ADVERTISEMENT

കരിപ്പുഴ ∙ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ നിർമാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു മന്ത്രി സജി ചെറിയാന്റെ ഉറപ്പ്. നിലവിലുള്ള റോ‍ഡിന്റെ വീതി കുറയുന്നതു സംബന്ധിച്ചു പ്രദേശവാസികൾ ഉയർത്തിയ ആശങ്ക ശ്രദ്ധയിൽപെട്ട മന്ത്രി ഇന്നലെ സ്ഥലം സന്ദർശിച്ചു. നാട്ടുകാർ ചൂണ്ടിക്കാട്ടിയ പ്രശ്നം പരിഹരിക്കുന്നതിനു പാലത്തിന്റെ ഫുട്പാത്ത് ഒഴിവാക്കി 5 മീറ്റർ വീതി ലഭിക്കുന്ന രീതിയിൽ നിലവിലെ കമ്പികൾ മുറിച്ചു മാറ്റാൻ മന്ത്രി നിർദേശിച്ചു. പാലത്തിൽ ഫുട്പാത്ത് അവസാനിപ്പിക്കുന്ന ഭാഗത്തു താഴേക്കു പടികൾ നിർമിച്ചു ക്രമപ്പെടുത്തും.

കീച്ചേരിക്കടവിൽ നിർമിക്കുന്ന പാലത്തിലേക്കുള്ള പുതിയ റോഡിന്റെ നിർമാണം മൂലം ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട സ്ഥലത്തു റോഡിന് ഇരുവശവും താമസിക്കുന്നവർ ഉപയോഗിക്കുന്ന റോഡിന്റെ വീതി കുറഞ്ഞെന്നാണു പരാതി ഉയരുന്നത്. അശാസ്ത്രീയമായ നിർമാണം മൂലം ചെട്ടികുളങ്ങര പഞ്ചായത്തിലെ 150 കുടുംബങ്ങളും തോണ്ടലി മരത്തേരി പാടശേഖരത്തിലെ കർഷകരും യാത്രക്കാരും ദുരിതത്തിലായിരുന്നു. 

നിലവിലെ റോഡിന്റെ മധ്യത്തിൽ നിന്നാണു വീതിയുള്ള പാലം ആരംഭിക്കുന്നത്. ഇതിനാൽ നിലവിലെ റോഡ് ഇടുങ്ങിയ അവസ്ഥയിലാണ്. പാലം നിർമാണം തുടങ്ങുന്നതിനു മുൻപ് ആംബുലൻസ്, ടോറസ്, ട്രാക്ടർ ഉൾപ്പെടെ വലിയ വാഹനങ്ങൾ അച്ചൻകോവിലാറിന്റെ വശത്തു കൂടിയുള്ള റോഡിലൂടെ പോകുമായിരുന്നു. ഇപ്പോൾ അതിനു സാധിക്കുന്നില്ല എന്നാണു നാട്ടുകാരുടെ പരാതി. ഇതിനാണു മന്ത്രി ഇടപെട്ടു പരിഹാരം നിർദേശിച്ചത്.  പാലം പൂർത്തീകരിക്കുന്നതിന് അനുസരിച്ചു പാലത്തിലേക്കുള്ള റോ‍ഡിന്റെ നിർമാണവും നടത്തും. ഡിസൈനിൽ വന്ന മാറ്റം അനുസരിച്ചു ചീഫ് എൻജിനീയറുടെ അനുമതി ലഭ്യമാക്കി നിർമാണം പുനരാരംഭിക്കാൻ മന്ത്രി നിർദേശിച്ചു.

English Summary:

Minister Saji Cherian addresses concerns over road narrowing during the construction of Keecherikadavu Bridge connecting Chettikulangara and Chennithala. Find out the proposed solutions and project updates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com