചോദിച്ചു.

തുടർന്നു വടി കൊണ്ടു കാൽപാദങ്ങളിൽ അടിച്ചു. പാട് കാണാതിരിക്കാൻ നിലത്തു വെള്ളമൊഴിച്ച് അതിൽ ചാടാൻ ആവശ്യപ്പെട്ടു. തുടർന്നു കയ്യിൽ തുണിചുറ്റി മുതുകത്ത് ഇടിച്ചു. രാത്രി 8 വരെ ഇതു തുടർന്നു. പിന്നീട് ആഹാരം നൽകിയ ശേഷം അവരുടെ താമസസ്ഥലത്തു കൊണ്ടുപോയി അടച്ചിട്ടു. 4ന് ഉച്ചയ്ക്ക് 3നു ശേഷമാണു പുറത്തുവിട്ടത്. മർദന വിവരം പുറത്തു പറഞ്ഞാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി.

അർജുന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു വാങ്ങിയ മുദ്രപ്പത്രത്തിലും കോളജ് ലെറ്റർഹെഡിലും താൻ ലഹരിമരുന്നു വിൽക്കാറുണ്ടെന്ന് എഴുതി വാങ്ങിച്ചു. ഹോസ്റ്റലിലെത്തിയ ഉടൻ സുഹൃത്തിന്റെ ഫോണിൽ നിന്നു വീട്ടിലേക്കു വിളിച്ചു. തുടർന്നു കന്യാകുമാരി എക്സ്പ്രസിൽ രാത്രി നാട്ടിലേക്കു തിരിക്കുകയായിരുന്നു.ആദിലിന്റെ സുഹൃത്തുക്കൾ പറഞ്ഞതു പ്രകാരം ബെംഗളൂരുവിലെ മറ്റൊരു കോളജിലെ എജ്യുക്കേഷൻ ഏജന്റായ ചുനക്കര സ്വദേശി രാഹുൽ വഴിയാണു തങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞതെന്ന് ആദിലിന്റെ മാതാപിതാക്കൾ പറയുന്നു.

തർക്കം കോളജ് അഡ്മിഷനെച്ചൊല്ലി
ബെംഗളൂരുവിലെ ചില കോളജുകളിൽ വിദ്യാർഥികൾക്ക് ആദിൽ അഡ്മിഷൻ സംഘടിപ്പിച്ചു കൊടുത്ത് കമ്മിഷൻ വാങ്ങിയതാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. പരാതിയിൽ പറയുന്ന റെജിയും അർജുനും ഇങ്ങനെ കമ്മിഷൻ വാങ്ങിയിരുന്നവരാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ബെംഗളൂരുവിൽ പഠിക്കാനെത്തിയ ആദിൽ ഉൾപ്പെടെയുള്ളവരോടു കൂടുതൽ കുട്ടികളെ എത്തിച്ചാൽ പണം നൽകാമെന്നു റെജിയും അർജുനും പറഞ്ഞിരുന്നു. എന്നാൽ കോളജിന്റെ അഫിലിയേഷൻ പ്രശ്നത്തിലായതോടെ ആദിൽ ഏതാനും വിദ്യാർഥികൾക്കു സമീപത്തെ കോളജുകളിൽ അഡ്മിഷൻ എടുത്തു കൊടുത്തു. ഇതറിഞ്ഞതോടെയാണ് ഇവർ ആദിലിനെതിരെ തിരിഞ്ഞത്. ഇത്തരം സംഭവങ്ങൾ ബെംഗളൂരുവിൽ സ്ഥിരമാണെന്നു പൊലീസ് പറയുന്നു.

കോളജും തട്ടിപ്പ്
സുശ്രുത കോളജിലെത്തി കുറെ നാൾ കഴിഞ്ഞപ്പോഴാണ് ആദിൽ ഉൾപ്പെടെയുള്ളവർ പരീക്ഷാകേന്ദ്രം 200 കിലോമീറ്റർ അകലെ പൂർണപ്രജ്ന എന്ന കോളജിലാണ് എന്നറിയുന്നത്. ഈ കോളജിന്റെ പേരിലായിരുന്നു ഇവരുടെ അഡ്മിഷൻ. 60 പേർക്കു മാത്രം സീറ്റുള്ള സുശ്രുതയിൽ 400ലേറെ വിദ്യാർഥികൾ പല കോളജുകളുടെ അഡ്മിഷനിൽ പഠിക്കുന്നുണ്ടായിരുന്നു. കോളജ് ചെയർമാനോ പ്രിൻസിപ്പലോ കോളജിലേക്ക് എത്താറില്ല. ജിഗനിയിലെ സുശ്രുത കോളജിന് അംഗീകാരമുണ്ടെങ്കിലും പൂർണപ്രജ്ഞയ്ക്ക് അംഗീകാരമില്ല. നാലു വർഷത്തെ പഠനത്തിന് 6.60 ലക്ഷം രൂപയാണു ഫീസ് പറഞ്ഞിരുന്നതെങ്കിലും ഇതിനകം തന്നെ ഏഴു ലക്ഷത്തോളം രൂപ ചെലവായി. പലർക്കും ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ കഴിയാത്ത സ്ഥിതി വരുന്നുണ്ടെന്നും ആദിൽ പറഞ്ഞു.

English Summary:

A young man from Kerala seeking nursing admission in Bengaluru fell victim to a horrifying scam. Brutally assaulted, forced to pose for nude photos, and coerced into signing a false confession, his story exposes the dark underbelly of education recruitment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com