ADVERTISEMENT

ആലപ്പുഴ ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ ഇറങ്ങിയേക്കുമെന്നു സൂചന. ചാംപ്യൻസ് ബോട്ട് ലീഗ് നടത്തുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനത്തിനിടെ പറഞ്ഞിരുന്നു. തുടർന്നു രണ്ടാഴ്ച പിന്നിട്ടിട്ടും സിബിഎൽ നടത്തുന്നതു സംബന്ധിച്ചു വ്യക്തത വന്നിരുന്നില്ല. വള്ളംകളി മത്സരങ്ങൾ നടത്തുന്നതിന് ആവശ്യത്തിനുള്ള പണം ലഭ്യമല്ലെന്നതും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ വള്ളംകളി നടത്താനുള്ള നടപടികളുമായി വിനോദ സഞ്ചാര വകുപ്പ് മുന്നോട്ടു പോകുകയാണ്. സിബിഎൽ നടത്താനുള്ള സർക്കാർ തീരുമാനം ഉത്തരവായി ഉടനെത്തും. തുടർന്നാകും വള്ളംകളികളുടെ തീയതിയും വേദിയും ഉൾപ്പെടെ തീരുമാനിക്കുക.

സിബിഎലിന്റെ ഭാഗമായി വള്ളംകളി നടക്കുന്ന കോട്ടപ്പുറം, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ചേലക്കര നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്. അതിനാൽ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഇവിടത്തെ വള്ളംകളിയുടെ തീയതി പ്രഖ്യാപിക്കാനോ വള്ളംകളി നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനോ ആകില്ല. നവംബറിൽ സിബിഎൽ ആരംഭിക്കണമെങ്കിൽ അടുത്തയാഴ്ചയെങ്കിലും തയാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ടെൻഡറുകൾ വിളിച്ചു വേദി തയാറാക്കുകയും വേണം. സ്പോൺസർമാർ വഴി സിബിഎൽ നടത്തിപ്പിനുള്ള പണം കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.

നെഹ്റു ട്രോഫി മത്സരഫലം: ഹൈക്കോടതിയിൽ ഹർജി
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിലെ ചുണ്ടൻ വിഭാഗം മത്സരഫലം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു രണ്ടും മൂന്നും സ്ഥാനക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഇവർ നൽകിയ പരാതികൾ ജൂറി ഓഫ് അപ്പീൽ തള്ളിയതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്. ഫൈനൽ മത്സരത്തിൽ ഒരേപോലെ ഫിനിഷ് ചെയ്തിട്ടും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചെന്നാണു രണ്ടാം സ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് (വിബിസി) കൈനകരിയുടെ പരാതി.

സ്റ്റാർട്ടിങ് പോയിന്റിലെ അപാകതമൂലം ട്രോഫി നഷ്ടപ്പെട്ടെന്നാണു മൂന്നാം സ്ഥാനം നേടിയ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ (കെടിബിസി) പരാതി.  കലക്ടർക്കും ജൂറി ഓഫ് അപ്പീലിനും നൽകിയ പരാതികൾ തള്ളിയതായി കഴിഞ്ഞദിവസം രേഖാമൂലം അറിയിപ്പ് ലഭിച്ചതോടെയാണ് ക്ലബ്ബുകൾ കോടതിയെ സമീപിച്ചത്. സെപ്റ്റംബർ 28നു നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ 0.005 സെക്കൻഡ് വ്യത്യാസത്തിലാണു ‌കാരിച്ചാൽ ചുണ്ടൻ (4.29.785) കിരീടം നേടിയത്. 

English Summary:

The Champions Boat League (CBL) in Alappuzha, Kerala is expected to commence soon with the government order anticipated within a week. However, the dates and venues remain undecided. Meanwhile, the recent Nehru Trophy Boat Race results have been contested in the High Court by the second and third-place finishers, adding to the anticipation and drama surrounding the upcoming CBL.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com