എക്സൈസ് വകുപ്പിന്റെ പതാക ഹിമാലയത്തിന്റെ നെറുകയിൽ
Mail This Article
ആലപ്പുഴ ∙ ദുർഘടമായ വഴികളും പ്രതികൂലമായ കാലാവസ്ഥയും മറികടന്നെത്തിയ എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും പതാക ഹിമാലയത്തിൽ ഇനി പാറിപ്പറക്കും. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) കെ.ജി. ഓംകാർനാഥാണ് ഹിമാലയത്തിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും കൊടി നാട്ടിയത്.
പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ ഉത്തരകാശിയിലുള്ള നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനറിങ്ങിൽ നിന്ന് ബേസിക് കോഴ്സും തുടർന്ന് 28 ദിവസത്തെ അഡ്വാൻസ് മൗണ്ടനറിങ് കോഴ്സും പൂർത്തിയാക്കിയാണ് ഓംകാർ നാഥ് ഹിമാലയം കീഴടക്കാനെത്തിയത്. 10 പേർ ഉണ്ടായിരുന്ന ടീമിൽ ഓംകാർനാഥ് ഉൾപ്പെടെ 2 പേർക്കു മാത്രമാണ് ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത്. ഹിമാചൽ പ്രദേശിലെ ഫ്രണ്ട്ഷിപ് പീക്ക് പീർ പഞ്ചലിലാണ് (5289 മീറ്റർ ഉയരത്തിൽ) കൊടി നാട്ടിയത്. ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ. ജയരാജിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ പതാകയാണ് ഓംകാർനാഥ് ഇവിടെ നാട്ടിയത്.