ADVERTISEMENT

കുട്ടനാട്∙ ആലപ്പുഴ– ചങ്ങനാശേരി (എസി റോഡ്) റോഡിൽ അപകടങ്ങൾ പെരുകി. 
അശാസ്ത്രീയമായ റോഡ് നിർമാണവും വെളിച്ചക്കുറവുമാണ് അപകടത്തിനു കാരണമെന്നു നാട്ടുകാർ ആരോപിച്ചു. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് തുടരുന്ന അപകടത്തിനു കാരണം. റോഡിന്റെ ഇരുവശത്തും ഓടയുണ്ടെങ്കിലും റോഡിലെ വെള്ളം ഒഴുകിപ്പോകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.  ഓടയിലേക്കുള്ള  ചാലുകൾ ഇലകളും മണ്ണും വന്ന് അടയുന്നതാണു റോഡിലെ വെള്ളക്കെട്ടിനു കാരണം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ റോഡിന്റെ പല ഭാഗത്തും കനത്ത വെള്ളക്കെട്ടായി. 

 ഞായറാഴ്ച പുലർച്ചെ പള്ളിക്കൂട്ടുമ്മ ഭാഗത്തു ഒരേസമയം 2 അപകടങ്ങളുണ്ടായി. റോഡിലെ വെള്ളക്കെട്ടിൽ തെന്നിയിറങ്ങി നിയന്ത്രണം വിട്ട കാർ ഓടയുടെ മുകളിലൂടെ കടന്നു പള്ളിക്കൂട്ടുമ്മ ഫാത്തിമാ മാതാ പള്ളിയുടെ മതിലിൽ ഇടിച്ചാണു നിന്നത്. കാർ പൂർണമായി തകർന്നെങ്കിലും യാത്രക്കാർ നേരിയ പരുക്കുകളോടെ രക്ഷപെട്ടു.  കോഴഞ്ചേരിയിൽ‍‍‍‍‍‍ നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോയ കാറിൽ 3 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അപകടമുണ്ടായ ഇവിടെ നിന്നു 50 മീറ്റർ മാറി മറ്റൊരു കാർ നിയന്ത്രണം തെറ്റി സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു നിന്നു. ഇവിടെയും വെള്ളക്കെട്ടാണ് അപകട കാരണമെന്നാണു രാമങ്കരി പൊലീസിന്റെ പ്രാഥമിക നിഗമനം. മഴ പെയ്താൽ സമാനരീതിയിൽ റോഡിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്.  വെളിച്ചക്കുറവും വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങളുടെ ആക്കം കൂട്ടുന്നു. പ്രധാന ജംക്‌ഷനുകളിൽ മുൻപ് ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോലും നിലവിൽ  പ്രകാശിക്കുന്നില്ല. അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു വെളളക്കെട്ടു നീക്കാനും റോഡിൽ വെളിച്ചം ലഭ്യമാക്കാനും വേഗനിയന്ത്രണത്തിനും സംവിധാനം ഒരുക്കണം.

English Summary:

The Alappuzha-Changanassery Road is witnessing a surge in accidents, raising concerns about road safety. Waterlogging caused by blocked drains, coupled with unscientific road design and inadequate lighting, are being blamed for the increase in mishaps. Locals urge authorities to address these issues promptly to prevent further accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com